toddy
TODDY

തിരുവനന്തപുരം: കള്ളുഷാപ്പിന്റെ ആവശ്യത്തിനായി പ്രതിദിനം ഒരു തെങ്ങിൽ നിന്ന് എടുക്കാവുന്ന കള്ളിന്റെ അളവ് ഒന്നരയിൽ നിന്നു രണ്ട് ലിറ്ററായി ഉയർത്തും. ലളിതാംബിക കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഇന്നലെ മന്ത്രിസഭായോഗം അംഗീകരിച്ച പുതിയ മദ്യനയത്തിലാണ് ഈ തീരുമാനം. ഇതോടെ തെങ്ങുകളുടെ എണ്ണം കുറഞ്ഞാലും കള്ളുഷാപ്പുകളിൽ ശേഖരിച്ച് വിൽക്കാവുന്ന കള്ളിന്റെ അളവ് കൂടും.

നിലവിൽ കള്ളുഷാപ്പുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്ക് ദൂരപരിധി ബാധകമാക്കില്ല. കള്ളുഷാപ്പുകൾ വഴി ഭക്ഷണപദാർത്ഥങ്ങൾ വിറ്റഴിക്കുന്നത് നിയമവിധേയമാക്കും. ഇതുസംബന്ധിച്ച് ഷോപ്പ് ഡിസ്‌പോസൽ നിയമത്തിൽ ഇപ്പോൾ വ്യക്തമായ ചട്ടങ്ങളില്ല. കള്ളുഷാപ്പുകളിലെ ഭക്ഷണത്തെയും ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരികയാണ് ലക്ഷ്യം. നിലവിൽ ഭക്ഷ്യസുരക്ഷാ ലൈസൻസേ ബാധകമായിട്ടുള്ളൂ.

ടോഡി ബോർഡ് നിലവിൽ വരുന്നത് വരെയോ മൂന്ന് വർഷത്തേക്കോ ഏതാണോ ആദ്യം അതുവരെ കള്ളുഷാപ്പുകളുടെ വില്പന തുടരാം. 2019- 20 വർഷത്തിലെ ലൈസൻസികൾക്ക് വില്പനയിൽ മുൻഗണന നൽകും. ആദ്യവില്പനയിൽ പോകാത്ത ഷാപ്പുകൾ തൊട്ടടുത്ത പ്രവൃത്തിദിവസം അമ്പത് ശതമാനം വാടക കുറച്ച് വില്പന നടത്താം. അവിടെയും വിറ്റുപോകാത്തവ അടുത്ത ദിവസം തൊഴിലാളിക്കമ്മിറ്റികൾക്ക് നിലവിലെ വ്യവസ്ഥകൾ പ്രകാരം 500രൂപ വാടകയ്ക്ക് നൽകാം. ഇത്തരത്തിൽ വില്പന നടത്തുമ്പോൾ ഒരു ഗ്രൂപ്പിന് ഒന്നിൽ കൂടുതൽ അപേക്ഷയുണ്ടെങ്കിൽ ലൈസൻസിയെ നറുക്കെടുപ്പിലൂടെ നിശ്ചയിക്കും.

നിയമനം പി.എസ്.സിക്ക്

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ കേരള പബ്ലിക് സർവീസ് കമ്മിഷൻ നിയമത്തിൽ ഭേദഗതി വരുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു.