ആറ്റിങ്ങൽ: മാമം നാളീകേര കോംപ്ലക്‌സ് വീണ്ടും പ്രവർത്തനസജ്ജമാകുന്ന കാര്യത്തിൽ വീണ്ടും പ്രതീക്ഷ. കോംപ്ലക്സ് വീണ്ടും പ്രവർത്തിപ്പിക്കുന്നതിനായി രണ്ടുകോടി ഉടൻ അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആറ്റിങ്ങലിന്റെ അഭിമാനമായിരുന്ന കോംപ്ലക്സ് നശിക്കുന്നതിനെക്കുറിച്ച് കേരളകൗമുദി നൽകിയ വാർത്തകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നാളികേര കോംപ്ലക്സ് വീണ്ടും ചിറകുവിരിക്കുന്നത്. ബി. സത്യൻ എം.എൽ.എ സർക്കാരുമായി ഇതേക്കുറിച്ച് പലതവണ ചർച്ച നടത്തിയിരുന്നു. 1995ൽ അടച്ചുപൂട്ടിയ കോംപ്ലക്‌സ് തുറക്കാൻ ശ്രമം നടന്നെങ്കിലും ഒന്നും നടപ്പായില്ല. രണ്ട് കോടി ചെലവിട്ട് കോംപ്ലക്‌സ് നവീകരിക്കുകയും ചെയ്‌തു. തുടർന്ന് 2015 സെപ്തംബർ 16ന് ഈ പ്ലാന്റിന്റെ ഉദ്ഘാടനം നടന്നു. എന്നാൽ പൂട്ടിക്കിടന്ന സ്ഥാപനം തുറക്കുമ്പോൾ ചെയ്യേണ്ടിയിരുന്ന നടപടിക്രമങ്ങളൊന്നും പൂർത്തിയാക്കാതെയായിരുന്നു ഉദ്ഘാടനം നടത്തിയത്. അതിനാൽ ഉദ്ഘാടനത്തിന് ശേഷം പ്ലാന്റ് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം കോംപ്ലക്‌സിന്റെ സ്ഥിതി മന്ത്റിതലത്തിൽ പരിശോധിച്ചു. തടസങ്ങളെല്ലാം നീക്കിയതിനുശേഷം പ്രവർത്തനം തുടങ്ങിയാൽ മതിയെന്നായിരുന്നു അന്നത്തെ തീരുമാനം. എന്നാൽ കോംപ്ലക്‌സ് തുറന്ന് പ്രവർത്തിപ്പിക്കണമെന്ന ആവശ്യം ശക്തമായതോടെ വിഷയം എം.എൽ.എ വീണ്ടും വകുപ്പ് മന്ത്റിയുടെ ശ്രദ്ധയിൽപ്പെടുത്തി.

പ്രതികരണം

------------------------

നാളികേര കോംപ്ലക്സിനായി 2 കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. ഫണ്ട് ലഭിച്ചുകഴിഞ്ഞാൽ ഉടൻ മികച്ച രീതിയിൽ കോംപ്ലക്സ് പ്രവർത്തിപ്പിക്കാൻ കഴിയും

എം.പ്രദീപ്, ചെയർമാൻ, ആറ്റിങ്ങൽ നഗരസഭ

നാൾവഴി

-------------------------------------------------------

 1979 പ്രവർത്തനം ആരംഭിച്ചു (നാളികേര സംഭരണവും കൊപ്ര ആട്ടി
വില്പനയും എണ്ണ കയറ്റി അയയ്‌ക്കൽ എന്നിവ തകൃതിയായി നടന്നു)
 1983 പ്രവർത്തനത്തിൽ മികച്ച മുന്നേറ്റം
 1989 - കേരഫെഡിന് കൂലിക്ക് കൊപ്ര
ആട്ടുന്ന തരത്തിലേക്ക് പ്രവർത്തനം താഴ്ന്നു
 1992 - നഷ്ടം കാരണം പ്രവർത്തനം നിറുത്തിവച്ചു
 2010 - വെർജിൻ കോക്കനട്ട് യൂണിറ്റ്