trump-modihug


യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇന്ത്യ നൽകിയ ആഘോഷവരവേല്പാണ് രണ്ടു ദിവസമായി മാദ്ധ്യമങ്ങളുടെ വിഷയം. ട്രംപിന്റെ മടക്കത്തോടെ ഒരു ചോദ്യം ബാക്കിയായി. ഈ സന്ദർ‌ശനം ഇന്ത്യയ്‌ക്ക് നേട്ടമാണോ?​ അതെ എന്നാണ് എന്റെ ഉത്തരം. ഇന്നലെ പുറത്തുവന്ന പ്രഖ്യാപനത്തിൽ നിന്ന് മനസ്സിലാകുന്നത് പല വിഷയങ്ങളിലും അനുകൂല തീരുമാനമുണ്ടാവുകയോ,​ അതിലേക്കു നീങ്ങുകയോ ചെയ്യുന്നു എന്നാണ്.

ഇന്ത്യയും യു.എസുമായി നേരത്തെ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ആണ് ഉണ്ടായിരുന്നത്. ഇപ്പോൾ അത് കോംപ്രിഹെൻസീവ്‌ ഗ്ലോബൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ആയി. സ്ട്രാറ്റജിക് പാർട്ണർഷിപ്പ് സൈനിക കാര്യങ്ങളിലാണെങ്കിൽ വികസനം ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും ബന്ധമുള്ളതാണ് പുതിയ സമഗ്ര ആഗോളതല സഹകരണം. നേരത്തെ ബരാക് ഒബാമയുടെ സന്ദർശനത്തോടെ ഇന്ത്യ അമേരിക്കയുടെ ഏറ്റവും അടുത്ത പ്രതിരോധ പങ്കാളിയായി മാറിയിരുന്നു. പിന്നീട് നഷ്ടമായ ആ ബന്ധം പുതിയ പ്രതിരോധ കരാറിലൂടെ പുനഃസ്ഥാപിച്ചിരിക്കുകയാണ്.

ഒബാമയുടെ കാലത്തെ കരാറിൽ ആയുധങ്ങൾ ഇരുരാജ്യങ്ങളും സംയുക്ത സഹകരണത്തോടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി രൂപകല്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുമെന്നായിരുന്നു. ട്രംപിന് ഇതിൽ വിശ്വാസമില്ലാത്തതിനാൽ ആയുധം നൽകുക എന്നതു മാത്രമാണ് ഇപ്പോഴത്തെ കരാറിലുള്ളത്. അതേസമയം,​ ഇന്ത്യയുമായുള്ള അടുത്ത ബന്ധം കാരണം,​ നാറ്റോ രാജ്യങ്ങൾക്കു മാത്രം നൽകുന്ന പ്രധാന യുദ്ധോപകരണങ്ങൾ നൽകും. അവരുടെ അത്യാധുനിക വിമാനങ്ങളും യുദ്ധോപകരണങ്ങളും ഇരു രാജ്യങ്ങളുടെയും വിമാനത്താവളങ്ങളിലടക്കം ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് പുതിയ കരാർ വ്യവസ്ഥ.

ഭീകരവാദ വിഷയത്തിൽ ഇന്ത്യയുടെ ആവശ്യത്തിന് അനുകൂലമാണ് ട്രംപിന്റെ പ്രഖ്യാപനം. റാഡിക്കൽ ഇസ്ലാമിക് ടെററിസം അവസാനിപ്പിക്കണമെന്നാണ് ട്രംപിന്റെ അഭിപ്രായം. ഐ.എസ് ഐ ,അൽക്വഇദ തുടങ്ങി പാക്കിസ്ഥാൻ ഭീകരവാദം വരെ ഉൾപ്പെടുന്നതാണിത്. പാക്കിസ്ഥാനെക്കുറിച്ച് പറയുമ്പോൾ പിന്നോട്ടു പോകാറുള്ള ട്രംപ് ഇപ്പോൾ പാക്കിസ്ഥാനോട് ഭീകരവാദം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു. പാക് ഭീകരവാദം, കാശ്മീർ പ്രശ്നം എന്നിവ ചർച്ചചെയ്ത് പരിഹരിക്കണമെന്നും ഇക്കാര്യത്തിൽ ആവശ്യപ്പെട്ടാൽ മദ്ധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നുമാണ് ട്രംപ് പറയുന്നത്.

വ്യാപാര കരാർ ഉടനെ ഉണ്ടാകില്ലെന്നും ഇന്ത്യ സഹകരിക്കുന്നില്ലെന്നുമാണ് ഇവിടെ വരുന്നതുവരെ ട്രംപ് പറഞ്ഞിരുന്നത്. ഇപ്പോഴാകട്ടെ,​ കരാർ ഉടനെ ഉണ്ടാകുമെന്ന സന്ദേശമാണ് പുറത്തുവന്നത്. ഇന്ധന വ്യാപാരത്തിൽ അമേരിക്കയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങുന്നതിൽ ട്രംപ് സന്തുഷ്ടനാണ് .
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു ശതമാനം വോട്ട് ഇന്ത്യക്കാർക്കുണ്ട് . അതിൽ 56 ശതമാനവും ട്രംപിന് വോട്ടു ചെയ്യുന്നവരാണ്. ഇന്ത്യയിൽ ലഭിച്ച സ്വീകരണം തിരഞ്ഞെടുപ്പിൽ സഹായകമാകുമെന്ന കണക്കുകൂട്ടലും ട്രംപിനുണ്ട്.

ചൈനയെക്കുറിച്ച് പ്രത്യേകം പരാമർശിച്ചില്ലെങ്കിലും ഇൻഡോ - പസഫിക് മേഖലയിൽ സമാധാനം ഉറപ്പാക്കാൻ ഇരു രാജ്യങ്ങളും ശ്രമിക്കണമെന്ന് ട്രംപ് പറയുന്നുണ്ട്. ചൈനയെ ഉപരോധിക്കണമെന്ന പരോക്ഷ പ്രഖ്യാപനമാണ് ഇതിൽ നിന്ന് മനസിലാകുന്നത്. വ്യാപാര കരാറിൽ കാർഷിക ഉത്പന്നങ്ങൾ കൂടി അമേരിക്കയിൽ നിന്ന് ഇന്ത്യ വാങ്ങണമെന്ന നിർദ്ദേശമാണ് നമുക്ക് ബുദ്ധിമുട്ടായി മാറുന്നത്. വരാനിരിക്കുന്ന കരാറിൽ ഇതുണ്ടാകുമോ എന്ന് വ്യക്തമായിട്ടില്ല. പൗരത്വനിയമത്തെക്കുറിച്ചും ഇന്ത്യയിൽ നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ചും ട്രംപ് എന്ത് അഭിപ്രായം പറയുമെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ ആശങ്ക. എന്നാൽ അതെല്ലാം ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളാണെന്ന് ട്രംപ് പറഞ്ഞൊഴിഞ്ഞതോടെ കേന്ദ്ര സർക്കാരിന്റെ ഭീതി നീങ്ങി.