mullappally

തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ തന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നും ,ഇക്കാര്യമാണ് മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുമായുള്ള ചർച്ചയിൽ വ്യക്തമാക്കിയതെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.പറഞ്ഞു. പാർട്ടിയിലെ അസ്വരസ്യങ്ങൾ പറഞ്ഞു തീർക്കണമെന്നാണ് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടതെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തരോടു വെളിപ്പെടുത്തി.

'സത്യത്തിൽ കോൺഗ്രസിൽ അസ്വാരസ്യങ്ങളില്ല.പ്രതിപക്ഷ നേതാവാകട്ടെ, ഞാനാകട്ടെ,. ഉമ്മൻചാണ്ടിയാകട്ടെ, കോൺഗ്രസിലെ സീനിയർ നേതാക്കളിൽ ആരെങ്കിലുമാകട്ടെ, എന്തെങ്കിലും അസ്വാരസ്യമുള്ളതായി അറിയില്ല.ഞാൻ കെ.പി.സി.സി പ്രസിഡന്റായിട്ട് ഒരു വർഷവും മൂന്നു മാസവും കഴിഞ്ഞു എല്ലാവരേടയും ഒരുമിച്ച് കൊണ്ടുപോകാൻ പരമാവധി പരിശ്രമിച്ചു.. എന്റെ ഭാഗത്ത് ഇന്നു വരെ വീഴ്ചയുണ്ടായിട്ടില്ല എല്ലാകാര്യങ്ങളിലും ചർച്ച നടത്തി. അവരുടെ അഭിപ്രായവും കേട്ട് അത് സമന്വയിപ്പിച്ചാണ് ഞാൻ പാർട്ടിയെ കൊണ്ടു പോകുന്നത്. രാഷ്ടീയകാര്യ സമിതിയിൽ നടന്നത് സ്വതന്ത്രമായ ചർച്ചയാണ് അത്തരം ചർച്ചകൾക്ക് ഞാൻ അനുവാദം കൊടുത്തിട്ടുണ്ട്. മറുപടി പോലും പറഞ്ഞില്ല. അതെല്ലാം ആസ്വദിച്ചു. പത്രസമ്മേളനത്തിൽ എന്റെ നിലപാട് വിശദീകരിച്ചു പത്രങ്ങളിൽ വന്ന വാർത്ത മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളിൽ അസ്വാരസ്യമുണ്ടാക്കിയതിൽ ഞാൻ ഖേദിക്കുന്നു. വാർത്ത ചോരാൻ പാടില്ലായിരുന്നു. രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവയ്ക്കാനുള്ള അധികാരം പ്രസിഡന്റിനുണ്ട്. രമേശ് ചെന്നിത്തലയോടും ഉമ്മൻചാണ്ടിയോടും ആലോചിച്ചാണ് മുന്നോട്ടു പോകുന്നത്.കോൺഗ്രസിനെതിരെ ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുത്- മുല്ലപ്പള്ളി പറഞ്ഞു.