തിരുവനന്തപുരം: വർഗീയശക്തികളെ കൂട്ടുപിടിക്കുന്നത് യു.ഡി.എഫിന്റെ ഗതികേടാണെന്നും കാൽച്ചുവട്ടിലെ മണ്ണ് ചോർന്നുപോകുന്ന പരിഭ്രാന്തിയിലാണ് അവരെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എ.കെ.ജി ഹാളിൽ സി.പി.എം സംസ്ഥാന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിൽ ഇടതുപക്ഷത്തിനൊപ്പം അണിചേരാൻ മടിയുള്ള യു.ഡി.എഫ് ജമാ അത്തെ ഇസ്ലാമിക്കും എസ്.ഡി.പി.ഐക്കും ഒപ്പം ചേർന്ന് സമരം നടത്താൻ തയ്യാറാണ്. ഇത് ബോധപൂർവം തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണ്.
ഹിന്ദു രാഷ്ട്രം എന്ന അജൻഡയുമായി എത്തുന്നവരെ ഇസ്ലാം രാഷ്ട്രം എന്ന മറു അജൻയുമായി എതിർക്കുന്നത് ശരിയല്ല. ഇത് ആർ.എസ്.എസ് ഉയർത്തുന്ന വർഗീയ അജൻഡയെ സഹായിക്കാനേ ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
42 വർഷത്തിനിടെയുണ്ടായ ഏറ്റവും മോശപ്പെട്ട സാമ്പത്തികസ്ഥിതിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കോൺഗ്രസ് നടപ്പിലാക്കിയ സാമ്പത്തിക, കോർപറേറ്റ് നയങ്ങൾ തന്നെയാണ് കുറേക്കൂടി ശക്തമായി ബി.ജെ.പി സർക്കാർ തുടർന്നുപോരുന്നത്. അമേരിക്കൻ സാമ്രാജ്യത്വം നേരിടുന്ന പ്രശ്നങ്ങൾക്ക് ഇവിടെ വേദി തുറന്നിട്ടു കൊടുക്കുകയാണ് മോദി ചെയ്യുന്നത്. ട്രംപിന്റെ വലതുപക്ഷ, വംശീയ നയങ്ങളോട് പൊരുത്തപ്പെടുന്നതാണ് കേന്ദ്ര സർക്കാരിന്റെ നയങ്ങളെന്നും പിണറായി പറഞ്ഞു.
നോക്കുകൂലിയോട് വിട്ടുവീഴ്ചയില്ല
ജോലി ചെയ്യാതെ നോക്കുകൂലി വാങ്ങുന്ന ഏർപ്പാടിനോട് യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നോക്കുകൂലി വാങ്ങുന്ന ഏർപ്പാട് കേരളത്തിൽ ഇല്ലായ്മ ചെയ്തതാണ്. എന്നാൽ ഒറ്റപ്പെട്ട സംഭവങ്ങൾ നടക്കുന്നതായും ചിലർ ഇതിന് മൗനാനുവാദം നൽകുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് അനുവദിക്കാനാകില്ല.