തിരുവനന്തപുരം: ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ടിന് വ്യവസായ (കശുഅണ്ടി) വകുപ്പ് സെക്രട്ടറിയുടെ അധികച്ചുമതല നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഗ്രാമവികസന വകുപ്പ് കമ്മിഷണർ എൻ. പത്മകുമാറിന് വ്യവസായ (കയർ) വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയുടെ അധികച്ചുമതല നൽകും. ഇദ്ദേഹം നിലവിലുള്ള അധികച്ചുമതലകൾ തുടർന്നും വഹിക്കും.
മത്സ്യബന്ധന വകുപ്പ് ഡയറക്ടർ എസ്. വെങ്കിടേശപതി ജലഅതോറിട്ടി ജോയിന്റ് മാനേജിംഗ് ഡയറക്ടറുടെ അധികച്ചുമതല വഹിക്കും.
കായിക- യുവജനകാര്യ വകുപ്പ് ഡയറക്ടർ ജെറോമിക് ജോർജിനെ മാരിടൈം ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി മാറ്റി നിയമിക്കും. ഇദ്ദേഹത്തിന്റെ മറ്റ് അധികച്ചുമതലകൾ തുടരും. പൊതുഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറുമായ ഡോ. രേണുരാജിന് കായികയുവജനകാര്യ വകുപ്പ് ഡയറക്ടറുടെ അധികച്ചുമതല നൽകാനും തീരുമാനിച്ചു.
കുടിവെള്ള സംഭരണി മറിഞ്ഞുണ്ടായ മരണം: കുടുംബത്തിന് 3.22ലക്ഷത്തിന്റെ ധനസഹായം
കൊല്ലം ജില്ലയിലെ വേലംപൊയ്കയിൽ കുടിവെള്ള സംഭരണി വീടിന് മുകളിലേക്ക് വീണ് ഏഴു വയസുകാരൻ മരിക്കുകയും അമ്മയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കുടുംബത്തിന് ചികിത്സാ സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 3.22 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വേലംപൊയ്ക ഷിബു ഭവനിൽ ആഞ്ചലോസിന്റെ മകൻ അബി ഗബ്രിയേലാണ് മരിച്ചത്. ആഞ്ചലോസിന്റെ ഭാര്യ ബീനയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വാട്ടർ അതോറിട്ടി ജീവനക്കാർ ഒരു ലക്ഷം രൂപ പിരിച്ചെടുത്ത് ഈ കുടുംബത്തിന് സഹായമായി നൽകിയിരുന്നു.