തിരുവനന്തപുരം: രാത്രിയിൽ കോട്ടുവായിട്ടും കണ്ണു തിരുമ്മിയുമൊക്കെ വാഹനം ഓടിച്ചു പോകുന്നവർക്ക് ഒരു കട്ടൻ ചായ കിട്ടിയാൽ എങ്ങനെയിക്കും? ഊതിക്കുടിച്ച ശേഷം ഉന്മേഷത്തോടെ വണ്ടി ഓടിച്ചങ്ങ് പോകാം. ദീർഘദൂരം വണ്ടി ഓടിക്കുന്നവർക്ക് രാത്രിയിൽ കട്ടൻചായ കൊടുക്കുന്ന പദ്ധതി നടപ്പിലാക്കാൻ സർക്കാർ തീരുമാനം.
ഇതിനായി വിവിധ മാർഗങ്ങളാണ് ആലോചിക്കുന്നത്. ദേശീയപാതകളുടെയും ബൈപ്പാസുകളുടെയും ഓരത്ത് പൊതുമാരമത്ത് വകുപ്പ് ലഭ്യമാക്കുന്ന സ്ഥലങ്ങളിൽ വാഹനം പാർക്കു ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുന്നതോടൊപ്പം ടീ സ്റ്റാൾ തുറക്കുക, ഇത്തരം ടീ- സ്റ്റാളുകളുടെ നടത്തിപ്പ് കുടുംബശ്രീയെ ഏൽപ്പിക്കുക, പെട്രോൾ പമ്പിനോടു ചേർന്ന് ഡ്രൈവർമാർക്ക് കട്ടൻചായ വിതരണം ചെയ്യുക, സന്നദ്ധ സംഘടനകളുടെ സഹായത്തോടെ കട്ടൻചായ വിതരണം സൗജന്യമായി നടത്തുക എന്നിവയാണ് പരിഗണിക്കുന്നത്. വടക്കൻ കേരളത്തിൽ ചില സ്ഥലങ്ങളിൽ ക്ലബുകളും സന്നദ്ധ സംഘടനകളും ഇപ്പോൾ ഡ്രൈവർമാക്ക് ചായ നൽകുന്നുണ്ട്.
കണ്ടെയ്നർ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങളിലെ ഡ‌്രൈവർമാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായുള്ള റിപ്പോർട്ട് തയ്യാറാക്കും. ഇതിനായി ഗതാഗത കമ്മിഷണർ, ലേബർ കമ്മിഷണർ, റോഡ് സേഫ്ടി കമ്മിഷണർ എന്നിവരുൾപ്പെട്ട ഒരു കമ്മിറ്റിക്ക് ഇന്നലെ നടന്ന ട്രാൻസ്പോർട്ട് അതോറിട്ടി യോഗം രൂപം നൽകി.