തിരുവനന്തപുരം: അതിരാവിലെ മരത്തിൽ കയറി ആത്മഹത്യ ഭീഷണിമുഴക്കിയയാളിനെ ഫയർഫോഴ്‌സ് വലയിലാക്കി താഴെയിറക്കി. ഇന്നലെ രാവിലെ 8ഓടെ അട്ടക്കുളങ്ങര സബ് ജയിലിന് മുന്നിലെ ആൽമരത്തിന്റെ മുകളിൽ നിന്നാണ് ചെങ്കൽച്ചൂള സ്വദേശി പി.പി. ഹരിയെ ഫയർഫോഴ്‌സ് സംഘം താഴെയിറക്കിയത്. മിഠായി തെരുവ് മാതൃകയിൽ ചാലയെ സൗന്ദര്യവത്‌കരിക്കുക, ചാലയിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുക, ഗുണ്ടായിസം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ എഴുതിയ നോട്ടീസുമായാണ് ഇയാൾ മരത്തിന് മുകളിൽ കയറിയിരുന്നത്. കൈയിൽ പെട്രോളും കഴുത്തിൽ കുരുക്കിട്ട നിലയിൽ കയറും കരുതിയിരുന്നു. ഇയാളുടെ ശ്രദ്ധ തിരിച്ചശേഷം മരത്തിന് മുകളിൽ കയറിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ബലമായി ഇയാളെ പിടികൂടി വലയിൽ കെട്ടി താഴെയിറക്കുകയായിരുന്നു. ഇയാൾ താഴേക്ക് ചാടിയാൽ രക്ഷിക്കാനായി വല വിരിച്ച ശേഷമാണ് ഇയാളെ താഴെയിറക്കിയത്. മാനസിക അസ്വസ്ഥയുമുള്ളയാളാണ് ഹരിയെന്ന് ഫയർഫോഴ്‌സ് പറഞ്ഞു. സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ രക്ഷിച്ച് പൊലീസിന് കൈമാറിയത്.