uppuvellamkayari

മുടപുരം: നല്ലവിളവ് പ്രതീഷിച്ച് വിളവെടുക്കാൻ കാത്തിരുന്ന കർഷകരെ ദുരിതത്തിലാക്കി പാടത്ത് ഉപ്പുവെള്ളം കയറി കൃഷി നശിച്ചു. കിഴുവിലം പഞ്ചായത്തിലെ മുടപുരം, അഴൂർ പഞ്ചായത്തിലെ ചേമ്പുംമൂല എന്നീ പാടശേഖരങ്ങളിലാണ് മൂന്ന് ഹെക്ടർ നെൽകൃഷി നശിച്ചത്. ഇതിലൂടെ നെല്ലും വക്കോലും നശിച്ചത് വഴി 2 ലക്ഷം രൂപയുടെ നഷ്ടം കർഷകർക്ക് ഉണ്ടായി. മുക്കോണി തോടിന്റെ ഇരുവശങ്ങളിലുമായിട്ടാണ് രണ്ട് നെൽപ്പാടങ്ങളും സ്ഥിതി ചെയ്യുന്നത്. വിളവെടുക്കുവാൻ പാകത്തിലായ നെൽകൃഷിയാണ് ഉപ്പുവെള്ളം കയറി നശിച്ചത്. കൊയ്തെടുക്കാൻ പോലും കഴിയാതെ കൃഷി നശിച്ചു. ഉപ്പുവെള്ളം കയറി നെൽകൃഷി നശിക്കാൻ തുടങ്ങിയിട്ട് അനേക വർഷങ്ങളായി. അതുവഴി ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് പതിവായി ഉണ്ടായികൊണ്ടിരിക്കുന്നത്. ഇതിനെതിരെ വർഷങ്ങളായി കർഷകർ പ്രതിഷേധിക്കുകയും മുറവിളികൂട്ടുകയും ചെയ്യുന്നതിനാൽ ചിറയിൻകീഴ് പഞ്ചായത്ത് കഴിഞ്ഞവർഷം 4 ലക്ഷം രൂപ ചെലവഴിച്ച് മഞ്ചാടിമൂട്ടിലെ ആറ്റിൽ ഷട്ടർ നിർമ്മിച്ചു. അതിൽ ആശ്വസിച്ചാണ് കർഷകർ ഇക്കുറി കൂടുതൽ സ്ഥലത്ത് നെൽകൃഷി ചെയ്തത്.

ഷട്ടറിലൂടെയുള്ള ജലഗതാഗതം നിയന്ത്രിക്കുന്നതിന് ചുമതലപ്പെടുത്തിയ ആൾ അനധികൃതമായി ഷട്ടർ തുറന്നു വച്ചാണ് നെൽപ്പാടത്തേക്ക് ഉപ്പുവെള്ളം കയറി കൃഷി നശിച്ചതെന്ന് കർഷകർ പരാതിപ്പെടുന്നു. മുടപുരം ഏലായിൽ 11 ഹെക്ടറും ചേമ്പുംമൂല ഏലായിൽ മൂന്നര ഹെക്ടറിലുമാണ് ഇപ്പോൾ നെൽകൃഷി ചെയ്തത്.