തിരുവനന്തപുരം: കെ.എ.എസ് പരീക്ഷാ ചോദ്യങ്ങൾ ചോർന്നെന്നും ഗൈഡുകളിൽ നിന്നുള്ള ചോദ്യങ്ങൾ ഉപയോഗിച്ചെന്നുമുള്ള പ്രചാരണം അനാവശ്യമാണെന്നും വിവാദങ്ങളുണ്ടാക്കി പി.എസ്.സിയുടെ വിലയേറിയ സമയമാണ് കളയുന്നതെന്നും ചെയർമാൻ എം.കെ. സക്കീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഓരോ പരീക്ഷ കഴിയുമ്പോഴും ആരോപണങ്ങൾ ഉയരുന്നത് ഒരു ഭരണഘടനാ സ്ഥാപനത്തെ കളിയാക്കുന്നതിനു തുല്യമാണ്. ഈ വർഷം 300 - 400 വരെ പരീക്ഷകൾ കേരള പി.എസ്.സിക്ക് നടത്താനുണ്ട്. വിദഗ്ദ്ധർ അടങ്ങിയ പാനലാണ് പി.എസ്.സിക്കായി ചോദ്യം തയ്യാറാക്കുന്നത്. ചോദ്യകർത്താവിനല്ലാതെ പി.എസ്.സിക്കോ അംഗങ്ങൾക്കോ ഉദ്യോഗസ്ഥർക്കോ ഇതിൽ കൈകടത്താനാകില്ല.
കെ.എ.എസ് പരീക്ഷയ്ക്കായി ഒരു വർഷത്തോളമെടുത്താണ് ചോദ്യങ്ങൾ തയ്യാറാക്കിയത്. വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ആയിരക്കണക്കിന് മത്സര പരീക്ഷകളിലെ ചോദ്യങ്ങളെല്ലാം ഇപ്പോൾ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. ഒരു ചോദ്യപേപ്പർ തയ്യാറാക്കുമ്പോൾ നൂറുകണക്കിന് പുസ്തകങ്ങളും വെബ്‌സൈറ്റുകളുമായിരിക്കും ചോദ്യകർത്താവിന് വിലയിരുത്തേണ്ടി വരിക. അപ്പോൾ ചില നിലവാരമുള്ള ചോദ്യങ്ങളും ഓപ്ഷനുകളും യാദൃശ്ചികമായി കണ്ടെത്തുന്നത് ഉൾപ്പെടുത്തിയേക്കാം. കെ.എ.എസ് പരീക്ഷയിൽ ആറ് ചോദ്യങ്ങൾ മത്സരപരീക്ഷാ ഗൈഡുകളിൽ നിന്നും പാകിസ്ഥാനിലെ മത്സരപരീക്ഷയിൽ നിന്നും വന്നത് ഇങ്ങനെയാകാം.

കെ.എ.എസ് പരീക്ഷ കടുപ്പമായിരുന്നുവെന്ന പരാതിക്കും അടിസ്ഥാനമില്ല. ചോദ്യങ്ങൾ താണ നിലവാരത്തിലുള്ളതായിരുന്നെങ്കിൽ കെ.എ.എസ് പോലൊരു തസ്തികയ്ക്ക് ചേരുന്ന നിലവാരം പുലർത്തിയില്ലെന്നായിരിക്കും പരാതി.
മത്സര പരീക്ഷാ കേന്ദ്രങ്ങൾക്ക് കമ്മിഷനുമായി ബന്ധമുണ്ടെന്ന് പൊതുജനം തെറ്റിദ്ധരിക്കുമെന്നതിനാലാണ് പി.എസ്.സിയുടെ പേര് ഉപയോഗിക്കുന്നത് വിലക്കിയത്. കമ്മിഷൻ തന്നെയാണ് ഇത്തരം സ്ഥാപനങ്ങൾ റെയ്ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതെന്നും ചെയർമാൻ പറഞ്ഞു.