help

കിളിമാനൂർ: സഹപാഠിയുടെ പിതാവിന് കരൾ രോഗമായതിനാൽ സ്കൂളിൽ നിന്ന് ചികിത്സയ്ക്കായി ഫണ്ട് ശേഖരിക്കുന്നതായി അദ്ധ്യാപകരിൽ നിന്നറിഞ്ഞ കുരുന്നുകൾ തങ്ങളുടെ കൈ വശമുണ്ടായിരുന്ന നാണയങ്ങളുമായി സ്കൂളിലെത്തി.വാർത്തയറിഞ്ഞ പൊതുജനങ്ങളും ഇവർക്കൊപ്പം ചേർന്ന് ശേഖരിച്ച അരലക്ഷത്തിലേറെ രൂപ യുവാവിന് കൈമാറി.

കിളിമാനൂർ ഗവ.എൽ.പി.എസിലെ രണ്ടാം ക്ലാസുകാരി വൈഗയുടെയും നാലാം ക്ലാസുകാരൻ വൈഷ്ണവിന്റെയും അച്ഛൻ കൃഷ്ണൻ മോഹൻ ഇരുകിഡ്നികളും തകരാറിലായി ചികിത്സയിലാണ്. ഒരു സെന്റ് ഭൂമി പോലും സ്വന്തമായില്ലാതെ വാടക വീട്ടിൽ കഴിയുന്ന കൃഷ്ണമോഹൻ ആഴ്ചയിൽ രണ്ടുതവണയുള്ള ഡയാലിസിസിന് പണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു.

സ്കൂളിൽ നടത്തിയ ധനശേഖരണത്തിലേക്ക് മൂന്നാം ക്ലാസുകാരി ഋതുവർണ, ആറുമാസം പ്രായമായ അനുജന് ക്ഷേത്ര ഉത്സവത്തിന് ഉടുപ്പു വാങ്ങാനായി ശേഖരിച്ച 429 രൂപയുടെ നാണയങ്ങൾ സ്കൂളിൽ എത്തിച്ചത് വലിയ വാർത്തയായി. ഇതോടെ നിർദ്ധന കുടുംബത്തെ സഹായിക്കാൻ പല മേഖലയിൽ നിന്നും സുമനസുകളെത്തി. പോങ്ങനാട് ഗവ. സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ വാട്സ് ആപ്പ് കൂട്ടായ്മയായ '1980' ഉം കിളിമാനൂർ ഗവ. എൽ.പി.എസിലെ പൂർവ വിദ്യാർത്ഥികളും സ്കൂൾ അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേർന്ന് 63,000 രൂപ ശേഖരിച്ചു. കുരുന്നുകളുടെ നേതൃത്വത്തിൽ തുടങ്ങിയ ഈ കാരുണ്യ പ്രവർത്തനം സമൂഹത്തിന് വലിയൊരു മാതൃകയാണെന്നും കൃഷ്ണകുമാറിന് ചികിത്സയ്ക്കായി എല്ലാവിധ സഹായങ്ങളും നൽകുമെന്നും സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത അടൂർ പ്രകാശ് എം.പി പറഞ്ഞു. സ്കൂൾ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തിയ കുട്ടികളെ എം.പി അഭിനന്ദിച്ചു. സ്കൂൾ പ്രഥമാദ്ധ്യാപിക ടി.വി. ശാന്തകുമാരിയമ്മ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബീനാ വേണുഗോപാൽ, സ്കൂൾ എസ്.എം.സി ചെയർമാൻ രതീഷ് പോങ്ങനാട്, പൂർവ വിദ്യാർത്ഥി കൂട്ടായ്മ ചെയർമാൻ നൈജു, സ്കൂൾ വികസനകാര്യ ചെയർമാൻ സുകുമാരപിള്ള, എം.സി അഭിലാഷ്, കൃഷ്ണമോഹൻ തുടങ്ങിയവർ സംസാരിച്ചു.