maranalloor

മലയിൻകീഴ്: മാറനല്ലൂർ പഞ്ചായത്തിലെ കരിങ്ങൽ, കൊറ്റമ്പള്ളി വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന കലമ്പാട്ട് മലമുകളിലെ 15 ഏക്കറോളം അടിക്കാടുകൾ കത്തിനശിച്ചു. ഇന്നലെ രാവിലെ 9 ഓടെയാണ് മലമുകളിൽ തീപിടിത്തമുണ്ടായത്. തീപടർന്നതോടെ എല്ലാവരും ആശങ്കലയിലായി. നെയ്യാറ്റിൻകര, കാട്ടാക്കട എന്നീ സ്ഥലങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സിന് ദുർഘടമായ പാത കാരണം മലയടിവാരത്ത് പോലും എത്താനായില്ല. മലയടിവാരത്തെ പാറയംവിളാകം പ്രദേശത്ത് 25ലേറെ കുടുംബങ്ങളും മലയുടെ മറ്റൊരുഭാഗത്ത് 10 കുടുംബങ്ങളും താമസിക്കുന്നുണ്ട്. ഈ ഭാഗങ്ങളിലേക്ക് തീ വ്യാപിക്കാതിരിക്കാൻ നാട്ടുകാരും ഫയർഫോഴ്സും കഠിനശ്രമമാണ് നടത്തിയത്. സമീപത്തുനിന്നു വെള്ളം ശേഖരിച്ച് ഒഴിച്ചാണ് ഇവർ തീ നിയന്ത്രണ വിധേയമാക്കിയത്. തീഅണയ്‌ക്കുന്നതിനിടെ കരിങ്കൽ വാർഡ് മെമ്പർ എസ്. ജോയിക്ക് പൊള്ളലേറ്റു. ജോയിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലമുകളിൽ നിന്നു താഴേക്ക് തെന്നിവീണ ഗ്രാമ പഞ്ചായത്ത്‌ അംഗത്തിനും പരിക്കുണ്ട്. രണ്ടാഴ്ച മുമ്പും ഇവിടെ ചെറിയ തീപിടിത്തമുണ്ടായിരുന്നു