ഒളിമ്പിക് ദീപം തെളിക്കൽ ചടങ്ങിനെയും ആശങ്കയിലാഴ്ത്തി കൊറോണ വൈറസ്
ഏതൻസ് : ചൈനയിൽ നിന്ന് ലോകത്തിന്റെ വിവിധ മേഖലകളിലേക്ക് വ്യാപിച്ചു കഴിഞ്ഞ കൊറോണ വൈറസ് ഈ വർഷം നടക്കാനിരിക്കുന്ന ഒളിമ്പിക്സിനെ കാര്യമായി ബാധിക്കാനുള്ള സാദ്ധ്യത ഏറുന്നു. അടുത്ത മാസം ഗ്രീസിൽ നടക്കേണ്ട ഒളിമ്പിക്സ് ദീപം തെളിക്കൽ ചടങ്ങ് ഇപ്പോഴത്തെ സാഹചര്യത്തിൽ പതിവ് രീതിയിൽ എങ്ങനെ നടത്താൻ കഴിയും എന്നതിനെപ്പറ്റി സംഘാടകർ ആലോചന തുടങ്ങിയിരിക്കുകയാണ്.
ഏതൻസിലെ പുരാതന ഒളിമ്പ്യ ദേവാലയത്തിൽ മാർച്ച് 12 നാണ് ഒളിമ്പിക് ദീപം തെളിക്കേണ്ടത്. തുടർന്ന് ഗ്രീസിൽ ദീപശിഖാ പ്രയാണം നടത്തിയശേഷം മാർച്ച് 19 ന് ടോക്കിയോ ഒളിമ്പിക്സ് സംഘാടക സമിതിക്ക് കൈമാറണം. 37 നഗരങ്ങളിലും 15 ചരിത്ര പ്രധാന കേന്ദ്രങ്ങളിലുമായി 3500 കിലോമീറ്ററോളമാണ് ഗ്രീസിൽ പ്രയാണം നടത്തേണ്ടത്. 600 ഓളം അത്‌ലറ്റുകൾ ദീപശിഖ വഹിക്കാനുണ്ടാകും. ഓരോ സ്ഥലത്തും ആയിരക്കണക്കിന് ജനങ്ങൾ തടിച്ചുകൂടുകയും ചെയ്യും.
ഗ്രീസിൽ ഇതുവരെ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഇത്രയധികം ആളുകൾ കൂടുന്ന ചടങ്ങ് സംഘടിപ്പിക്കുന്നത് അപകടകരമാണെന്നാണ് ഗ്രീക്ക് ഒളിമ്പിക് കമ്മിറ്റിയുടെ കണക്കുകൂട്ടൽ. അതുകൊണ്ടുതന്നെ ചടങ്ങിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താനായി ഗ്രീക്ക് സർക്കാരിന്റെ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റിയുമായും ആരോഗ്യ മന്ത്രാലയവുമായും ബന്ധപ്പെട്ടിരിക്കുകയാണ്. വളരെ കുറച്ച് ആളുകളെ മാത്രം പങ്കെടുപ്പിച്ച് പ്രതീകാത്മക ദീപശിഖാ പ്രയാണം നടത്താനും പദ്ധതിയുണ്ട്.
മത്സരങ്ങൾ മാറ്റിവച്ചുകൊണ്ടേയിരിക്കുന്നു
കൊറോണ ഭീതിയെത്തുടർന്ന് ലോകമെമ്പാടുമായി നിരവധി മത്സരങ്ങളാണ് മാറ്റിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നത്.
ലോക ടേബിൾ ടെന്നിസ്
അടുത്തമാസം ദക്ഷിണ കൊറിയയിലെ ബുസാൻ നഗരത്തിൽ നടക്കേണ്ടിയിരുന്ന ലോക ടീം ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പ് മാറ്റിവച്ചു. മാർച്ച് 22-29 തീയതികളിലായി നടക്കേണ്ടിയിരുന്ന ചാമ്പ്യൻഷിപ്പ് ജൂൺ 21-28 തീയതികളിലേക്ക് മാറ്റിയെന്നാണ് ഇന്റർനാഷണൽ ടേഅിൾ ടെന്നിസ് ഫെഡറേഷൻ അറിയിച്ചിരിക്കുന്നത്.
ജെ - ലീഗ് ഫുട്ബാൾ
ജപ്പാനിലെ ഫസ്റ്റ് ഡിവിഷൻ ഫുട്ബാൾ ലീഗായ ജെ - ലീഗിലെ കഴിഞ്ഞ ദിവസത്തെ മത്സരങ്ങളാകെ മാറ്റിവച്ചു. മാർച്ച് 15 വരെയുള്ള മത്സരങ്ങളെല്ലാം മാറ്റിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ പറയുന്നു.
ചൈനീസ് ഫുട്ബാൾ ലീഗ്
ചൈനയിലെ മിക്കവാറും കായിക മേഖല എറക്കുറെ നിശ്ചലമായ സ്ഥിതിയിലാണ്. ഒരു ടൂർണമെന്റുപോലും നടക്കുന്നില്ല. വിവിധ രാജ്യങ്ങളിൽ നടക്കുന്ന ഒളിമ്പിക് യോഗ്യതാ ടൂർണമെന്റുകൾക്കും ലോക ചാമ്പ്യൻഷിപ്പുകൾക്കുമുള്ള ചൈനീസ് ടീമിന്റെ പങ്കാളിത്തവും തടഞ്ഞിരിക്കുകയാണ്.
കൊറിയൻ ലീഗ്
ദക്ഷിണ കൊറിയയിലെ ഫുട്ബാൾ, ബാസ്‌കറ്റ്ബാൾ, വോളിബാൾ ലീഗുകളൊക്കെ മാറ്റിവച്ചിരിക്കുകയാണ്. പല ലീഗുകളിലും ടിക്കറ്റെടുത്തവർക്ക് പണം തിരികെ നൽകിക്കഴിഞ്ഞു.
ഇറ്റാലിയൻ സെരി എ
വടക്കൻ ഇറ്റലിയിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ആ മേഖലയിലെ ഇറ്റാലിയൻ സെരി എ ഫുട്ബാൾ മത്സരങ്ങൾ കഴിഞ്ഞയാഴ്ച മാറ്റിവച്ചിരുന്നു. ഇന്റർമിലാന്റെ മത്സരങ്ങൾ അടക്കമാണ് മാറ്റിയത്.
ഇന്ത്യൻ ബോക്‌സർമാർ ഇറ്റലിവിടും
ഒളിമ്പിക്സ് ലക്ഷ്യമിട്ട് ഇറ്റലിയിൽ പരിശീലനം നടത്തുന്ന ഇന്ത്യൻ താരങ്ങൾ നിശ്ചയിച്ചതിലും നേരത്തേ ഒളിമ്പിക് യോഗ്യതാ മത്സരങ്ങൾക്കായി ജോർദാനിലേക്ക് പോകും. ഇറ്റലിയിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെത്തടർന്നാണിത്. 13 ഇന്ത്യൻ ബോക്സർമാരാണ് ഇറ്റലിയിലുള്ളത്.
229
കേസുകളാണ് ഇറ്റലിയിലെ വടക്കൻ ലൊംബാർഡി പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്തത് മൂന്നുപേർ മരണപ്പെട്ടു.
156
പേർക്ക് ജപ്പാനിൽ രോഗബാധ റിപ്പോർട്ട് ചെയ്തു.
# ജൂലായ് 24 നാണ് ഒളിമ്പിക്സിന് ടോക്കിയോയിൽ തുടക്കമാകേണ്ടത്.
# ഒളിമ്പിക്സ് മാറ്റിവയ്ക്കാനോ റദ്ദാക്കാനോ തയ്യാറല്ലെന്ന് സംഘാടകർ പറയുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ ആശങ്കാ ജനകമാണ്.
# കഴിഞ്ഞയാഴ്ച ആരംഭിക്കേണ്ടിയിരുന്ന സൈനിക വോളന്റിയർമാരുടെ പരിശീലനം മാറ്റിവച്ചിരിക്കുകയാണ്.
# മാർച്ച് ഒന്നിന് നടക്കേണ്ട ടോക്കിയോ മാരത്തോണിൽ പ്രധാന താരങ്ങളെ മാത്രമേ പങ്കെടുപ്പിച്ചിരുന്നുള്ളൂ.