02

ശ്രീകാര്യം: ഗവ. എൻജിനീയറിംഗ് കോളേജ് വളപ്പിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന ചന്ദനമരം കടത്തി. കോളേജിലെ സിവിൽ ഡിപ്പാർട്ട്മെന്റിന് സമീപത്ത് നിന്ന് മുറിച്ചുകടത്തിയ ചന്ദനമരത്തിന്റെ ചുവടുഭാഗവും ചില്ലകളും സമീപത്തെ കെട്ടിടത്തിന് മുകളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഇക്കഴിഞ്ഞ 22ന് രാവിലെയാണ് മരം മുറിച്ചുകടത്തിയ സംഭവം കോളേജിലെ സെക്യൂരിട്ടി ജീവനക്കാർ അറിയുന്നത്. എന്നാൽ കഴിഞ്ഞ ദിവസം മാത്രമാണ് കോളേജ് അധികൃതർ വിവരം ശ്രീകാര്യം പൊലീസിൽ അറിയിച്ചത്. ഏഴു സുരക്ഷാ ജീവനക്കാരുടെ നേതൃത്വത്തിൽ 24 മണിക്കൂറും സുരക്ഷയൊരുക്കുന്ന കോളേജിൽ ഇത് നാലാം തവണയാണ് ചന്ദനമരങ്ങൾ നഷ്ടപ്പെടുന്നത്.

അന്വേഷണം എങ്ങുമെത്തിയില്ല

----------------------------------------------

നേരത്തെ ഇവിടെ നിന്നും ചന്ദനമരം കണ്ടെത്തിയ സംഭവത്തിൽ ഡോഗ് സ്ക്വാഡ് ഇൾപ്പെടെ പരിശോധന നടത്തിയിരുന്നു. അതിനിടെയാണ് തൊട്ടടുത്ത ആകാശവാണി നിലയത്തിൽ നിന്ന് ഇതേ രീതിയിൽ വിലപിടിപ്പുള്ള ചന്ദനമരങ്ങൾ മോഷണം പോയത്. എന്നാൽ രണ്ട് അന്വേഷണവും എങ്ങുമെത്തിയില്ല. ഈ രണ്ട് സർക്കാർ സ്ഥാപനങ്ങളുടെ പുരയിടത്തിൽ എത്ര ചന്ദന മരങ്ങൾ ഉണ്ടെന്നുള്ള വിവരം ബന്ധപ്പെട്ട സ്ഥാപനത്തിനോ വനംവകുപ്പിന്റെ അറിയില്ല. മോഷണം നടക്കുമ്പോൾ മാത്രമാണ് ചന്ദനമരമാണ് നഷ്ടപ്പെട്ടതെന്നറിയുന്നത്. കഴക്കൂട്ടം കേന്ദ്രീകരിച്ച് ചന്ദനമരങ്ങൾ മുറിച്ചുകടത്തുന്ന സംഘങ്ങൾ സജീവമായിട്ടും അന്വേഷണം ഫലപ്രദമാകുന്നില്ലെന്നാണ് പരാതി.


ചന്ദന മരങ്ങൾ മോഷണം പോകുന്ന അവസരങ്ങളിൽ കോളേജ് അധികൃതർ പരാതി നൽകാറുണ്ടെങ്കിലും ഇതുസംബന്ധിച്ച് വനംവകുപ്പിന്റെ പരിശോധന റിപ്പോർട്ട് കിട്ടിയാൽ മാത്രമേ നടപടിയെടുക്കാൻ കഴിയു

അഭിലാഷ് ഡേവിഡ്, ശ്രീകാര്യം സി.ഐ


ഇതുവരെ നടന്ന ചന്ദനമരക്കടത്തുമായി ബന്ധപ്പെട്ട ഒരു പരാതിയും ശ്രദ്ധയിൽപ്പെട്ടില്ല. എന്നാൽ വർഷങ്ങൾക്ക് മുമ്പ് ശ്രീകാര്യം ആകാശവാണി നിലയത്തിലെയും എൻജിനിയറിംഗ് കോളേജിലെയും വളപ്പുകളിൽ നിൽക്കുന്ന ചന്ദനമരങ്ങളുടെയും മറ്റ് വൃക്ഷങ്ങളുടെയും രജിസ്റ്റർ അതത് സ്ഥാപനങ്ങളിൽ രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെയും അത് പാലിക്കപ്പെട്ടിട്ടില്ല.

അജയകുമാർ (പാലോട് സെക്ഷൻ ഫോറസ്റ്റ്‌ ഓഫീസർ )