തിരുവനന്തപുരം: മാർച്ച് 10 മുതൽ 26 വരെ നടത്തുന്ന ഹയർ സെക്കൻഡറി വാർഷിക പരീക്ഷകളുടെ ഒരുക്കങ്ങൾ പൂർത്തിയായി. 2033 കേന്ദ്രങ്ങളിലായി പ്ലസ് ടുവിന് 4,52,572 പേരും പ്ലസ് വണ്ണിന് 4,38,825 പേരുമാണ് പരീക്ഷ എഴുതുന്നത്.എസ്.എസ്.എൽ.സിക്കൊപ്പം രാവിലെയാണ് പരീക്ഷ.
പ്ലസ് ടുവിൽ സ്‌കൂൾ ഗോയിംഗ് വിഭാഗത്തിൽ 3,77,322 കുട്ടികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 1,80,352 ആൺകുട്ടികളും 1,97,970 പെൺകുട്ടികളും.. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 50,890 പേരും ടെക്നിക്കൽ വിഭാഗത്തിൽ 1229 പേരും എഴുതുന്നു. മുൻവർഷം വിവിധ വിഷയങ്ങൾ ലഭിക്കാനുള്ള 22,131 പേരും ഇത്തവണ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്ലസ് ടുവിന് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുന്നത് ഇത്തവണയും മലപ്പുറത്താണ്- 80,051 പേർ. കോഴിക്കോട്ട് 46,545 പേരും പാലക്കാട്ട് 40,984 പേരും പരീക്ഷ എഴുതും..ലക്ഷദ്വീപിൽ ഒമ്പതും, ഗൾഫിൽ എട്ടും, മാഹിയിൽ ആറും സെന്ററുമുണ്ട്. ലക്ഷദ്വീപിൽ 1268, ഗൾഫിൽ 498, മാഹിയിൽ 754 എന്നിങ്ങനെയാണ് കുട്ടികളുടെ എണ്ണം.
പ്ലസ് വണിൽ സ്‌കൂൾ ഗോയിംഗ് വിഭാഗത്തിൽ 3,81,500 പേരാണ് എഴുതുന്നത്. 1,84,841 പേർ ആൺകുട്ടികളും 1,96,659 പേർ പെൺകുട്ടികളും.. ഓപ്പൺ സ്‌കൂളുകളിൽനിന്ന് 56,104 പേരും ടെക്നിക്കൽ വിഭാഗത്തിൽ 1221 പേരും എഴുതുന്നുണ്ട്.ആകെയുള്ള പരീക്ഷാകേന്ദ്രങ്ങളിൽ 1698 ഇടത്ത് ഹയർ സെക്കൻഡറി കുട്ടികൾ മാത്രമേ പരീക്ഷ എഴുതാനുണ്ടാകൂ. ബാക്കി കേന്ദ്രങ്ങളിൽ എസ്.എസ്.എൽ.സിക്കാരെക്കൂടി ഇടകലർത്തി പരീക്ഷ എഴുതിക്കും.46 കോമ്പിനേഷനുകളിലായി 53 വിഷയങ്ങളിലാണ് ഹയർ സെക്കൻഡറി പരീക്ഷ.. മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ ഒന്നിന് ആരംഭിക്കും.