വിതുര: വെള്ളനാട് ചെറ്റച്ചൽ സ്പെഷ്യൽ പാക്കേജ് റോഡരികിൽ വിതുര ചാരുപാറ എം.ജി.എം പൊണമുടിവാലി പബ്ലിക് സ്കൂളന് മുന്നിൽ നിൽക്കുന്ന രണ്ട് കൂറ്റൻ ആഞ്ഞിലി മരങ്ങൾ, അതിൽ നിറയെ തേനീച്ച കൂടുകളും. ഈ മരത്തിലെ എണ്ണമറ്റ തേനീച്ച കൂടുകൾ നാട്ടുകാർക്ക് ഭീഷണിയായിട്ട് കാലങ്ങളായി. ഇവ നീക്കം ചെയ്യാണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് നൽകിയിട്ടുണ്ടെങ്കിലും നടപടി നീളുകയാണ്. ഇതിനിടയിൽ കഴിഞ്ഞ ദിവസം തേനീച്ചക്കൂട്ടം ഇളകി സമീപത്തെ നാല്‌പേരെ കുത്തി. പേരയത്തുപാറ സ്വദേശി ഷാജി, ചാരുപാറ സ്വദേശി സുരേഷ്, ചായം സ്വദേശി അനിൽ, ചേന്നൻപാറ സ്വദേശി രാജു എന്നിവർക്കാണ് തേനീച്ചകളുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇവർ വിതുര ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പേരയത്തുപാറ നിവാസികൾക്കും സമീപത്തെ സ്കൂൾ വിദ്യാർത്ഥികൾക്കും തേനീച്ചകൂട്ടം ഭീഷണിയാകുമെന്ന് കാണിച്ച് കേരളകൗമുദി കഴിഞ്ഞ 5ന് വാർത്ത നൽകിയിരുന്നു.

രണ്ട് മരത്തിലുമായി അൻപതിൽപ്പരം കൂടുകൾ ഇപ്പോൾ തന്നെ ഉണ്ട്. ഇത് കൂടാതെ തൊട്ടടുത്ത മൂന്നാമത്തെ മരത്തിലേക്കും തേനീച്ചകൾ കൂടുകൂട്ടാൻ തുടങ്ങയിതോടെ നാട്ടുകാരുടെ ഭീതി കൂട്ടുകയാണ്. ശക്തമായ കാറ്റ് അടിക്കുകയോ പക്ഷികൾ തട്ടുകയോ ചെയ്താൽ ഇവ കൂട്ടത്തോടെ ഇളകും. പിന്നെ കണ്ണിൽകണ്ടവരെയല്ലാം ഓടിച്ചിട്ട് കുത്തുകയാണ്.

കഴിഞ്ഞ വർഷം വിതുരയിൽ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു. പൊൻമുടി നെടുമങ്ങാട് സംസ്ഥാനപാതയിൽ ആനപ്പാറ ചിറ്റാർ ജംഗ്ഷനിൽ നിന്ന കൂറ്റൻ മുള്ളിലവ് മരത്തിൽ ചേക്കേറിയ തേനീച്ചയുടെ ആക്രമണത്തിൽ സമീപവാസിയായ ഗൃഹനാഥൻ മരിച്ചിരുന്നു. തുടർന്ന് വിതുര പഞ്ചായത്തിന്റെ നേതൃത്വത്തിൽ തേനീച്ചകളെ നശിപ്പിക്കുകയും, മരം മുറിച്ചു മാറ്റുകയും ചെയ്തു. ഈ സമയത്തും പേരയത്തുപാറയിൽ ധാരാളം തേനീച്ചക്കൂടുകൾ ഉണ്ടായിരുന്നു. അന്ന് തേനീച്ചകളെ നശിപ്പിച്ച് പ്രശ്നത്തിന് പരിഹാരം കാണാമെന്ന് അധികൃതർ പറഞ്ഞെങ്കിലും നടപടിഉണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്.