തിരുവനന്തപുരം: കോൺഗ്രസ് ഉൾപ്പെടെയുള്ള ഘടകകക്ഷികളിലെ ഉൾപ്പോര് സൃഷ്ടിക്കുന്ന അസ്വസ്ഥതകൾക്കിടെ, യു.ഡി.എഫ് നേതൃയോഗം ഇന്ന് ചേരും.
കഴിഞ്ഞ രാഷ്ട്രീയ കാര്യസമിതി യോഗത്തിന് ശേഷം കോൺഗ്രസ് നേതാക്കൾക്കിടയിൽ ശീതസമരം മുറുകിയിരിക്കുന്ന പശ്ചാത്തലത്തിൽ, മുന്നറിയിപ്പുമായി ഇന്നലെ മുസ്ലിംലീഗ് രംഗത്തെത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും നേരിൽക്കണ്ട ലീഗ് അഖിലേന്ത്യാ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഈ രീതിയിൽ മുന്നോട്ട് പോകാനാവില്ലെന്ന മുന്നറിയിപ്പ് നൽകി. കേരള കോൺഗ്രസ് ഗ്രൂപ്പുകളുടെ സ്ഥിതി അതിലും പരിതാപകരമാണ്. മാണിഗ്രൂപ്പിൽ ജോസ്, ജോസഫ് വിഭാഗങ്ങൾ പോരടിച്ച് നിൽക്കുന്നതിന് പിന്നാലെ ജേക്കബ് ഗ്രൂപ്പും പിളർന്നത് മുന്നണിക്ക് മറ്റൊരു തലവേദനയായി. വീരേന്ദ്രകുമാർ വിഭാഗം ഇടതിലേക്ക് പോയപ്പോൾ യു.ഡി.എഫിൽ തുടർന്ന ജനതാദൾ-യുവിലും രണ്ട് ചേരികൾ രൂപപ്പെട്ടതാണ് ഒടുവിലത്തെ പിളർപ്പ്. .
,തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണിയെ ശക്തിപ്പെടുത്തേണ്ട ഘട്ടത്തിൽ പോരടിക്കാനാണെങ്കിൽ മുന്നണി യോഗം ചേരേണ്ടതില്ലെന്ന് കോൺഗ്രസ് നേതാക്കളോട് കുഞ്ഞാലിക്കുട്ടി കടുപ്പിച്ച് പറഞ്ഞു. . എന്നാൽ, ലീഗിനകത്തും അത്ര പന്തിയല്ല കാര്യങ്ങളെന്നാണ് മറ്റ് ഘടകകക്ഷികളുടെ വാദം.
ഇന്ന് രാവിലെ പത്തിന് കന്റോൺമെന്റ് ഹൗസിൽ ചേരുന്ന യോഗത്തിന്റെ മുഖ്യ അജൻഡ സി.എ.ജി റിപ്പോർട്ട് ആയുധമാക്കി സർക്കാരിനെതിരായ പ്രക്ഷോഭമാണെങ്കിലും, മുന്നണിക്കകത്തെ തർക്കത്തിലേക്ക് ചർച്ച വഴി മാറാം.. കേരള കോൺഗ്രസ് തമ്മിലടി കുട്ടനാട് സീറ്റിനെ ബാധിക്കരുതെന്ന മുന്നറിയിപ്പ് നേതൃത്വം നൽകും. തോമസ് ചാണ്ടിയില്ലാത്ത കുട്ടനാട്ടിൽ ജയിക്കാമെന്ന കണക്കുകൂട്ടൽ യു.ഡി.എഫ് നേതൃത്വത്തിനുണ്ടെങ്കിലും ജോസ്, ജോസഫ് തർക്കം വില്ലനാവുമെന്നാണ് ആശങ്ക. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തം. ഘടകകക്ഷിയുടെ സീറ്റ് എടുക്കുന്നത് മറ്റ് വ്യാഖ്യാനങ്ങൾക്ക് വഴിയൊരുക്കുമെന്ന വാദവുമുണ്ട്. ഉപതിരഞ്ഞെടുപ്പിൽ സീറ്റ് ഏറ്റെടുക്കുകയും വരുന്ന നിയമസഭാതിരഞ്ഞെടുപ്പിൽ തർക്കമവസാനിപ്പിച്ചാൽ കൈമാറുകയും ചെയ്യാമെന്ന അഭിപ്രായത്തിന് മേൽക്കൈയുണ്ട്. എന്നാൽ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ജോസ്, ജോസഫ് പക്ഷങ്ങൾ.
ഏത് നിമിഷവും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്നിരിക്കെ, തർക്കത്തിൽ ഉടനെ തീർപ്പ് അനിവാര്യമാണ്.. മാണിഗ്രൂപ്പിലെ ഇരുവിഭാഗങ്ങളെയും ബോദ്ധ്യപ്പെടുത്തി കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുന്നതിന് പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിൽ സമിതിയുണ്ടാക്കാനും സാദ്ധ്യതയുണ്ട്.
കുഞ്ഞുപാർട്ടിയായ ജേക്കബ് ഗ്രൂപ്പിൽ അനൂപ് ജേക്കബും ജോണിനെല്ലൂരും വേർപിരിഞ്ഞതും ചർച്ചയാവും. ഈ പാർട്ടിയെ പിളർപ്പിലേക്കെത്തിച്ചത് ജോസഫാണെന്ന വികാരവുമുണ്ട്. പാർട്ടി വിട്ട ജോണി നെല്ലൂരിനെ യു.ഡി.എഫിലെ പാർട്ടി പ്രതിനിധി, മുന്നണി സെക്രട്ടറി സ്ഥാനങ്ങളിൽ നിന്ന് മാറ്റണമെന്ന് അനൂപ് ആവശ്യപ്പെടും. ജോണിയും നിലപാട് വിശദീകരിക്കും.