തിരുവനന്തപുരം: ഇന്നലെ രാവിലെ മുതൽ ആരംഭിച്ച രാജ്ഭവൻ ഉപരോധ സമരം കാരണം ഉപരോധത്തിലായത് സാധാരണ യാത്രക്കാരാണ്. സമരം തുടങ്ങുന്നതിനു മുമ്പ് തന്നെ സമീപ റോഡുകളിലെ ഗതാഗതം തടസപ്പെട്ടിരുന്നു. വെള്ളയമ്പലം കവടിയാർ റോഡിലെ ഗതാഗതം പൂർണമായും തടസപ്പെട്ടു. ഉപരോധ സമരം ആരംഭിച്ചത് മുതൽ മ്യൂസിയത്ത് നിന്നും വെള്ളയമ്പലം വഴിയുള്ള ഗതാഗതം ഇന്നലെ ഏറെക്കുറേ ബുദ്ധിമുട്ടിലായി. ഉപരോധം നടക്കുന്നതിനാൽ അതീവ സുരക്ഷയാണ് രാജ്ഭവനും പരിസരത്തും പൊലീസ് ഒരുക്കിയിട്ടുള്ളത്. രണ്ട് എസ്.പിമാരുടെ നേതൃത്വത്തിൽ നാനൂറോളം പൊലീസുകാരെയാണ് സുരക്ഷയ്‌ക്കായി നിയോഗിച്ചിരിക്കുന്നത്. ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുക്കുന്ന ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ പി. പരമേശ്വരൻ അനുസ്‌മരണം നടക്കുന്ന ഉദയ് പാലസ് കൺവെൻഷൻ സെന്ററിലും പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.