തിരുവനന്തപുരം: ഹൃദയത്തിലെ മേൽ അറകളെ വേർതിരിക്കുന്ന ഭിത്തിയിൽ ജന്മനാ ഉണ്ടാകുന്ന സുഷിരം ശസ്ത്രക്രിയ കൂടാതെ അടയ്ക്കനുള്ള ഉപകരണവും അത് സ്ഥാപിക്കുന്നതിനുള്ള സംവിധാനവും വികസിപ്പിച്ച് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്ററിലെ ഗവേഷകർ അപൂർവ നേട്ടം കൈവരിച്ചു. ചിത്ര എ.എസ്.ഡി ഒക്ലൂഡർ എന്ന് പേരിട്ടിരിക്കുന്ന ഉപകരണം നിറ്റിനോൾ കമ്പികളും നോൺവോവൺ പോളിസ്റ്ററും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ ഇന്ത്യൻ പേറ്റന്റിനായി അപേക്ഷയും നൽകി.
ശ്രീചിത്രയിലെ ടെക്നിക്കൽ റിസർച്ച് സെന്റർ ഫോർ ബയോമെഡിക്കൽ ഡിവൈസസ് എന്ന പ്രോജക്ടിലൂടെ ഡി.എസ്.ടി നൽകിയ ഫണ്ടിൽ നിന്നാണ് ഉപകരണം വികസിപ്പിച്ചത്. ഡോ. സജേഷ് ശ്രീധരൻ, കാർഡിയോളജി വിഭാഗം പ്രൊഫസർമാരായ ഡോ. എസ്. ബിജുലാൽ, ഡോ.കൃഷ്ണമൂർത്തി കെ എം തുടങ്ങിയവർ അടങ്ങിയ സംഘമാണ് ഈ വിജയത്തിന് പിന്നിൽ. മൃഗങ്ങളിലും മനുഷ്യരിലും പരീക്ഷണങ്ങൾക്ക് വിധേയമാക്കിയ ശേഷം അതിന്റെ ഫലങ്ങൾ അനുസരിച്ചും അനുമതി ലഭ്യമാകുന്ന മുറയ്ക്കും വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിച്ച് വിപണിയിലെത്തിക്കാനാണ് ശ്രമം.
പ്രവർത്തനം
ഇങ്ങനെ:
ലോഹ ചട്ടക്കൂടും അതിനകത്ത് വൈദ്യശാസ്ത്ര ആവശ്യങ്ങൾക്ക് വേണ്ടിയുള്ള തുണിയുമാണ് ശ്രീചിത്ര എ.എസ്.ഡി ഒക്ലൂഡറിന്റെ പ്രധാന ഭാഗങ്ങൾ. നിറ്റിനോൾ വയറുകൾ പ്രത്യേക രീതിയിൽ പരസ്‌പരം ബന്ധിച്ചാണ് ലോഹചട്ടക്കൂട് നിർമ്മിച്ചിരിക്കുന്നത്.
നിറ്റിനോളിന് മികച്ച ഇലാസ്തികതയുള്ളതിനാൽ അനുയോജ്യമായ വലിപ്പമുള്ള കത്തീറ്ററിന് അകത്താക്കി ഹൃദയത്തിൽ എത്തിച്ച് സുഷിരത്തിൽ സ്ഥാപിക്കാൻ കഴിയും.
കത്തീറ്ററിൽ നിന്ന് പുറത്തെത്തിയാലുടൻ നിറ്റിനോൾ ചട്ടക്കൂട് വികസിച്ച സ്ഥിതിയിലെത്തും. ഇതിൽ സ്ഥാപിച്ചിരിക്കുന്ന തുണി രക്തത്തെ ആഗിരണം ചെയ്യും. ഇതോടെ തുണിക്ക് മുകളിൽ ഒരു ആവരണം രൂപപ്പെട്ട് സുഷിരം അടയും. കാലക്രമേണ തുണിയുടെ ഉപരിതലത്തിൽ കൂടുതൽ കോശങ്ങൾ വളരും. ഉപകരണത്തിന്റെ സ്ഥാനചലനം, ഹൃദയത്തിന്റെ മേൽ അറയുടെ മുകൾ ഭാഗത്തിന് ഉണ്ടാകുന്ന ഉരസൽ മൂലമുള്ള ചതവ് എന്നിവയാണ് എ.എസ്.ഡി ഒക്ലൂഡർ ഉപകരണവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്നങ്ങൾ. ഇവ ഒഴിവാക്കുന്ന രീതിയിലാണ് ചിത്ര എ.എസ്.ഡി ഒക്ലൂഡർ രൂപകല്പന ചെയ്തിരിക്കുന്നത്. അനായാസം സുഷിരത്തിൽ സ്ഥാപിക്കാൻ സഹായിക്കുന്ന വിധത്തിൽ പ്രത്യേക ഉപകരണവും നിർമ്മിച്ചിട്ടുണ്ട്.
പ്രതിവർഷം രണ്ടു ലക്ഷം
കുട്ടികൾ രോഗികൾ
ജനിതക പാരിസ്ഥിതിക കാരണങ്ങളാലാണ് ജന്മനാ ഹൃദയത്തിൽ സുഷിരങ്ങൾ ഉണ്ടാകുന്നത്. ആയിരം ശിശുക്കളിൽ എട്ടു പേർ ജന്മനാ ഉള്ള ഹൃദയരോഗങ്ങളുമായാണ് ജനിക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പ്രതിവർഷം ഇത്തരത്തിലുള്ള രണ്ടുലക്ഷം കുട്ടികളാണ് ജനിക്കുന്നത്. ഇവരിൽ അറുപത് ശതമാനം പേരും നേരിടുന്ന പ്രശ്നം ഹൃദയത്തിലെ സുഷിരങ്ങളാണ്.
ഇവയിൽ ചിലത് കുട്ടികൾ വളരുന്നതിന് അനുസരിച്ച് സ്വയം അടയും. അല്ലാത്തവ ശസ്ത്രക്രിയയിലൂടെയോ ഒക്ലൂഡർ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചോ അടയ്‌ക്കേണ്ടിവരും.
ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങൾ ഉപയോഗിച്ചാണ് നിലവിൽ ഹൃദയത്തിലെ സുഷിരങ്ങൾ ചികിത്സിക്കുന്നത്. ഒരു ഉപകരണത്തിന്റെ ഏകദേശ വില 60,000 രൂപയാണ്. ചിത്ര എ.എസ്.ഡി ഒക്ലൂഡർ വിപണിയിൽ എത്തുന്നതോടെ ഇവയുടെ വില കുറയുമെന്നാണ് പ്രതീക്ഷ.