തിരുവനന്തപുരം: ട്രാൻസ്പോർട്ട് ബസുകൾ ഒഴികെയുള്ള എല്ലാ വാഹനങ്ങളിലും മാർച്ച് 31നു മുമ്പ് ജി.പി.എസ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ് (വി.എൽ.ടി.ഡി) നിർബന്ധമാക്കാൻ തീരുമാനിച്ചു. ജി.പി.എസുമായി ബന്ധപ്പെടുത്തുന്ന ഡ്രൈവർ യൂസർ കാർഡ് പദ്ധതി നടപ്പിലാക്കാനും തീരുമാനമായി. വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായുള്ള ഈ തീരുമാനത്തിൽ ഇനി വെള്ളം ചേർക്കില്ല. ഉപദേശമല്ല, കർശന നടപടിയാണ് വേണ്ടതെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിട്ടി യോഗം തീരുമാനിച്ചു. അവിനാശി അപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം.
ടാക്സികാറുകൾ, വാനുകൾ, ലോറികൾ, ട്രക്കുകൾ എന്നിവയിലാണ് മാർച്ച് 31നുമുമ്പ് ജി.പി.എസ് ഘടിപ്പിക്കേണ്ടത്. ഇല്ലെങ്കിൽ ഏപ്രിൽ ഒന്നു മുതൽ നടപടിയെടുക്കും. സ്വകാര്യ കാറുകളിലും ആട്ടോറിക്ഷകളിലും ജി.പി.എസ് വേണ്ട. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ സ്വകാര്യ ബസുകൾക്ക് ഡിസംബർ വരെ സമയം നേരത്തെ അനുവദിച്ചിരുന്നു.
'വിദേശത്ത് സുരക്ഷയ്ക്ക് സാങ്കേതിക വിദ്യ, ഇവിടെ ഇപ്പോഴും ഉപദേശവിദ്യ ശരണം!' എന്ന തലക്കെട്ടിൽ 22ന് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത അദ്ധ്യക്ഷത വഹിച്ച അതോറിട്ടി ചെയർമാൻ മന്ത്രി എ.കെ.ശശീന്ദ്രൻ യോഗത്തിൽ ചൂണ്ടിക്കാട്ടി.
വാഹനാപകടങ്ങൾ കുറയ്ക്കാൻ വിദേശരാജ്യങ്ങൾ പുതിയ സാങ്കേതിക വിദ്യകൾ നടപ്പിലാക്കുമ്പോൾ നമ്മൾ ഇപ്പോഴും നല്ലബുദ്ധി ഉപദേശിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരു വർഷം മുമ്പ് നടപ്പിലാക്കുമെന്നു പറഞ്ഞ ജി.പി.എസ് സംവിധാനംപോലും ഇതുവരെ ആയിട്ടില്ലെന്നും വിശദമാക്കുന്ന വാർത്തയിൽ വിദേശങ്ങളിൽ ഡ്രൈവർ യൂസർ കാർഡ് ഫലപ്രദമായി ഉപയോഗിച്ചുവരുന്നതായും പറഞ്ഞിരുന്നു.
ഡ്രൈവർ യൂസർ കാർഡ് സംബന്ധിച്ച പദ്ധതി നടപ്പിലാക്കാൻ സി.ഡാക്കിനെ ചുമതലപ്പെടുത്തും. കാർഡ് നിലവിൽ വരുന്നതോടെ മറ്റു തൊഴിലുകൾ പോലെ ഡ്രൈവിംഗും എട്ടു മണിക്കൂറായി നിജപ്പെടുത്താൻ കഴിയും. ലൈസൻസിൽ ചിപ്പ് ഘടിപ്പിച്ച് സ്മാർട്ട് കാർഡാക്കുന്ന പദ്ധതിയാണ് പരിഗണിക്കുന്നത്.
ഡ്രൈവിംഗ് എട്ടു മണിക്കൂറാകുമ്പോഴേക്കും വാണിംഗ് ബെൽ മുഴങ്ങും. അതു കഴിയുമ്പോൾ വണ്ടി നിറുത്താൻ ആവശ്യം വരും. പിന്നെയും ഓടിച്ചാൽ കൺട്രോൾ റൂമിൽ കിട്ടുന്ന സന്ദേശം അനുസരിച്ച് ഉദ്യോഗസ്ഥർക്ക് വണ്ടി തടയാൻ സാധിക്കും. ചീഫ് സെക്രട്ടറി ടോം ജോസ്, പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ, വിവിധ വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.
ട്രിപ്പ് ഷീറ്റ് നിർബന്ധമാക്കും
ദീർഘദൂരം വാഹനം ഓടിക്കുന്നുണ്ടോ എന്നു പരിശോധിക്കുന്നതിന് വാഹനങ്ങളിൽ ട്രിപ്പ് ഷീറ്റ് നിർബന്ധമാക്കും. വണ്ടി പുറപ്പെടുന്ന സമയം, സ്ഥലം, വാഹനം ഓടിക്കും മുമ്പുള്ള വാഹനം ഓടിയ കിലോമീറ്റർ തുടങ്ങിയവ രേഖപ്പെടുത്തണം. വാഹന പരിശോധനയ്ക്കും മറ്റും റോഡ് സുരക്ഷാ അതോറിട്ടി കമ്മിഷണർക്ക് കൂടുതൽ അധികാരം നൽകും. സംയുക്ത പരിശോധന കർശനമാക്കും.
മറ്റ് തീരുമാനങ്ങൾ
എല്ലാ ജില്ലകളിലും പ്രത്യേക സ്ക്വാഡ്. ട്രക്ക്, ലോറി ഡ്രൈവർമാർക്കായി മാർഗരേഖ തയ്യാറാക്കും
കെ.എസ്.ആർ.ടി.സി ബസുകളിൽ നിശ്ചിത സമയത്ത് ജീവനക്കാർ മാറുന്ന ക്രൂചെയ്ഞ്ച് സംവിധാനം