തിരുവനന്തപുരം: അടുത്ത മാസം എട്ടിന് ചേരാനിരുന്ന രാഷ്ട്രീയകാര്യ സമിതി യോഗം വേണ്ടെന്ന് വച്ച കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, തൊട്ടുപിന്നാലെ 11ന് കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും സംയുക്ത യോഗം വിളിച്ചു.. കെ.പി.സി.സി മുൻ അദ്ധ്യക്ഷന്മാരെ ഈ യോഗത്തിലേക്കും ക്ഷണിച്ചിട്ടില്ല.
രാഷ്ട്രീയകാര്യസമിതി ചേരണമെങ്കിൽ ഇനി ഹൈക്കമാൻഡ് പറയട്ടെയെന്ന കടുത്ത നിലപാടിലായിരുന്ന മുല്ലപ്പള്ളി, ഇന്നലെ ലീഗ് നേതൃത്വം ഇടപെട്ടതോടെ നിലപാട് മയപ്പെടുത്തി. രാഷ്ട്രീയകാര്യസമിതി പാടേ ഉപേക്ഷിക്കുന്നില്ലെന്ന സൂചന അദ്ദേഹം ലീഗ് നേതൃത്വത്തിന് നൽകി.. നയരൂപീകരണസമിതിയിൽ ചർച്ച നടന്നതിൽ തെറ്റില്ലെങ്കിലും അത് ദുരുദ്ദേശ്യത്തോടെ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകി അധിക്ഷേപിക്കാൻ ശ്രമിച്ചെന്ന പരാതിയാണ് അദ്ദേഹത്തിന്. രാഷ്ട്രീയകാര്യസമിതിയെ തനിക്കെതിരായ നീക്കത്തിന് ഗ്രൂപ്പുകൾ ആയുധമാക്കിയെന്ന തോന്നലിലാണ് അദ്ദേഹം പരാതിയുമായി ഹൈക്കമാൻഡിനെ സമീപിച്ചതും. ഗ്രൂപ്പ് നേതൃത്വങ്ങൾ മുല്ലപ്പള്ളിയുടെ ഈ നീക്കത്തിൽ കടുത്ത അമർഷത്തിലായതോടെ കോൺഗ്രസിൽ തർക്കം മൂത്തു.ഈ സാഹചര്യത്തിലാണ് ഇന്നലെ പി.കെ. കുഞ്ഞാലിക്കുട്ടി മുല്ലപ്പള്ളിയെയും ചെന്നിത്തലയെയും കണ്ടത്. രാഷ്ട്രീയകാര്യസമിതി ഒഴിവാക്കാനുള്ള മുല്ലപ്പള്ളിയുടെ നീക്കത്തിനെതിരെ ഗ്രൂപ്പ് നേതാക്കളും ഹൈക്കമാൻഡിനെ സമീപിക്കാനുള്ള നീക്കത്തിലായിരുന്നു.
വി.എം. സുധീരൻ കെ.പി.സി.സി പ്രസിഡന്റായിരിക്കെ നടന്നത് പോലുള്ള സംഭവങ്ങളാണിപ്പോൾ കോൺഗ്രസിൽ. ഗ്രൂപ്പുകൾക്ക് മുന്നിൽ വഴങ്ങിക്കൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് മുല്ലപ്പള്ളിയെങ്കിലും തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ കുഴപ്പത്തിന് താനില്ലെന്ന നിലപാടിലേക്ക് ഇന്നലെ അദ്ദേഹം മാറി.
അതേസമയം, രാഷ്ട്രീയകാര്യസമിതിയെ ഏകപക്ഷീയമായി പ്രസിഡന്റിന് വേണ്ടെന്ന് വയ്ക്കാനാവില്ലെന്നാണ് മറുപക്ഷത്തെ നേതാക്കൾ വാദിക്കുന്നത്. സമിതിയെ ഹൈക്കമാൻഡ് നിയമിച്ചതാണ്. ഇതുവരെ പിരിച്ചുവിട്ടിട്ടുമില്ല. പിന്നെങ്ങനെ പ്രസിഡന്റിന് അതിനെ അവഗണിക്കാനാവുമെന്ന ചോദ്യമാണവരുടേത്.കഴിഞ്ഞ രാഷ്ട്രീയകാര്യസമിതിയിൽ നടന്ന ചർച്ചകളെ പോസിറ്റീവായി സ്വീകരിക്കുന്നുവെന്ന് മുല്ലപ്പള്ളി തന്നെ യോഗത്തിലും പിന്നീട് വാർത്താസമ്മേളനത്തിലും വ്യക്തമാക്കിയതാണ്..മാർച്ച് എട്ടിന് രാഷ്ട്രീയകാര്യസമിതി വീണ്ടും ചേരാമെന്ന് യോഗത്തിലറിയിച്ചതും പ്രസിഡന്റാണ്. എന്നിട്ടദ്ദേഹം അതുപേക്ഷിക്കുന്നത് ഏകാധിപത്യ സമീപനമാണെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വാദം.