അനുദിനം ആയിരക്കണക്കിന് രോഗികളുടെ ആശ്രയമായ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ഇന്ന് വളർച്ചയുടെ പുതിയ പടവുകളേറുകയാണ്. ഹൃദയത്തിലും തലച്ചോറിലുമുണ്ടാകുന്ന തകരാറുകളെ അതിവിദഗ്ദ്ധമായി പരിഹരിക്കുന്നതിന് പേരുകേട്ട ശ്രീചിത്രയിൽ അതിനാവശ്യമായ ഉപകരണങ്ങളും കണ്ടെത്താൻ തുടങ്ങിക്കഴിഞ്ഞു.
ശ്രീചിത്രയിലെ ഇപ്പോൾ നടക്കുന്ന ഗവേഷണങ്ങളുടെ തുടക്കം ?
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് അഞ്ചുവർഷത്തെ ഗവേഷണ പദ്ധതി പ്രകാരം 100കോടിയുടെ ധനസഹായം 2016ൽ ശ്രീചിത്രയ്ക്ക് നൽകി. ഇതോടെയാണ് വൈദ്യശാസ്ത്ര രംഗത്തിന് മുതൽകൂട്ടാകുംവിധമുള്ള കണ്ടുപിടിത്തങ്ങളിലേക്ക് ശ്രീചിത്ര സജീവമായത്. ചികിത്സിക്കുന്നതിനപ്പുറം ഗവേഷണ രംഗത്തും തൽപരരായ ഒരുകൂട്ടം ഡോക്ടർമാർ ശ്രീചിത്രയിലുണ്ട്. അവരുടെ കൂട്ടായ പരിശ്രമവും എൻജിനിയറിംഗ് വിഭാഗത്തിന്റെ പ്രവർത്തനവും ഗവേഷണ മേഖലയെയും സമന്വയിപ്പിച്ചു. ഇത്തരത്തിൽ 2016 പകുതിയോടെ ഗവേഷണങ്ങൾ ആരംഭിച്ചു.
ഏറ്റവും ഒടുവിലെ കണ്ടുപിടിത്തമായ ഒക്ലൂഡറിനെക്കുറിച്ച് ?
ഹൃദയത്തിന്റെ മേൽ അറകളെ തമ്മിൽ വേർതിരിക്കുന്ന ഭിത്തിയിൽ ജന്മനായുണ്ടാകുന്ന സുഷിരം ശസ്ത്രക്രിയ കൂടാതെ അടയ്ക്കാനുള്ള ഉപകരണമാണിത്. ആയിരം ശിശുക്കളിൽ എട്ടുപേർ ജന്മനായുള്ള ഹൃദയരോഗങ്ങളുമായാണ് ജനിക്കുന്നത്. ഹൃദയത്തിലെ സുഷിരമാണ് പ്രധാന പ്രശ്നം. ശസ്ത്രക്രിയ കൂടാതെ ഒക്ലൂഡർ ഉപയോഗിക്കുന്നതാണ് കുഞ്ഞുങ്ങൾക്ക് കൂടുതൽ ഫലപ്രദം. നിലവിൽ യു.എസ്, ചൈനീസ് കമ്പനികളുടെ ഒക്ലൂഡറുകളാണ് ഉപയോഗിക്കുന്നത്. ഇവയ്ക്ക് 60000 മുതലാണ് വില. കുറഞ്ഞ വിലയ്ക്ക് പോരായ്മകളില്ലാത്ത എ.എസ്.ഡി ഒക്ലൂഡറാണ് ശ്രീചിത്രയിൽ വികസിപ്പിച്ചത്.
ഒക്ലൂഡറിന് പിന്നിലെ പ്രയത്നം?
2016പകുതിയോടെ ആരംഭിച്ച ഗവേഷണമാണ്. ഡോ. സുജേഷ് ശ്രീധരന്റെ നേതൃത്വത്തിലാണ് യന്ത്രം രൂപകല്പന ചെയ്തത്. കാർഡിയോളജി വിഭാഗം പ്രൊഫസർമാരായ ഡോ. എസ്. ബിജുലാൽ, ഡോ. കെ എം. കൃഷ്ണമൂർത്തി എന്നിവരും ഒത്തുചേർന്നതോടെയാണ് ഇത് യാഥാർത്ഥ്യമായത്. ഇനി മൃഗങ്ങളിലും മനുഷ്യരിലും പരീക്ഷണം നടത്തിയ ശേഷം 3വർഷത്തിന് ശേഷം ഡ്രഗ്കൺട്രോളറുടെ അനുമതി വാങ്ങി ഒക്ലൂഡർ നിർമ്മാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
കാൻസർ ചികിത്സാ രംഗത്ത് ശ്രീചിത്രയുടെ സംഭാവന ?
മഞ്ഞളിലെ കുർക്കുമിൻ കാൻസർ കോശങ്ങൾക്ക് എതിരെ പ്രവർത്തിക്കുമെന്ന് അറിയാമെങ്കിലും അത് എപ്രകാരമാണെന്ന് കണ്ടെത്തിയിട്ടില്ലായിരുന്നു. ശ്രീചിത്രയിലെ ഡോ.ലിസി കൃഷ്ണന്റെ നേതൃത്വത്തിലാണ് ഇത് സംബന്ധിച്ച പരീക്ഷണം നടന്നത്. കുർക്കുമിൻ വെള്ളത്തിൽ ലയിക്കില്ല. ഗുളിക രൂപത്തിലാക്കിയാൽ രക്തത്തിൽ അലിയാനും സാദ്ധ്യതയില്ല. കുർക്കുമിനെ വെള്ളത്തിൽ ലയിപ്പിക്കാനുള്ള കണ്ടുപിടിത്തമാണ് നടത്തിയത്. കഴിഞ്ഞവർഷം സാങ്കേതികവിദ്യ കമ്പനിക്ക് കൈമാറി.
2016ൽ ആരംഭിച്ച ഗവേഷണ പദ്ധതിയെകുറിച്ചുള്ള വിലയിരുത്തൽ ?
നിലവിൽ 9കണ്ടുപിടിത്തങ്ങൾ പൂർത്തിയാക്കി. ഈവർഷം അവസാനിക്കുന്നതോടെ ആറെണ്ണം കൂടിസജ്ജമാകും. അഞ്ചുവർഷത്തിനുള്ളിൽ പൂർത്തീകരിക്കാവുന്നതിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. ബഹിരാകാശ രംഗത്തിന് സമാനമായ രീതിയിൽ വൈദ്യശാസ്ത്രരംഗത്തുള്ള ഗവേഷണമാണ് ഇപ്പോൾ ശ്രീചിത്രയിൽ നടക്കുന്നത്.