മാർച്ച് രണ്ടിന്
ധോണിയിറങ്ങും
ചെന്നൈ : 13-ാം സീസൺ ഐ.പി.എല്ലിനായുള്ള നായകൻ മഹേന്ദ്രസിംഗ് ധോണിയുടെ പരിശീലനം മാർച്ച് രണ്ടിന് ചെപ്പോക്ക് സ്റ്റേഡിയത്തിൽ തുടങ്ങുമെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് ക്ളബ് അറിയിച്ചു. 38 കാരനായ ധോണിക്കൊപ്പം സുരേഷ് റെയ്ന ഉൾപ്പെടെയുള്ള സൂപ്പർ കിംഗ്സ് താരങ്ങളുമുണ്ടാകും. മാർച്ച് 19 ന് ഫുൾ ടീം പരിശീലനം തുടങ്ങും. 29 ന് മുംബയ് ഇന്ത്യൻസുമായാണ് സൂപ്പർ കിംഗ്സിന്റെ ഉദ്ഘാടന മത്സരം.
കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം ധോണി കളിക്കളത്തിൽ ഇറങ്ങിയിട്ടില്ല.
കൊഹ്ലി ഏഷ്യാ ഇലവനിൽ
ധാക്ക : ബംഗ്ളാദേശിന്റെ സ്ഥാപക നേതാവ് ഷെയ്ഖ് മുജീബ് ഉർ റഹ്മാന്റെ ജന്മശതാബ്ദിയുടെ ഭാഗമായി ലോക ഇലവനെതിരെ നടക്കുന്ന ട്വന്റി - 2 മത്സരത്തിനുള്ള ഏഷ്യ ഇലവനിൽ ഇന്ത്യൻ താരങ്ങളായ വിരാട് കൊഹ്ലി, മുഹമ്മദ് ഷമി, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, കുൽദീപ് എന്നിവർ കളിക്കുമെന്ന് ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. മാർച്ച് 21, 22 തീയതികളിലാണ് മത്സരങ്ങൾ. ഇതിൽ ഒരു മത്സരത്തിൽ മാത്രമേ കൊഹ്ലി കളിക്കാനിടയുള്ളൂ. ക്രിസ് ഗെയ്ൽ, ഡുപ്ളെസി തുടങ്ങിയവർ ലോക ഇലവനിൽ കളിക്കും.
പെയ്സ് ഡേവിസ് കപ്പ് ടീമിൽ
ന്യൂഡൽഹി : ക്രൊയേഷ്യയ്ക്കെതിരായ ഡേവിസ് കപ്പ് ടെന്നിസ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ വെറ്ററൻ താരം ലിയാൻഡർ പെയ്സിനെ ഉൾപ്പെടുത്തി. മാർച്ച് 6, 7 തീയതികളിൽ സാഗ്രെബിലാണ് മത്സരം. ദ്വിജ് ശരൺ റിസർവ് മെമ്പറായി ടീമിലുണ്ടാകും.
ബംഗ്ളാദേശിന് ഇന്നിംഗ്സ് വിജയം
ധാക്ക : സിംബാബ്വെയ്ക്കെതിരായ ഏക ടെസ്റ്റിൽ ബംഗ്ളാദേശ് ഇന്നിംഗ്സിനും 106 റൺസിനും ജയിച്ചു. ആദ്യ ഇന്നിംഗ്സിൽ 265 ന് ആൾ ഔട്ടായ സിംബാബ്വെയ്ക്കെതിരെ ആതിഥേയർ 560/6 എന്ന സ്കോറിന് ഡിക്ളയർ ചെയ്തു. രണ്ടാം ഇന്നിംഗ്സിൽ സിംബാബ്വെ 189 റൺസിന് ആൾ ഔട്ടായി. ബംഗ്ളാദേശിനായി മുഷ്ഫിഖുർ റഹിം (203*) ഇരട്ട സെഞ്ച്വറി നേടി.