കല്ലമ്പലം: കരവാരം പഞ്ചായത്തിലെ ഞാറക്കാട്ടുവിളയിൽ വനിതകൾക്കായി തുടങ്ങിയ നെല്ലുകുത്ത് എണ്ണയാട്ട് വ്യവസായ കേന്ദ്രം പുനരാരംഭിക്കാൻ നടപടികൾ ആരംഭിച്ചതായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുഭാഷ് അറിയിച്ചു.15 വർഷമായി അടഞ്ഞുകിടക്കുന്ന സ്ഥാപനത്തെക്കുറിച്ച് കേരള കൗമുദി പ്രസിദ്ധീകരിച്ച വാർത്തയെത്തുട‌ന്നാണ് നടപടി. ഭരണസമിതിയും ബ്ലോക്ക് വൈസ് പ്രസിഡന്റും ബി. സത്യൻ എം.എൽ.എയും ചേർന്ന്‍ മന്ത്രി എ.സി. മൊയ്‌തീന് നിവേദനം നൽകി. പ്രാരംഭ ഘട്ടമെന്ന നിലയിൽ വൈദ്യുതി ലഭിക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി. ദാരിദ്ര്യ നിർമാർജനവും വനിതാ വികസനവും ലക്ഷ്യമിട്ട് 30 ലക്ഷം രൂപ ചെലവിൽ ആരംഭിച്ച യൂണിറ്റ് 2005ൽ എം.പിയായിരുന്ന വർക്കല രാധാകൃഷ്ണനാണ് ഉദ്ഘാടനം ചെയ്‌തത്. നെല്ല് കുത്ത്,നാളികേര സംസ്‌ക്കരണ യൂണിറ്റായി നല്ലനിലയിലാണ് പ്രവർത്തനം തുടങ്ങിയത്. നാളികേര കർഷകർക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു സംരംഭം. യൂണിറ്റിന്റെ പ്രവർത്തനത്തിലൂടെ കുടുംബശ്രീക്കാർ ഉൾപ്പടെ 50 പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭിച്ചു. കുടുംബശ്രീ വ്യവസായ യൂണിറ്റിനെ പ്രവർത്തനം ഏൽപ്പിച്ച് സംരംഭം മുന്നോട്ട് കൊണ്ടുപോകാനായിരുന്നു പദ്ധതിയെങ്കിലും മൂലധനത്തിന്റെ കുറവുമൂലം കേന്ദ്രത്തിന് പൂട്ടുവീഴുകയായിരുന്നു. പ്രവർത്തനം ജില്ലാ പഞ്ചായത്തിന് കൈമാറാൻ നീക്കമുണ്ടായെങ്കിലും നടപ്പായില്ല. വൈദ്യുതി ലഭ്യമാകുന്നതോടെ വ്യവസായ കേന്ദ്രത്തിന്റെ പ്രവർത്തനം ഉടൻ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.