cristiano-ronaldo
cristiano

യുവേഫ ചാമ്പ്യൻഷിപ്പ് ലീഗിൽ ഇന്ന് കരുത്തൻമാരുടെ ആദ്യപാദ പ്രീക്വാർട്ടർ പോരാട്ടങ്ങൾ

യുവന്റ്സ് Vs ഒളിമ്പിക് ലിയോൺ,

റയൽമാഡ്രിഡ് Vs മാഞ്ചസ്റ്റർ സിറ്റി

ടി.വി. ലൈവ് : രാത്രി 1.30 മുതൽ ടെൻ ചാനൽ ഗ്രൂപ്പിൽ

മാഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് രാത്രി തകർപ്പൻ പോരാട്ടങ്ങൾ. ഫ്രാൻസിലെ ലിയോണിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തോളിലേറിയെത്തുന്ന ഇറ്റാലിയൻ ക്ളബ് യുവന്റ്സ് ഫ്രഞ്ച് ക്ളബ് ഒളിമ്പിക് ലിയോണിനെ നേരിടുമ്പോൾ തകർപ്പൻ പോരാട്ടം നടക്കുന്നത് മാഡ്രിഡിലായിരിക്കും. സാന്റിയാഗോ ബെർണബ്യൂവിൽ ഏറ്റുമുട്ടുന്നത് മുൻ ചാമ്പ്യൻമാരായ റയൽ മാഡ്രിഡും ബാഴ്സലോണയെ ജേതാക്കളാക്കിയ പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയുമാണ്.

തുടർച്ചയായി ഇറ്റാലിയൻ സെരി എയിൽ ചാമ്പ്യൻമാരായപ്പോഴും അകന്നുനിന്ന യൂറോപ്യൻ കിരീടം സ്വന്തമാക്കാനാണ് കഴിഞ്ഞ സീസണിൽ യുവന്റ്സ് വമ്പൻ തുക മുടക്കി ചാമ്പ്യൻസ് ലീഗ് സ്പെഷ്യലിസ്റ്റായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൊണ്ടുവന്നത്. എന്നാൽ ആദ്യ സീസണിൽ ലക്ഷ്യം നിറവേറ്റാൻ അഞ്ചു തവണ ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടിട്ടുള്ള ക്രിസ്റ്റ്യാനോയ്ക്ക് കഴിഞ്ഞിട്ടില്ല. ഈ സീസണിൽ അതിന് സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ആരാധകർ.

ഈ സീസണിൽ ചാമ്പ്യൻസ് ലീഗിന്റെ തുടക്കത്തിൽ ക്രിസ്റ്റ്യാനോ അത്ര മികച്ച ഫോമിലായിരുന്നില്ല. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. യുവന്റ്സിനായി ഈ വർഷം നടന്ന എല്ലാ മത്സരങ്ങളിലും സ്കോർ ചെയ്ത് മിന്നുന്ന ഫോമിലാണ് ക്രിസ്റ്റ്യാനോ.

കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ഒന്നുമാത്രമാണ് യുവന്റ്സ് തോറ്റത്. ഒരു സമനിലയും വഴങ്ങി. ലിയോൺ അത്ര മെച്ചപ്പെട്ട നിലയിലല്ല. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ രണ്ട് ജയം മാത്രം. രണ്ട് സമനിലകൾ ഒരു തോൽവി.

ഗ്രൂപ്പ് റൗണ്ടിൽ ആറിൽ അഞ്ച് മത്സരങ്ങളും ജയിച്ച് ഡി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായാണ് യുവന്റ്സ് പ്രീക്വാർട്ടറിലേക്ക് കടന്നിരിക്കുന്നത്.

ജി ഗ്രൂപ്പിൽ രണ്ട് മത്സരങ്ങൾ മാത്രം ജയിച്ചാണ് ലിയോൺ പ്രീക്വാർട്ടർ കണ്ടത്. രണ്ട് കളി സമനിലയിലായി. രണ്ടെണ്ണം തോറ്റു.

122

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള താരമാണ് ക്രിസ്റ്റ്യാനോ.

17

ഒരു ചാമ്പ്യൻസ് ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള താരം ക്രിസ്റ്റ്യാനോയാണ്. 2013/14 സീസണിൽ 17 ഗോളുകൾ.

3

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ ഗോൾ നേടിയ ഏക താരം.

6

ഗ്രൂപ്പ് റൗണ്ടിലെ എല്ലാ മത്സരങ്ങളിലും ഗോളടിച്ച ഏക താരം

11

ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ തുടർച്ചയായി ഗോളടിച്ച താരം

10

ചാമ്പ്യൻസ് ലീഗിൽ ഒരു ക്ളബിനെതിരെ ഏറ്റവും കൂടുതൽ ഗോൾ നേടിയിട്ടുള്ള താരം ക്രിസ്റ്റ്യാനോയാണ് - 10 എണ്ണം. ഇപ്പോഴത്തെ ക്ളബ് യുവന്റ്സിനെതിരെയാണ് ഇതെന്നതാണ് ഏറെ കൗതുകകരം.

5

ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് ഫൈനലുകൾ ജയിച്ചതാരം.

പെപ്പും സിദാനും തമ്മിൽ

ഇന്ന് നടക്കുന്ന റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള ആദ്യ പാദ പ്രീ ക്വാർട്ടർ റയൽ കോച്ച് സിനദിൻ സിദാനും സിറ്റി കോച്ച് പെപ് ഗ്വാർഡിയോളയും തമ്മിലുള്ള പോരാട്ടമാകും. പണ്ട് സിദാൻ റയലിനായും പെപ് ബാഴ്സയ്ക്കായും കളിക്കാരന്റെ കുപ്പായമണിഞ്ഞിരുന്നതുമുതലുള്ള നേർക്ക് നേർ പോരാട്ടമാണ് ഇരുവരുടെയും,

ബാഴ്സലോണയെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ശേഷമാണ് പെപ് പരിശീലകനായി സിറ്റിയിലേക്ക് എത്തിയത്. സിദാനാകട്ടെ റയലിന്റെ പരിശീലകനായി എത്തിയ ആദ്യ രണ്ട് സീസണുകളിലും ചാമ്പ്യൻസ് ലീഗ് നേടിക്കൊടുത്തു.

ഇതാദ്യമായാണ് പരിശീലകരെന്ന നിലയിൽ സിദാനും പെപ് ഗ്വാർഡിയോളയും നേർക്ക് നേർ വരുന്നത്.

''ഇത് സിദാനും പെപ് ഗ്വാർഡിയോളയും തമ്മിലുള്ള ഏറ്റുമുട്ടലല്ല. റയൽമാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള മത്സരമാണ്. ലോകത്തെ ഏറ്റവും മികച്ച പരിശീലകനായി ഞാൻ പരിഗണിക്കുന്നത് പെപ്പിനെയാണ്. ബാഴ്സലോണയിലും ബയേണിലും മാഞ്ചസ്റ്റർ സിറ്റിയിലുമൊക്കെയായി അദ്ദേഹം തന്റെ പാടവം പലതവണ തെളിയിച്ചുകഴിഞ്ഞു.

സിനദിൻ സിദാൻ

റയൽ മാഡ്രിഡ് കോച്ച്