തിരുവനന്തപുരം: ജോസഫ് പക്ഷത്തേക്ക് പോയ ജോണി നെല്ലൂരിനെ പാർട്ടിയുടെ മുന്നണി പ്രതിനിധി സ്ഥാനത്ത് നിന്നും യു.ഡി.എഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കാനാവശ്യപ്പെട്ട് കേരള കോൺഗ്രസ്-ജേക്കബ് വിഭാഗം ലീഡർ അനൂപ് ജേക്കബ് യു.ഡി.എഫ് നേതൃത്വത്തിന് കത്ത് നൽകി. ജോണിക്ക് പകരം വാക്കനാട് രാധാകൃഷ്ണനെ നിയോഗിക്കണമെന്നാണ് ആവശ്യം.
ജോണി നെല്ലൂർ ജോസഫ് ഗ്രൂപ്പിൽ ലയിക്കുന്ന സാഹചര്യത്തിൽ യു.ഡി.എഫ് സെക്രട്ടറിസ്ഥാനം ഇനി ജേക്കബ് ഗ്രൂപ്പിന് നൽകരുതെന്നാവശ്യപ്പെട്ട് ജോസ് കെ.മാണി മറ്റൊരു കത്തും നൽകി. ഇപ്പോൾ ചർച്ച ചെയ്യേണ്ടെന്ന് വ്യക്തമാക്കി രണ്ട് കത്തുകളും നേതൃത്വം മാറ്റിവച്ചു. ജോണി നെല്ലൂർ ജോസഫുമായി ലയിക്കുന്ന മാർച്ച് ഏഴിന് ശേഷം കത്ത് പരിഗണിക്കാമെന്നാണ് അനൂപിനെ അറിയിച്ചിരിക്കുന്നത്.
പിന്നീട് ഉഭയകക്ഷി ചർച്ച നടത്തിയപ്പോഴും ഇക്കാര്യം പരാമർശിക്കപ്പെട്ടു. എന്നാൽ, താൻ ജേക്കബ് ഗ്രൂപ്പ് വിടുന്നത് കൊണ്ട് യു.ഡി.എഫ് സെക്രട്ടറിസ്ഥാനത്ത് നിന്ന് മാറ്റാനാവില്ലെന്ന് ജോണിനെല്ലൂർ പറഞ്ഞു. ഞാൻ നേരിട്ട അവഗണനയ്ക്കും നീതികേടിനും പകരമായി വ്യക്തിപരമായി അനുവദിക്കുന്നതാണ് ഈ സ്ഥാനമെന്നാണ് അന്ന് നേതൃത്വം വ്യക്തമാക്കിയതെന്നും ജോണി പറഞ്ഞു. ഇതൊന്നും ഇപ്പോൾ ചർച്ച ചെയ്യേണ്ടെന്ന് പറഞ്ഞ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ് അജൻഡ മാറ്റിയത്.
മുഖ്യമന്ത്രിക്കെതിരായ ആക്രമണം കടുപ്പിക്കുന്നില്ലെന്ന കെ. മുരളീധരന്റെ വിമർശനമുൾക്കൊണ്ട്, മുഖ്യമന്ത്രിയെ നേരിട്ട് ലക്ഷ്യമിടുന്ന തരത്തിൽ പ്രചാരണം കനപ്പിക്കാൻ തീരുമാനിച്ചു. സർക്കാരിനെതിരായ സമരം ശക്തമാക്കണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ഒരു സമരം തുടങ്ങുകയും പുതിയ വിഷയം വരുന്നതോടെ പഴയത് വിസ്മരിക്കുകയും ചെയ്യുന്ന സ്ഥിതി പാടില്ലെന്ന് സി.പി. ജോൺ നിർദ്ദേശിച്ചു.
മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് നിയമനങ്ങളിൽ സംവരണം നൽകുന്ന കേന്ദ്രനിയമം നടപ്പാക്കുന്നതിൽ സംസ്ഥാനം ഒളിച്ചുകളിക്കുന്നെന്ന അഭിപ്രായം യോഗത്തിലുയർന്നു. വാർത്താസമ്മേളനത്തിൽ ഇത് പറയണമെന്ന ആവശ്യമുയർന്നെങ്കിലും ലീഗിന്റെ അതൃപ്തി കാരണം ഒഴിവാക്കി.