ravi-poojari-

26 വർഷമായി രവി പൂജാരി എന്ന അധോലോക ക്രിമിനലിനെ പിടികൂടാനുള്ള വലയുമായി നെട്ടോട്ടത്തിലായിരുന്നു പൊലീസ്. ഒടുവിൽ ഈ അധോലോക നായകനെ പിടികൂടിയത് ആഫ്രിക്കൻ രാജ്യമായ സെനഗലിലെ ഒരു സലൂണിൽ ഹെയർ കളർ ചെയ്യുന്നതിനിടെയാണ്. 26 വർഷങ്ങൾക്കിടയിൽ വ്യത്യസ്ഥ രാജ്യങ്ങളിൽ വ്യത്യസ്ഥ പേരുകളിലാണ് പൂജാരി കഴി‌ഞ്ഞത്. കഴിഞ്ഞ ദിവസമാണ് സെനഗലിൽ നിന്നും പൂജാരിയെ ബംഗലൂരുവിലേക്ക് എത്തിച്ചത്. 2017ൽ ബാംഗ്ലൂർ റൂറൽ എം.പിയായ ഡി.കെ. സുരേഷിന് ലഭിച്ച ഭീഷണി കോൾ ആണ് പൊലീസിനെ പൂജാരിയിലേക്ക് അടുപ്പിച്ചത്. സെനഗൽ, ബുർക്കിനാ ഫാസോ, ഐവറി കോസ്റ്റ് എന്നിവിടങ്ങളിൽ പൂജാരിയ്‌ക്ക് ഹോട്ടൽ ശൃംഖലകൾ ഉണ്ടായിരുന്നു. ബുർക്കിനാ ഫാസോയിലെയും സെനഗലിലും പൂജാരിയ്ക്ക് നല്ല പ്രതിച്ഛായ ആയിരുന്നത്രെ. സാമൂഹ്യ സേവനങ്ങൾ നടത്തിയാണ് ആളുകൾക്കിടയിൽ പൂജാരി നല്ല പേര് സമ്പാദിച്ചത്. സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കായി പണം നൽകുന്നതിലൂടെയും വീടുകളിൽ വാട്ടർ പമ്പ് സെറ്റുകൾ വിതരണം ചെയ്‌തതിലൂടെയും സാധാരണക്കാർക്കിടയിൽ ഒരു മതിപ്പ് പൂജാരി നേടിയെടുത്തിരുന്നു.

 പേരുകൾ പലവിധം

ആന്റണി ഫെർണാണ്ടസ് എന്ന കള്ളപ്പേരിലാണ് ബുർക്കിനാ ഫാസോയിൽ രവി പൂജാരി ജീവിച്ചത്.

1994ൽ അധോലോക നേതാവും ഗുരുവുമായ ഛോട്ടാ രാജൻ ആണ് ഈ പേര് ആദ്യമായി പൂജാരിയ്‌ക്ക് ചാർത്തി നൽകിയത്. ടോണി ഫെർണാണ്ടസ് എന്ന ചുരുക്കപ്പേരും പൂജാരി ഉപയോഗിച്ചിരുന്നു. 1994ൽ മുംബയ് അന്ധേരിയിലെ അധോലോക ഗുണ്ടയായിരുന്ന ബാലാ സാൽറ്റെയുടെ കൊലപാതകത്തെതുടർന്നാണ് പൂജാരി നാടുവിട്ടത്. അന്ന് മഹാരാഷ്ട്രയിൽ നിന്നും നേപ്പാളിലേക്കാണ് പൂജാരി പോയത്.

അവി​ടുന്ന് നേപ്പാളിലെത്തിയ പൂജാരി മൈസൂരിൽ നിന്നുള്ള ഒരു ഏജന്റ് വഴി വ്യാജ പാസ്‌പോർട്ട് സംഘടിപ്പിക്കുകയും തായ്ലൻഡിലെ ബാങ്കോക്കിലേക്ക് പറക്കുകയുമായിരുന്നു. 2003ൽ അവിടെ നിന്നും ഉഗാണ്ടയിലെത്തി. ഇന്ത്യൻ പൊലീസ് തനിക്കായി അന്വേഷണം ശക്തമാക്കിയെന്നറിഞ്ഞതോടെ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയിലേക്ക് പറന്നു. 12 വർഷം അവിടെ ഹോട്ടലും ഇലക്ട്രിക് കടയുമുൾപ്പെടെ പല ബിസിനസുകളും പൂജാരി പരീക്ഷിച്ചു. അവിടെ നിന്നും ഒരു പാസ്‌പോർട്ട് ലഭിക്കാനായിരുന്നു പൂജാരിയുടെ ശ്രമം. മൂന്ന് വർഷം മുമ്പാണ് പൂജാരി സെനഗലിൽ എത്തിയത്. അവിടെ റിക്കി ഫെർണാണ്ടസ് എന്ന പേരായിരുന്നു പൂജാരി സ്വീകരിച്ചത്. ' മഹാരാജാ റെസ്‌റ്റോറന്റ് ' എന്ന പേരിൽ ഒരു ഭക്ഷണശാലയും തുറന്നു. ബുർക്കിനാ ഫാസോയുടെ പാസ്‌പോർട്ട് ലഭിച്ചതിനുശേഷം പൂജാരി മലേഷ്യ, ഇന്തോനേഷ്യ, യു.എസ്.എ തുടങ്ങിയ പല രാജ്യങ്ങളിലും സന്ദർശനം നടത്തിയിരുന്നു.

2019 ജനുവരി 19നാണ് പൂജാരിയെ സെനഗലിൽ വച്ച് അറസ്റ്റ് ചെയ്തത്. ഇന്ത്യയ്ക്ക് കൈമാറുന്നത് വരെ സെനഗലിൽ ജയിലിൽ കഴിയുകയായിരുന്നു പൂജാരി. ഇപ്പോൾ കർണ്ണാടകയി​ലെ ജയി​ലി​ലും. മാർച്ച് ഏഴ് വരെ പൂജാരി അവി​ടെ റിമാൻഡിൽ തുടരും.


 വിരലടയാളത്തിൽ വീണു


ഇന്ത്യയ്‌ക്ക് പുറത്തായിരുന്നെങ്കിലും സിനിമ, ബിസിനസ് തുടങ്ങിയ പല മേഖലകളിലെയും ഉന്നതരെ വിളിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്ന പൂജാരിയുടെ സ്വഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ല. കർണാടകയിൽ മാത്രം പൂജാരിയ്‌ക്ക് 97 ഓളം കേസുകളാണുള്ളത്. ഇതിൽ 47 ഓളം ബംഗലൂരു നഗരത്തെ കേന്ദ്രീകരിച്ചാണ്.

ഇത്രയും നാളായി പൂജാരിയുടെ ശരിക്കുള്ള രൂപം പോലും അന്വേഷണോദ്യോഗസ്ഥർക്ക് തലവേദനയായിരുന്നു. സ്വിമ്മിംഗ് പൂളിൽ നിന്നെടുത്ത പൂജാരിയുടെ 2 ദശാബ്‌ദങ്ങൾ പഴക്കമുള്ള ഒരു ഫോട്ടോയുൾപ്പെടെ ഏതാനും ചില ഫോട്ടോകൾ മാത്രമാണ് പൊലീസിന്റെ പക്കലുണ്ടായിരുന്നത്. സെനഗലിലെ സുപ്രീംകോടതിയിൽ താൻ ആന്റണി ഫെർണാണ്ടസ് ആണെന്ന് സ്ഥാപിക്കാൻ പൂജാരി ശ്രമിച്ചെങ്കിലും പാളി. ബാലാ സാൽറ്റെയും മരണത്തിന് പിന്നാലെ പൂജാരിയുടെ ഫിംഗർ പ്രിന്റ് ഇന്റർപോളിന്റെ കൈകളിലെത്തിയിരുന്നു. അതോടെ പൂജാരിയുടെ അടിതെറ്റുകയായിരുന്നു.