തിരുവനന്തപുരം :നഗരസഭയിലെ ജീവനക്കാർക്ക് ഇന്നു മുതൽ വരവും പോക്കും പഴയപോലെ ആകില്ല. പഞ്ചിംഗ് സംവിധാനം ഇന്നു മുതൽ നഗരസഭയിൽ നിലവിൽ വരും.ഒരാഴ്ച ട്രയൽ റൺനടത്തും.ഇതോടെ വർഷങ്ങളായി വൈകി ജോലിക്കെത്തിയിരുന്നവർക്ക് തിരിച്ചടിയാകും.നഗരസഭയിൽ 10ന് ഓഫീസിലെത്തി വൈകിട്ട് അഞ്ചുവരെ ഓഫീസിലുണ്ടാകുന്നവർ ചെറിയൊരുവിഭാഗം മാത്രമായിരുന്നു.മറ്റുള്ളവരെല്ലാം രാവിലെ 11ന് ഓഫീസിലെത്തി തോന്നും പോലെ മുങ്ങുന്നവരാണ്.നാളുകളായി പലവട്ടം പരാതി ഉയർന്നെങ്കിലും പഞ്ചിംഗ് സംവിധാനം ഒരുക്കാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിരുന്നില്ല.ഇന്നു മുതൽ പഞ്ചിംഗ് ആരംഭിക്കുമ്പോൾ നഗരസഭയിൽ ഇത് ചരിത്രമാകുകയാണ്.മാർച്ച് നാലിനകം വിവിധ സോണൽ,സർക്കിൾ ഓഫീസുകളിൽ കൂടി സ്ഥാപിക്കുന്ന 26 പഞ്ചിംഗ് മെഷീനുകളും 52 കാമറകളും പ്രവർത്തനക്ഷമമാകുമെന്നും മേയർ കെ.ശ്രീകുമാർ അറിയിച്ചു.
ശ്രദ്ധിക്കാൻ
ഓഫീസ് ജീവനക്കാർ രാവിലെ 10.15ന് മുമ്പ് പഞ്ച് ചെയ്യണം
വൈകിട്ട് 5.15വരെ ഡ്യൂട്ടിയിലുണ്ടാകണം
പ്യൂൺ തസ്തികയിലുള്ളവർ രാവിലെ 9.30നും വൈകിട്ട് 5.30നും പഞ്ച് ചെയ്യണം
440 ജീവനക്കാരിൽ 437പേരുടെ ബയോമെട്രിക് വിവരംശേഖരിച്ചു
10 പഞ്ചിംഗ് മെഷീനുകളാണ് മെയിൻ ഓഫീസിൽ സജ്ജമാക്കിയിട്ടുള്ളത്
ഓഫീസിന്റെ വിവിധഭാഗങ്ങളിൽ 140 കാമറകളും സ്ഥാപിച്ചിട്ടുണ്ട്
കെൽട്രാണിനാണ് കാമറകളും പഞ്ചിംഗ് മെഷീനുകളും സ്ഥാപിക്കുന്നതിനുള്ള ചുമതല