തിരുവനന്തപുരം: പൗരത്വ നിയമത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ഒക്കുപൈ രാജ്ഭവൻ എന്ന പേരിൽ രാജ്ഭവൻ ഉപരോധ സമരം ആരംഭിച്ചു. ഇന്നലെ രാവിലെ ഏഴ് മുതൽ ആരംഭിച്ച സമരം 30 മണിക്കൂറുകൾ തുടരും. ഡൽഹി ഷഹിൻബാഗിലെ സമരനായിക ബിവി അസ്‌മ ഖാത്തൂൻ ഉപരോധം ഉദ്ഘാടനം ചെയ്‌തു. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുസ്ലിം വിഭാഗങ്ങളെ മാത്രം പൗരത്വത്തിൽ നിന്ന് പുറത്താക്കാനുള്ള പദ്ധതിയാണ്. അതുകൊണ്ടു തന്നെ ഈ പൗരത്വ ഭേദഗതി പിൻവലിക്കുന്നതുവരെ സമരം തുടരുമെന്ന് അവർ പറഞ്ഞു. വിദ്യാർത്ഥി സമര നേതാവ് ആയിഷാ റെന്നക്ക് ഭരണഘടനയുടെ ആമുഖം കൈമാറിയായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടന സമ്മേളനത്തിൽ അദ്ധ്യക്ഷനായിരുന്നു. അടൂർ പ്രകാശ് എം.പി, എം.എം. ഹസൻ, കെ.പി.എ മജീദ്, റസാഖ് പാലേരി, ഡോ. അൻസാർ അബൂബക്കർ, ജബീന ഇർഷാദ്, കെ. ഹനീഫ എന്നിവർ സംസാരിച്ചു. ഒക്കുപൈ രാജ്ഭവന്റെ ഭാഗമായി സമരപ്രവർത്തകരുടെ കലാസംഗീതാവിഷ്‌കാരങ്ങളും പ്രതിഷേധ നാടകവും അരങ്ങേറി. സമരത്തിൽ പങ്കെടുക്കാൻ അതിരാവിലെ മുതൽ തന്നെ നഗരത്തിലേക്ക് പ്രവർത്തകരെത്തിയിരുന്നു. തിരക്ക് പരിഗണിച്ച് പൊലീസ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.