തിരുവനന്തപുരം: സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന വനിത ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ പോഷണ സമ്മേളനം നാളെയും മറ്റെന്നാളുമായി നടക്കും. ജഗതിയിലെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ ' സൂക്ഷ്‌മ പോഷണക്കുറവ് വെല്ലുവിളികളും മുന്നോട്ടുള്ള പ്രയാണവും ' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനം നാളെ രാവിലെ 10.30ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി കെ.കെ. ശൈലജ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചെറിയ കുട്ടികൾക്ക് പോഷകാഹാരം ഉറപ്പ് വരുത്താൻ അങ്കണവാടികളിൽ രണ്ട് വയസിന് മുകളിലേക്കുള്ള കുട്ടികളേയും പ്രവേശിപ്പാൻ തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം ചൂഴമ്പാലയിൽ പ്രവർത്തനം തുടങ്ങി. ഒരു വർഷത്തിനകം എല്ലാ പഞ്ചായത്തുകളിലും രണ്ട് വയസിന് മുകളിലുള്ള കുട്ടികളെ പ്രവേശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.