തിരുവനന്തപുരം :ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം മാർച്ച് ഒന്നിന് ആരംഭിക്കും. മാർച്ച് 9നാണ് ചരിതപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല.സർക്കാരിന്റെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടക്കുന്ന ക്രമീകരണം അവസാനഘട്ടത്തിലാണെന്ന് ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ കെ.ശശിധരൻ നായർ,പ്രസിഡന്റ് വി.ചന്ദ്രശേഖരപിള്ള എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് ഒന്നിന് രാവിലെ 9.30ന് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെ ഉത്സവത്തിന് തുടക്കമാകും.
വൈകിട്ട് 6.30ന് കലാപരപാടികൾ ചലച്ചിത്ര താരം അനു സിത്താര ഉദ്ഘാടനം ചെയ്യും.ആറ്റുകാൽ അംബാ പുരസ്‌കാരം ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്ക് സമ്മാനിക്കും.ട്രസ്റ്റ് സെക്രട്ടറി കെ.ശിശുപാലൻ നായർ, ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ വി.ശോഭ,കമ്മിറ്റി അംഗങ്ങളായ ഡി.രാജേന്ദ്രൻ നായർ,ആർ.ജെ.പ്രദീപ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.പൊങ്കാല അർപ്പിക്കുന്നവരും ഭക്ഷണ വിതരണം ചെയ്യുന്നവരും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
അറിയേണ്ടത്
3ന് രാവിവെ 9ന് കുത്തിയോട്ട വ്രതം ആരംഭിക്കും
800ബാലൻമാർ കുത്തിയോട്ടത്തിന് രജിസ്റ്റർ ചെയ്തു
ഈമാസം 28വരെ കുത്തിയോട്ടത്തിന് രജിസ്റ്റർ ചെയ്യാം
9ന് രാവിലെ 10.20ന് പണ്ടാര അടുപ്പിൽ തീകത്തിക്കും
ഉച്ചയ്ക്ക് 2.10ന് പൊങ്കാല നിവേദിക്കും
രാത്രി 7.30ന് കുത്തിയോട്ടം ചൂരൽകുത്ത്
രാത്രി 10.30ന് ദേവിയെ മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും
പുലർച്ചെ എഴുന്നള്ളത്ത് തിരികെ ക്ഷേത്രത്തിലെത്തിയ ശേഷം രാവിലെ 8 ന് ദേവിയെ അകത്തെഴുന്നള്ളിക്കും രാത്രി 9.20 കാപ്പഴിപ്പ്
12.30ന് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും
അംബ, അംബിക, അംബാലിക വേദികളിലായി ദിവസവും കലാപരിപാടികൾ അരങ്ങേറും
ഹരിതചട്ടം കൂടുതൽ കർക്കശമാക്കും