liverpool
liverpool

പ്രിമിയർ ലീഗിൽ സീസണിലെ 18-ാം തുടർ ജയവുമായി ലിവർപൂൾ കിരീടത്തിലേക്ക്

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ ചരിത്രത്തിനൊപ്പമെത്തി ലിവർപൂളിന്റെ കുതിപ്പ്. ഇന്നലെ സീസണിലെ 18-ാം തുടർ ജയമെന്ന മാഞ്ചസ്റ്റർ സിറ്റിയുടെ ചരിത്രത്തിനൊപ്പമെത്തി ലിവർപൂൾ വർഷങ്ങൾക്ക് ശേഷമുള്ള കിരീടത്തിലേക്ക് ഒരു ചുവടുകൂടി അടുത്തു.

വെസ്റ്റ്‌ഹാം യുണൈറ്റഡിനെതിരെ 3-2 നായിരുന്നു ലിവറിന്റെ 18-ാം വിജയം. ഒരു ഘട്ടത്തിൽ സീസണിലെ ആദ്യ തോൽവി വഴങ്ങുമോ എന്ന് ആരാധകരെ മുൾമുനയിൽ നിറുത്തിയ ശേഷമായിരുന്നു വിജയത്തിലേക്കുള്ള തിരിച്ചുവരവ്.

സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഒൻപതാം മിനിട്ടിൽ വിയനാൽഡമിലൂടെ ലിവർപൂൾ മുന്നിലെത്തിയിരുന്നു. എന്നാൽ 12-ാം മിനിട്ടിൽ ഡയോപ്പും 54-ാം മിനിട്ടിൽ പാബ്‌ളോ ഫോർണാൽസും നേടിയ ഗോളുകൾ വെസ്റ്റ്‌ഹാമിനെ 2-1 ന് മുന്നിലെത്തിച്ചു. 68-ാം മിനിട്ടിൽ മുഹമ്മദ് സലാഹ് കളി സമനിലയിലെത്തിച്ചപ്പോൾ 81-ാം മിനിട്ടിൽ സാഡിയോ മാനേയാണ് വിജയഗോളടിച്ചത്.

18

പ്രിമിയർ ലീഗിൽ ഏറ്റവും കൂടുതൽ തുടർ വിജയങ്ങളെന്ന് 2017ൽ ആഗസ്റ്റിനും ഡിസംബറിനുമിടയിൽ മാഞ്ചസ്റ്റർ സിറ്റി കുറിച്ച റെക്കാഡിനൊപ്പം ലിവർപൂളും എത്തി.

79

പോയിന്റാണ് ഈ സീസണിൽ ലിവർപൂൾ 27 മത്സരങ്ങളിൽ നിന്ന് നേടിയിരിക്കുന്നത്. രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിക്ക് 57 പോയിന്റേയുള്ളൂ.

26

വിജയങ്ങളാണ് ഈ സീസണിൽ ലിവർപൂൾ ആകെ നേടിയിരുന്നത്. ഒറ്റക്കളിപോലും തോറ്റിട്ടില്ല.

2019 ഒക്ടോബർ 20

നാണ് ഈ സീസണിൽ ആദ്യമായും അവസാനമായും ലിവർപൂൾ ജയിക്കാതിരുന്ന മത്സരം. അന്ന് മാഞ്ചസ്റ്റർ സിറ്റിയുമായി സമനില വഴങ്ങുകയായിരുന്നു.

22

പോയിന്റിന്റെ ലീഡാണ് സീസണിൽ 11 മത്സരങ്ങൾ കൂടി ശേഷിക്കവേ ലിവർപൂളിനുള്ളത്.

19

ഗോളുകൾ ഈ സീസണിൽ സലാ ലിവർപൂളിനായി നേടിക്കഴിഞ്ഞു.

''തീർത്തും അവിശ്വസനീയമാണ് ഈ വിജയക്കുതിപ്പ്. ഈ സീസണിന്റെ തുടക്കത്തിൽ തന്നെ ചരിത്രം തിരുത്തിയെഴുതുമെന്ന് ഞാൻ പറഞ്ഞിരുന്നു. എന്റെ കുട്ടികൾ അത് കാര്യമായെടുത്തു.''

യൂർഗൻ ക്ളോപ്പ്

ലിവർപൂൾ കോച്ച്