സി ബി.എസ്.ഇ അംഗീകാരമില്ലാത്ത സ്കൂളിലെ 29 കുട്ടികൾക്ക് തിങ്കളാഴ്ച ആരംഭിച്ച പത്താംക്ളാസ് പരീക്ഷയെഴുതാൻ കഴിഞ്ഞില്ലെന്ന വാർത്ത അവരുടെ രക്ഷിതാക്കൾക്കു മാത്രമല്ല സംസ്ഥാനത്തെ മുഴുവൻ രക്ഷിതാക്കൾക്കും ഹൃദയവേദന സൃഷ്ടിക്കുന്നതാണ്. രാപകൽ പഠിച്ച് പരീക്ഷ എഴുതാൻ തയ്യാറായി ചെല്ലുമ്പോൾ അംഗീകാര പ്രശ്നത്തിൽ മടക്കി അയയ്ക്കപ്പെടുന്ന കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും സങ്കടം പറഞ്ഞറിയിക്കാനാവാത്തതാണ്. നിരുത്തരവാദപരമായ പ്രവൃത്തിയാണ് സ്കൂൾ അധികൃതരിൽ നിന്നുണ്ടായത്. പരാതിയെത്തുടർന്ന് പൊലീസ്, സ്കൂൾ ട്രസ്റ്റ് പ്രസിഡന്റിനെയും മാനേജരെയും കൈയോടെ അറസ്റ്റ് ചെയ്തു കൊണ്ടുപോയെങ്കിലും കുട്ടികൾ ചെന്നുപെട്ടിരിക്കുന്ന പ്രതിസന്ധിക്ക് പരിഹാരമുണ്ടായിട്ടില്ല. എല്ലാ വഴിയും അടഞ്ഞ് കഴിഞ്ഞെന്നാണു പറയുന്നത്. അംഗീകാരത്തിനായി അവസാന നിമിഷം വരെ കാത്തിരുന്ന സ്കൂൾ അധികൃതർ വിവരം രക്ഷാകർത്താക്കളിൽ നിന്നു മറച്ചുവച്ചത് ഗുരുതരമായ കുറ്റവും വിശ്വാസവഞ്ചനയുമാണ്. അവർക്ക് ഉചിതമായ ശിക്ഷ ലഭിച്ചേ മതിയാകൂ എന്നതിൽ തർക്കമില്ല.
തോപ്പുംപടി മൂലംകുഴി അരുജാസ് ലിറ്റിൽ സ്റ്റാർ സ്കൂളിലെ കുട്ടികളെ ഏതെങ്കിലും വിധത്തിൽ സഹായിക്കാനാകുമോ എന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഗൗരവപൂർവം പരിശോധിക്കേണ്ടതാണ്. അഫിലിയേഷൻ ഇല്ലാത്ത സ്കൂളിൽ ചേർന്നത് രക്ഷിതാക്കളുടെ ഭാഗത്തുണ്ടായ വീഴ്ചയോ സൂക്ഷ്മതക്കുറവോ ആകാമെങ്കിലും ചേതമുണ്ടായിരിക്കുന്നത് കുട്ടികൾക്കാകയാൽ ഇനി നിയമവും ചട്ടവുമൊക്കെ ഉയർത്തിക്കാട്ടി അവരുടെ ഭാവി പന്താടുന്നത് വലിയ ക്രൂരതയാണ്. മനസാക്ഷിക്കും സാമാന്യനീതിക്കും നിരക്കാത്തതുമാണ്. ഏതു വീഴ്ചയ്ക്കും ഒരു പരിഹാര നടപടി കാണുമല്ലോ. വിലപ്പെട്ട ഒരു വർഷം നഷ്ടപ്പെടാനിടയാകാതെ പത്താംക്ളാസ് പരീക്ഷയെഴുതാൻ കുട്ടികൾക്ക് അവസരം നൽകാനാകുമോ എന്നാണു നോക്കേണ്ടത്.
തോപ്പുംപടിയിലെ സ്കൂൾ മാത്രമല്ല സംസ്ഥാനത്ത് സി.ബി.എസ്.ഇ അഫിലിയേഷനില്ലാതെ പ്രവർത്തിക്കുന്നതെന്ന് സർക്കാർ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും അറിയാം. സ്കൂൾ തുടങ്ങുന്ന കാലത്ത് അംഗീകാരം വാങ്ങി പിന്നീട് ഓരോ വർഷവും പുതിയ ക്ളാസുകൾ കൂട്ടിച്ചേർക്കുകയാണ് പല സ്കൂളുകളുടെയും രീതി. ഒൻപതാം ക്ളാസിലെത്തുമ്പോഴാണ് സി.ബി.എസ്.ഇ രജിസ്ട്രേഷനെടുക്കേണ്ടത്. ഒട്ടുമിക്ക സ്കുളുകളും അത് നേടാറുമുണ്ട്. അതിനു കഴിയാത്ത സ്കൂളുകൾ പത്താംക്ളാസ് കുട്ടികളെ സമീപ സ്കൂളിലോ മറ്റിടങ്ങളിലെ സ്കൂളിലോ കൊണ്ടുപോയി പരീക്ഷയെഴുതിക്കും. രജിസ്ട്രേഷനും ഈ സ്കൂളുകളുടെ പേരിലാകും. തോപ്പുംപടി സ്കൂൾ തന്നെ കഴിഞ്ഞ നാലഞ്ചു വർഷം ഇതേ രീതിയാണത്രെ പിന്തുടർന്നു വന്നത്. ഇക്കൊല്ലം അതിനു കഴിയാതെ വന്നതുകൊണ്ടാണ് പത്താംക്ളാസുകാർക്ക് പരീക്ഷയെഴുതാൻ കഴിയാതെ പോയത്. യഥാസമയം ഇക്കാര്യം രക്ഷാകർത്താക്കളെ അറിയിക്കാതിരുന്നതും സ്കൂൾ അധികൃതരിൽ നിന്നുണ്ടായ മാപ്പർഹിക്കാത്ത വീഴ്ച തന്നെയാണ്. കോടതിയും ബാലാവകാശ കമ്മിഷനുമൊക്കെ ശക്തമായി ഇടപെടേണ്ട കേസാണിത്.
നല്ല നിലയിൽ പ്രവർത്തിക്കുന്ന പൊതുവിദ്യാലയങ്ങൾ ധാരാളമുള്ള നാട്ടിൽ സ്വാശ്രയ സ്കൂളുകൾ കൂണുകൾ പോലെ പെരുകാൻ പ്രധാന കാരണം രക്ഷിതാക്കൾക്കിടയിലെ മിഥ്യാധാരണകൾ തന്നെയാണ്. പകിട്ടും പത്രാസുമുള്ള ഇംഗ്ളീഷ് മീഡിയം സ്കൂളിൽ പഠിച്ചാലേ മേൽഗതിയുള്ളൂ എന്ന അബദ്ധ ധാരണയാണ് പലരെയും വഴിതെറ്റിക്കുന്നത്. സ്കൂളിന് അംഗീകാരമുണ്ടോ എന്നുപോലും നോക്കാതെയാകും കുട്ടികളെ ചേർക്കുന്നത്. കടം വാങ്ങിയും കെട്ടുതാലി പണയപ്പെടുത്തിയുമൊക്കെയാകും പ്രവേശന സമയത്ത് കെട്ടിവയ്ക്കേണ്ട വൻ സംഖ്യ തരപ്പെടുത്തുന്നത്. സർക്കാർ സഹായമൊന്നുമില്ലാത്തതിനാൽ ഇത്തരം സ്വാശ്രയ സ്കൂളുകളിലെ ഫീസ് ഘടന സാധാരണക്കാർക്ക് താങ്ങാനാവാത്തതാണ്. സർക്കാർ അതിലൊന്നും ഇടപെടാറുമില്ല.
സി.ബി.എസ്.ഇയുടെ അംഗീകാരമില്ലാത്ത ആയിരത്തിഅഞ്ഞൂറിൽപ്പരം സ്കൂളുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണ് സർക്കാരിന്റെ പക്കലുള്ള കണക്ക്. പത്താംക്ളാസ് പരീക്ഷയ്ക്ക് എങ്ങനെയെങ്കിലും രജിസ്ട്രേഷൻ ഒപ്പിച്ചെടുക്കുന്നതു കൊണ്ടാണ് അവിടങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രശ്നമൊന്നും ഉണ്ടാകാത്തത്. എന്നാൽ കൈവിട്ടുള്ള കളി ചിലപ്പോൾ തിരിച്ചടിക്കും. അതുകൊണ്ടാണ് തോപ്പുംപടി അരുജാസ് ലിറ്റിൽ സ്റ്റാർ സ്കൂളിനു ദുർഗതി നേരിടേണ്ടിവന്നത്. അംഗീകാരമില്ലാത്ത സി.ബി.എസ്.ഇ സ്കൂളുകൾ പൂട്ടാൻ സർക്കാർ പലകുറി ഒരുങ്ങിയതാണ്. പലവിധ സമ്മർദ്ദങ്ങളാൽ അതിനു കഴിയാറില്ല. തോപ്പുംപടിയിലെ ദുരനുഭവത്തിന്റെ വെളിച്ചത്തിൽ രക്ഷാകർത്താക്കൾ വേണ്ടത്ര പരിശോധന നടത്തി അംഗീകാരമുണ്ടെന്ന് ഉറപ്പാക്കിയ ശേഷമേ കുട്ടികളെ സ്കൂളുകളിൽ ചേർക്കാവൂ എന്ന് അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അത് രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണെങ്കിലും അനധികൃതമായി പ്രവർത്തിക്കുന്ന സ്കൂളുകൾ ജനങ്ങളെ കബളിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ട ബാദ്ധ്യതയിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. പെട്ടിക്കട നടത്താൻ പോലും ലൈസൻസ് നിർബന്ധമാണെന്നിരിക്കെ സ്കൂളുകൾക്ക് അതൊന്നും വേണ്ടതില്ല എന്നു പറയുന്നത് വിചിത്രമാണ്.