investigation

തിരുവനന്തപുരം: വള്ളക്കടവ് യത്തീംഖാനയുടെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സാമൂഹിക നീതി വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ യത്തീംഖാനയിൽ നിന്നു മോചിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് ഉത്തരവ്. യത്തീംഖാന അധികൃതർ തന്റെ മകളെ മൃഗീയമായി ഉപദ്രവിച്ചുവെന്ന് പരാതിയിൽ പറയുന്നു. മുടിക്കെട്ട് കൂട്ടിപിടിച്ച് ഉപദ്രവം ഏൽപ്പിച്ചു. സ്ഥാപനത്തിലെ ജീവനക്കാരിയുടെ സഹായത്തോടെയായിരുന്നു ഉപദ്രവം. അന്തേവാസിയായ മറ്റൊരു പെൺകുട്ടിയെ തറയിൽ തള്ളിയിട്ട് ഉപദ്രവിക്കാറുണ്ടെന്ന് പരാതിയിൽ പറയുന്നു. യത്തിംഖാനക്കാർ ഈ കുട്ടിയെ ആശുപത്രിയിൽ കാണിച്ചെങ്കിലും അപകടത്തിന് പിന്നിലെ യഥാർത്ഥ കാരണം മറച്ചുവച്ചു. പെൺകുട്ടിക്ക് മാതാപിതാക്കൾ ഇല്ലെന്നാണ് മനസിലാക്കുന്നത്. ഉപദ്രവിക്കുന്ന വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് കുട്ടികളെ ഭീഷണിപ്പെടുത്താറുണ്ടെന്ന് പരാതിയിലുണ്ട്.


തന്റെ മകളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി അദ്ധ്യക്ഷ നിർബന്ധപൂർവ്വം യത്തീംഖാനയിലേക്ക് അയക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കെതിരെ അന്വേഷണം വേണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് മകളെ യത്തീംഖാനയിലേക്ക് അയച്ചതെന്നും പരാതിയിലുണ്ട്. യത്തീംഖാനയിൽ കഴിഞ്ഞ മകളെ ഒരു നോക്ക് കാണാൻ അനുവദിച്ചില്ലെന്നും പരാതിയിലുണ്ട്.