പാറശാല: പൊഴിയൂർ പ്രാഥമികാരോഗ്യ കേന്ദ്രമാണ് തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ ഏക ആശ്രയം. ഇവിടെ വൈദ്യുതി മുടങ്ങിയാൽ പിന്നെ ചികിത്സ കിട്ടണമെങ്കിൽ പോയ വൈദ്യുതി തിരിച്ച് വരണം. അടിക്കടിയുണ്ടാകുന്ന വൈദ്യുത തകരാറും ലൈനുകൾക്ക് സമീപത്തെ മരച്ചില്ലകൾ തട്ടി വൈദ്യുതി പോകുന്നതും ഇവിടെ പതിവാണ്. ആശുപത്രി പ്രവർത്തനങ്ങൾക്ക് സ്വന്തമായി ജനറേറ്റർ ഉണ്ടെങ്കിലും അത് കേടായിട്ട് വർഷങ്ങളായി. ജനറേറ്റർ പണിമുടക്കിയതോടെ ഇൻവെർട്ടർ വാങ്ങി സ്ഥാപിച്ചെങ്കിലും ഒരു വർഷം മുൻപ് ഇൻവെർട്ടറിന്റെ ബാറ്ററി മോഷണം പോയി. ഇതോടെ ആശുപത്രിയുടെ പ്രവർത്തനം പാടെ താളം തെറ്റും. ജീവനക്കാരുടെ കുറവ് ആശുപത്രിയുടെ പ്രവർത്തനത്തെ നന്നെ ബാധിക്കുന്നുണ്ട്. ഫാർമസിയിൽ ഒരാളിന്റെ കുറവ് ഉള്ളതിന് പുറമെ ക്ളീനിംഗ് സ്റ്റാഫുകളുടെ എണ്ണത്തിലെ കുറവ് പരിഹരിക്കാത്തതും ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കാറുണ്ട്. നാലായിരത്തോളം മത്സ്യത്തൊഴിലാളി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പൊഴിയൂരിലെ സാധാരണക്കാരായ ജനങ്ങൾക്കായി സർക്കാർ മേഖലയിലെ ഏക ആതുര ശുശ്രൂഷാ കേന്ദ്രമാണ് പൊഴിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം. പഞ്ചായത്തിന്റെ അധികാര പരിധിയിലും നിയന്ത്രത്തിലുമുള്ള ഈ ആശുപത്രി കൂടുതൽ ജനോപകാരപ്രദമാക്കാൻ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധ വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
ഈ ആശുപത്രിയെ ആശ്രയിക്കുന്ന രോഗികളിൽ ഭൂരിഭാഗവും ശ്വാസകേശ സംബന്ധമായ രോഗങ്ങളുമായി എത്തുന്നവരാണ്. ഇവിടെ കറണ്ട് പോകുമ്പോൾ ശ്വാസകോശ രോഗത്തിനായുള്ള നെബുലൈസേഷനും മുടങ്ങും. ഇതോടെ പിഞ്ചുകുഞ്ഞുങ്ങളും വൃദ്ധരും ബുദ്ധിമുട്ടുന്നത് പതിവ് കാഴ്ചയാണ്.
രാത്രി കാലങ്ങളിൽ വൈദ്യുതി മുടങ്ങിയാൽ ഡോക്ടറുടെ പരിശോധനയും നഴ്സുമാരുടെ പരിചരണവും മെഴുകുതിരിയുടെ വെളിച്ചത്തിലാകും.രോഗികളുടെ എണ്ണം കൂടുതലാമെങ്കിലും അതിന് അനുസരിച്ചുള്ള ജീവനക്കാർ ഇവിടെയില്ല. പ്രത്യേകിച്ച് നഴ്സുമാർ
24 കിടക്കകളുള്ള ഇവിടെ ദിനം പ്രതി 500ഓളം രോഗികളാണ് എത്തുന്നത്. അതിർത്തി പ്രദേശം കൂടി ആയതിനാൽ തമിഴ്നാട്ടിലെ നീരോടി, കൊല്ലങ്കോട്, വള്ളവിള തുടങ്ങിയ പ്രദേശങ്ങളിലെ രോഗികളും ഇവിടെ എത്താറുണ്ട്. എന്നാൽ രാത്രികാലങ്ങളിൽ രോഗികളെ പരിപാലിക്കാൻ ആകെയുള്ളതാകട്ടെ ഒരു നഴ്സും.