തിരുവനന്തപുരം: നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ഹാളിൽ നടന്ന കാശ്‌മീരി യുവജന വിനിമിയ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ രാജ്യത്തിന്റെ വൈവിദ്ധ്യതയുടെയും ഭാഷയുടെയും കേരളത്തിന്റെ സവിശേഷതകളും എണ്ണിപ്പറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാശ്‌മീരി യുവാക്കളുടെയും മലയാളികളുടെയും ഹൃദയം കവർന്നു. ഗവർണറുടെ പ്രസംഗത്തിലെ ഓരോ വരികളും കരഘോഷത്തോടെയാണ് കാശ്‌മീരി വിദ്യാർത്ഥികൾ സ്വീകരിച്ചത്. ഇംഗ്ളീഷിലായിരുന്നു ഗവർണർ പ്രസംഗം തുടങ്ങിയത്. എന്നാൽ കാശ്‌മീരി ജനതയുടെ ഭാഷയിൽ സംസാരിക്കാമെന്ന് ഗവർണർ പറഞ്ഞതോടെ വിദ്യാർത്ഥികൾ ആവേശപൂർവം കൈയടിച്ചു. കേരളത്തിന്റെയും കാശ്‌മീരിന്റെയും സവിശേഷതകളെ ഗവർണർ താരതമ്യം ചെയ്‌തും അല്ലാമ ഇഖ്ബാലിന്റ കവിത ചൊല്ലിയും ഗവർണറുടെ പ്രസംഗം കൈയടി നേടി. കാശ്മീരിലെ അക്രോഡ് ചട്ട്ണിയുടെ രുചിയെക്കുറിച്ച് സദസിനോട് ആരാഞ്ഞ ഗവർണർ അതേരുചിയാണ് കേരളത്തിലെ തേങ്ങാച്ചമ്മന്തിക്കുമെന്ന് പറഞ്ഞതോടെ കൈയടി ഉച്ചത്തിലായി. ലല്ലേശ്വരി, ലല്ലാ ആരിഫ, ഷൈഖ് നൂറുദ്ദീൻ എന്നിവർക്ക് തുല്യനാണ് സാമൂഹ്യപരിഷ്‌കർത്താവായ ശ്രീനാരായണ ഗുരുവെന്നും ഗവർണർ പറഞ്ഞു. ഒ. രാജഗോപാൽ എം.എൽ.എ,​ എൻ.വൈ.കെ.എസ് ദേശീയ വൈസ് ചെയർമാൻ എസ്.വിഷ്‌ണു വർദ്ധൻ റെഡ്ഡി,​ സ്റ്റേറ്റ് ഡയറക്ടർ കെ.കുഞ്ഞഹമ്മദ്,​ ഡെപ്യൂട്ടി ഡയറക്ടർ എ.എസ്.മനോരഞ്ജൻ,​ ജില്ലാ യൂത്ത് കോ‌ർഡിനേറ്റർ ബി.അലി സബ്രിൻ എന്നിവർ പങ്കെടുത്തു.