തിരുവനന്തപുരം: ഇ.അഹമ്മദ് അനശ്വര ഓർമ്മകൾ അവശേഷിപ്പിച്ച നേതാവാണെന്ന് കെ. പി. സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ . മുൻ കേന്ദ്രമന്ത്രിയും മുസ്ലീം ലീഗിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായിരുന്ന ഇ. അഹമ്മദിന്റെ മൂന്നാം ചരമവാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര മന്ത്രിയായിരുന്നകാലത്ത് അദ്ദേഹം ഇന്ത്യയ്‌ക്ക് നൽകിയ സംഭാവനകൾ ആരും മറക്കില്ല. പ്രവാസികളായ ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമായിരുന്നു അദ്ദേഹം. കറപുരളാത്ത രാഷ്ട്രീയക്കാരനായ അദ്ദേഹത്തിന്റെ ജീവിതമാണ് ഓരോ യുവ പ്രവർത്തകരും മാതൃകയാക്കുന്നത്. കോൺഗ്രസിന്റെ എല്ലാ പ്രധാന മന്ത്രിമാരുമായും ആത്മബന്ധം പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ വിടവ് ഒരിക്കലും നികത്താനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. തലസ്ഥാനത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമം അംഗീകരിക്കാനാവില്ല. കോൺഗ്രസിന്റെ അവസാന പ്രവർത്തകനെങ്കിലും ഉള്ളടത്തോളം സംഘപരിവാറിന് ന്യൂനപക്ഷങ്ങളെ തൊടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ, മുസ്ലീം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, സംസ്ഥാന സെക്രട്ടറി ബീമാപ്പള്ളി റഷീദ്, ജില്ലാ സെക്രട്ടറി കണിയാപുരം ഹലീൽ, പ്രസിഡന്റ് തോന്നയ്ക്കൽ ജമാൽ എന്നിവർ സംസാരിച്ചു.