തിരുവനന്തപുരം: കൊല്ലം കുളത്തൂപ്പുഴയിൽ കണ്ടെത്തിയ വെടിയുണ്ടകൾ പ്രദേശത്തെ വിമുക്തഭടൻ സൈനിക സേവനത്തിന്റെ ഓർമ്മയ്ക്ക് സൂക്ഷിച്ചതാവാമെന്ന് പൊലീസ്. കിട്ടിയ 14 വെടിയുണ്ടകളിൽ 12എണ്ണം പാകിസ്ഥാൻ ഓർഡനൻസ് ഫാക്ടറിയിൽ നിർമ്മിച്ചതാണ്. മറ്റു രണ്ടെണ്ണം ചൈനയിലെ സ്വകാര്യ ആയുധ നിർമ്മാണ ശാലയിലും.
. കാശ്‌മീരിലെ ലേ, ലഡാക്ക് ഭാഗത്ത് സൈനിക സേവനം നടത്തിയ ഭടന്മാർക്ക് പാക് നിർമ്മിത വെടിയുണ്ടകൾ ലഭിക്കാൻ സാദ്ധ്യതയുണ്ട്. നാഗാലാൻഡ് അതിർത്തിയിൽ സേവനം നടത്തിയ ബി.എസ്.എഫുകാർക്ക് ചൈനീസ് നിർമ്മിത തിരകളും ലഭിച്ചേക്കാം. അതിർത്തി സംരക്ഷണ സേനയിലെ ജവാന്മാർക്കാണ് ഇതിന് സാദ്ധ്യതയേറെയെന്നും പൊലീസ് പറയുന്നു.
പൊലീസിന്റെ 12000ത്തിലേറെ ഉണ്ടകൾ നഷ്ടമായെന്ന സി.എ.ജി റിപ്പോർട്ടിലെ കണ്ടെത്തൽ ചർച്ചയായതിനു പിന്നാലെ ,ഉണ്ടകൾ ഉപേക്ഷിച്ചതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ജനുവരി 28ന് പുറത്തിറങ്ങിയ മലയാള പത്രത്തിലാണ് വെടിയുണ്ടകൾ പൊതിഞ്ഞിരുന്നത്. പൊലീസിന്റെ ഉണ്ടകൾ നഷ്ടമായത് വിവാദമായതോടെ, വിമുക്ത ഭടന്മാരാരോ ഇവ റോഡരികിൽ ഉപേക്ഷിച്ചതാവാം. കണ്ടെടുത്ത 12 വെടിയുണ്ടകൾ സെൽഫ് ലോഡിംഗ് റൈഫിളുകളിലും രണ്ടെണ്ണം എ.കെ.-47 തോക്കുകളിലും ഉപയോഗിക്കാവുന്നതാണ്. എ.കെ.47ൽ ഉപയോഗിക്കുന്ന രണ്ടു വെടിയുണ്ടകളും 1972ൽ നിർമ്മിച്ചതാണ്. . മറ്റുള്ളവ പാകിസ്ഥാനിൽ 1982ൽ നിർമിച്ചതും. 12 എണ്ണത്തിൽ പി.ഒ.എഫ്. എന്ന മുദ്റയും 82 എന്ന വർഷവും രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റു രണ്ടെണ്ണത്തിൽ 611 എന്ന നമ്പറാണുള്ളത്. അത് ചൈനയിലെ സ്വകാര്യ വെടിക്കോപ്പ് നിർമാണശാലയിൽ നിർമിച്ചതാണ്. 650 എന്ന നമ്പറിലുള്ള വെടിയുണ്ടകളും ചൈനയിലെ സ്വകാര്യ സ്ഥാപനത്തിലുണ്ടാക്കുന്നതാണ്.
വിമുക്ത ഭടനെ
സംശയിക്കുന്നത്
14 ഉണ്ടകളും കടലാസിൽ പൊതിഞ്ഞ് ഗ്രീസും മെഴുകും ഉപയോഗിച്ച് വൃത്തിയായി സൂക്ഷിച്ചിരുന്നു.. സൈന്യത്തിലുണ്ടായിരുന്നവർക്കാണ് ഇത്തരമൊരു ശീലം
വെടിയുണ്ടകൾ കണ്ടെടുത്ത കുളത്തൂപ്പുഴ നൂറുകണക്കിന് സൈനികരുള്ള പ്രദേശമാണ്. അതിർത്തി രക്ഷാസേനയിലും നിരവധി പേരുണ്ട്.
പിടിച്ചെടുത്ത വെടിയുണ്ടകൾ നാടൻ തോക്കുകളിൽ ഉപയോഗിക്കാനാവില്ല. ഈ ഉണ്ടകൾ ഉപയോഗിക്കാവുന്ന തോക്കുകൾ എളുപ്പത്തിൽ ഒളിപ്പിക്കാനാവില്ല
ഇത്തരം തിരകൾ സൈന്യത്തിന്റെയും പൊലീസിന്റെയും തോക്കുകളിൽ മാത്രം
ഉപയോഗിക്കാനാവുന്നത്. .
''തീവ്രവാദ ബന്ധമടക്കം എല്ലാം അന്വേഷിക്കുന്നുണ്ട്. അതിർത്തിക്കപ്പുറത്ത് മധുരയിലും മറ്റും തീവ്രവാദ സംഘടനകൾക്കുള്ള സ്വാധീനവും പരിശോധിക്കും. ഈ ഉണ്ടകൾ ഉപയോഗിക്കാനാവുന്ന തോക്കുകൾ കണ്ടെടുക്കാനാവുമോയെന്നും അന്വേഷിക്കുന്നു.''
-മനോജ് എബ്രഹാം
അഡി.ഡി.ജി.പി