കുഴിത്തുറ :ഹോങ്കോംഗിൽനിന്ന് മടങ്ങിയ വൃദ്ധനെ കൊറോണ വൈറസ് ബാധ സംശയിച്ച് നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കന്യാകുമാരിയിലെത്തിയ തൂത്തുക്കുടി കായൽപട്ടണം സ്വദേശി 72വയസുള്ള ആളെയാണ് കഴിഞ്ഞ ദിവസം ആശുപത്രിയിലാക്കിയത്. വയറുവേദന അനുഭവപ്പെട്ട് ഇയാൾ നഗർകോവിലിലെ സ്വകാര്യ ആശുപത്രിയിൽ പോയിരുന്നു.അപ്പോഴാണ് താൻ ഹോങ്കോംഗിൽ നിന്ന് മടങ്ങിവന്നതാണെന്നും കൊറോണ സംശയിച്ച് അവിടെ ചികിത്സ തേടിയിരുന്നതായും കൊറോണയില്ലെന്ന് സ്ഥിരീകരിച്ചതായും അറിയിച്ചത്.ഉടൻ തന്നെ ആശുപത്രി അധികൃതർ ജില്ലാ ആരോഗ്യവകുപ്പിനെ അറിയിക്കുകയും ഡോക്ടർമാർ വൃദ്ധനെ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊറോണോ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. രക്തസാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഫലം ലഭിച്ചശേഷമേ വൃദ്ധനെ ആശുപത്രിയിൽ നിന്ന് വിടുകയുള്ളൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.