sriram-venkitaraman

തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും കോടതിയിൽ ഹാജരായില്ല. കോടതിയിൽ ക്രെെംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ച ശേഷമുളള ആദ്യ സമൻസിലാണ് ഇരുവരും ഹാജരാകാതിരുന്നത്. ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിച്ചത്. കോടതിയിൽ ഹാജരാകാതിരുന്ന പ്രതികൾക്കായി അഭിഭാഷകർ അവധി അപേക്ഷ നൽകി. കുറ്റപത്രത്തിന്റെ പകർപ്പ് ഇരു പ്രതികൾക്കും വേണ്ടി അഭിഭാഷകർ കോടതിയിൽ നിന്ന് ഏറ്റുവാങ്ങി. കേസ് വീണ്ടും പരിഗണിക്കുന്ന ഏപ്രിൽ 16 ന് ഇരുവരും ഹാജരാകണമെന്ന് കോടതി നിർദ്ദേശമുണ്ട്.