pyppottal

വിതുര: വിതുര, തൊളിക്കോട് പ്രദേശങ്ങളിലെ ജനങ്ങൾക്ക് കുടിവെള്ളം ഇന്ന് കിട്ടാക്കനിയായിട്ട് ദിവസങ്ങളായി. എന്നാൽ പ്രദേശത്തെ റോഡ് ജല സമൃദ്ധവുമാണ്. റോഡിലൂടെ പൈപ്പ് വെള്ളം ഒഴുകുന്നത് ഇവിടെ പതിവ് കാഴ്ചയാണ്. എന്നാൽ പൊട്ടുന്ന പൈപ്പ് യഥാസമയം നന്നാക്കാത്തതുമൂലം മിക്ക റോഡുകളും തോടിന് തുല്യമാണ്. എന്നാൽ വൻതോതിൽ കുടിവെള്ളം റോഡിലൂടെ ഒഴുകിയിട്ടും അധികൃതർക്ക് അനക്കമില്ലെന്നാണ് പൊതുവായ പരാതി. ജനങ്ങളുടെ ദാഹം തീർക്കാൻ വാമനപുരം നദിയിൽ നിന്നു പമ്പ് ചെയ്യുന്ന ലക്ഷക്കണക്കിന് വെള്ളമാണ് റോഡിലൂടെ ഇത്തരത്തിൽ പാഴാകുന്നത്. ഇതോടെ പഞ്ചായത്തുകളിലെ മിക്ക ടാപ്പുകളും നോക്കുകുത്തിയായി മാറിക്കഴിഞ്ഞു.

വിതുര പഞ്ചായത്തിലെ പ്രമുഖ ജംഗ്ഷനായ കലുങ്ക് ജംഗ്ഷന് സമീപം നാലിടത്താണ് പൈപ്പ് പൊട്ടി ഒഴുകുന്നത്. ഇൗ മേഖലയിൽ പൈപ്പ് ജലം കാഴ്ച വസ്തുവായി മാറി.

വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ ശുദ്ധജല പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈനുകൾ സ്ഥാപിച്ചിട്ട് അര നൂറ്റാണ്ടോളമായി. ഇതിന് ശേഷം നൂറുകണക്കിന് ഗാർഹിക കണക്ഷനുകൾ നൽകി. അനവധി തവണ പൈപ്പുകൾ വെട്ടിപ്പൊളിച്ചു. എന്നാൽ ഓരോ തവണയും കണക്ഷനുകൾ അധികം നൽകുമ്പോഴും പഴയ പൈപ്പ് ലൈനിൽ പണികൾ ഒന്നും നടത്താറില്ല. വെള്ളം ശക്തമായി പൈപ്പിലൂടെ കടത്തിവിടുമ്പോൾ പല സ്ഥലങ്ങളിലും പൈപ്പ് പൊട്ടുന്നത് പതിവാണ്. പരാതികൾക്കൊടുവിൽ പൈപ്പ് നന്നാക്കുമ്പോൾ മറ്റൊരിടം പൊട്ടും.

പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനായി ആവിഷ്കരിച്ച ശുദ്ധജല പദ്ധതിയുടെ ഭാഗമായി പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിച്ചെങ്കിലും പദ്ധതി ഇതുവരെ കമ്മിഷൻ ചെയ്തിട്ടില്ല.