നെടുമങ്ങാട്: മധുരക്കിഴങ്ങ് കൃഷിയിൽ ചെല്ലാംകോട് ഏലായുടെ പ്രശസ്തി തുന്നിച്ചേർക്കുകയാണ് തിമോത്തിയോസ് എന്ന പാരമ്പര്യ കർഷകൻ. പത്തു സെന്റ് വീതം വരുന്ന പത്ത് പണകളിൽ പച്ചപ്പിന്റെ പറുദീസ തന്നെ തീർത്തിരിക്കുകയാണ് തിമോത്തിയോസിന്റെ മധുരക്കിഴങ്ങു പാടം. പന്ത്രണ്ടര ഏക്കർ ഭൂമിയിൽ നെല്ലും വാഴക്കുലകളും പച്ചക്കറികളും മരച്ചീനിയുമൊക്കെ കൃഷി ചെയ്യുന്നതിന് പുറമെയാണ് മധുരക്കിഴങ്ങ് കൃഷി. കഴിഞ്ഞ വർഷത്തെ പോലെ മൂന്നര ടണ്ണിൽ കുറയാത്ത വിളവ് ഈ വർഷവും പ്രതീക്ഷിക്കുന്നുണ്ട്. തിമത്തിയോസിന്റെ മാതൃകാ കൃഷി പരീക്ഷണാടിസ്ഥാനത്തിൽ ആനാട് കൃഷിഭവൻ പരിധിയിലെ ഏലാ പ്രദേശങ്ങളിലും വ്യാപിപ്പിക്കുമെന്ന് ആനാട് കൃഷി ഓഫീസർ എസ്. ജയകുമാറും കൃഷി അസിസ്റ്റന്റ് ആനന്ദും പറഞ്ഞു. നെടുമങ്ങാട് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ കഴിഞ്ഞദിവസം മധുരക്കിഴങ്ങ് പാടം സന്ദർശിച്ചു. വിളവെടുപ്പ് ഉദ്ഘാടനവും നിർവഹിച്ചു. ചെല്ലാംകോട് ഏലാ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എ.എസ്. ഹരി, സെക്രട്ടറി എ. ജയകുമാർ, ബ്ലോക്ക് കൺവീനർ സിന്ധുക്കുട്ടൻ, പി. അജയകുമാർ, വി. ഉദയകുമാർ തുടങ്ങിയവർ പങ്കെടുത്തു.