അനുദിനം ആയിരക്കണക്കിന് രോഗികളുടെ ആശ്രയമായ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ഇന്ന് വളർച്ചയുടെ പുതിയ പടവുകളേറുകയാണ്. ഹൃദയത്തിലും തലച്ചോറിലുമുണ്ടാകുന്ന തകരാറുകളെ അതിവിദഗ്ദ്ധമായി പരിഹരിക്കുന്നതിന് പേരുകേട്ട ശ്രീചിത്രയിൽ അതിനാവശ്യമായ ഉപകരണങ്ങളും കണ്ടെത്താൻ തുടങ്ങിക്കഴിഞ്ഞു.
ശ്രീചിത്രയിലെ ഇപ്പോൾ നടക്കുന്ന ഗവേഷണങ്ങളുടെ തുടക്കം ?
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് അഞ്ചുവർഷത്തെ ഗവേഷണ പദ്ധതി പ്രകാരം 100കോടിയുടെ ധനസഹായം 2016ൽ ശ്രീചിത്രയ്ക്ക് നൽകി. ഇതോടെയാണ് വൈദ്യശാസ്ത്ര രംഗത്തിന് മുതൽകൂട്ടാകുംവിധമുള്ള കണ്ടുപിടിത്തങ്ങളിലേക്ക് ശ്രീചിത്ര സജീവമായത്. ചികിത്സിക്കുന്നതിനപ്പുറം ഗവേഷണ രംഗത്തും തൽപരരായ ഒരുകൂട്ടം ഡോക്ടർമാർ ശ്രീചിത്രയിലുണ്ട്. അവരുടെ കൂട്ടായ പരിശ്രമവും എൻജിനിയറിംഗ് വിഭാഗത്തിന്റെ പ്രവർത്തനവും ഗവേഷണ മേഖലയെയും സമന്വയിപ്പിച്ചു. ഇത്തരത്തിൽ 2016 പകുതിയോടെ ഗവേഷണങ്ങൾ ആരംഭിച്ചു.
ഏറ്റവും ഒടുവിലെ കണ്ടുപിടിത്തമായ ഒക്ലൂഡറിനെക്കുറിച്ച് ?
ഹൃദയത്തിന്റെ മേൽ അറകളെ തമ്മിൽ വേർതിരിക്കുന്ന ഭിത്തിയിൽ ജന്മനായുണ്ടാകുന്ന സുഷിരം ശസ്ത്രക്രിയ കൂടാതെ അടയ്ക്കാനുള്ള ഉപകരണമാണിത്. ആയിരം ശിശുക്കളിൽ എട്ടുപേർ ജന്മനായുള്ള ഹൃദയരോഗങ്ങളുമായാണ് ജനിക്കുന്നത്. ഹൃദയത്തിലെ സുഷിരമാണ് പ്രധാന പ്രശ്നം. ശസ്ത്രക്രിയ കൂടാതെ ഒക്ലൂഡർ ഉപയോഗിക്കുന്നതാണ് കുഞ്ഞുങ്ങൾക്ക് കൂടുതൽ ഫലപ്രദം. നിലവിൽ യു.എസ്, ചൈനീസ് കമ്പനികളുടെ ഒക്ലൂഡറുകളാണ് ഉപയോഗിക്കുന്നത്. ഇവയ്ക്ക് 60000 മുതലാണ് വില. കുറഞ്ഞ വിലയ്ക്ക് പോരായ്മകളില്ലാത്ത എ.എസ്.ഡി ഒക്ലൂഡറാണ് ശ്രീചിത്രയിൽ വികസിപ്പിച്ചത്.
ഒക്ലൂഡറിന് പിന്നിലെ പ്രയത്നം?
2016പകുതിയോടെ ആരംഭിച്ച ഗവേഷണമാണ്. ഡോ. സുജേഷ് ശ്രീധരന്റെ നേതൃത്വത്തിലാണ് യന്ത്രം രൂപകല്പന ചെയ്തത്. കാർഡിയോളജി വിഭാഗം പ്രൊഫസർമാരായ ഡോ. എസ്. ബിജുലാൽ, ഡോ. കെ എം. കൃഷ്ണമൂർത്തി എന്നിവരും ഒത്തുചേർന്നതോടെയാണ് ഇത് യാഥാർത്ഥ്യമായത്. ഇനി മൃഗങ്ങളിലും മനുഷ്യരിലും പരീക്ഷണം നടത്തിയ ശേഷം 3വർഷത്തിന് ശേഷം ഡ്രഗ്കൺട്രോളറുടെ അനുമതി വാങ്ങി ഒക്ലൂഡർ നിർമ്മാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
കാൻസർ ചികിത്സാ രംഗത്ത് ശ്രീചിത്രയുടെ സംഭാവന ?
മഞ്ഞളിലെ കുർക്കുമിൻ കാൻസർ കോശങ്ങൾക്ക് എതിരെ പ്രവർത്തിക്കുമെന്ന് അറിയാമെങ്കിലും അത് എപ്രകാരമാണെന്ന് കണ്ടെത്തിയിട്ടില്ലായിരുന്നു. ശ്രീചിത്രയിലെ ഡോ.ലിസി കൃഷ്ണന്റെ നേതൃത്വത്തിലാണ് ഇത് സംബന്ധിച്ച പരീക്ഷണം നടന്നത്. കുർക്കുമിൻ വെള്ളത്തിൽ ലയിക്കില്ല. ഗുളിക രൂപത്തിലാക്കിയാൽ രക്തത്തിൽ അലിയാനും സാദ്ധ്യതയില്ല. കുർക്കുമിനെ വെള്ളത്തിൽ ലയിപ്പിക്കാനുള്ള കണ്ടുപിടിത്തമാണ് നടത്തിയത്. കഴിഞ്ഞവർഷം സാങ്കേതികവിദ്യ കമ്പനിക്ക് കൈമാറി.
2016ൽ ആരംഭിച്ച ഗവേഷണ പദ്ധതിയെകുറിച്ചുള്ള വിലയിരുത്തൽ ?
നിലവിൽ 9കണ്ടുപിടിത്തങ്ങൾ പൂർത്തിയാക്കി. ഈവർഷം അവസാനിക്കുന്നതോടെ ആറെണ്ണം കൂടിസജ്ജമാകും. അഞ്ചുവർഷത്തിനുള്ളിൽ പൂർത്തീകരിക്കാവുന്നതിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. ബഹിരാകാശ രംഗത്തിന് സമാനമായ രീതിയിൽ വൈദ്യശാസ്ത്രരംഗത്തുള്ള ഗവേഷണമാണ് ഇപ്പോൾ ശ്രീചിത്രയിൽ നടക്കുന്നത്.
ശ്രീചിത്രയുടെ സമീപകാല നേട്ടങ്ങൾ ഒറ്റനോട്ടത്തിൽ
1. മോളിക്യൂലാർ യൂണിറ്റ്
ചില ജനിതക പ്രശ്നങ്ങൾ തലമുറകളായി കൈമാറി വരുന്നവയാണ്. എന്നാൽ ചിലത് തുടങ്ങുന്നത് രോഗം ബാധിച്ച ആളിൽ നിന്നാവും. ഇതൊക്കെ മനസിലാക്കാൻ അത്യാധുനിക ജനിതക പരിശോധന ആവശ്യമാണ്. രോഗങ്ങൾക്ക് കാരണമാകുന്ന വിധത്തിൽ ജീനുകളിലുണ്ടാകുന്ന വ്യതിയാനം മനസിലാക്കാൻ ശ്രീചിത്രയിൽ മോളിക്യൂലാർ ജനറ്റിക് യൂണിറ്റ് തുടങ്ങി. ശരീരസ്രവങ്ങളിലെ ബാക്ടീരിയകളെ കണ്ടെത്തുന്നതിനുള്ള പരിശോധനയും ഇവിടെ ചെയ്യും. ആധുനിക ഹൈത്രൂപുട്ട് സ്വീകൻസിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ നിരവധി ജീനുകളുടെ സ്വീകൻസ് വേഗത്തിൽ അറിയാം. ഈ സൗകര്യങ്ങളോടെല്ലാം കൂടിയ മോളിക്യുലാർ യൂണിറ്റ് കേരളത്തിലെ ആദ്യത്തെ ജനിതക പരിശോധനാ കേന്ദ്രമായിരിക്കും.
2. പാർക്കിൻസൺസ് രോഗം ചെറുക്കാനുള്ള ഗവേഷണം
പാർക്കിൻസൺസ് രോഗത്തെക്കുറിച്ച് നടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജിവാസ് (ജിനോം വൈഡ് അസോസിയേഷൻ) പഠനം തുടങ്ങി. ഇതിന് 2.3 ദശലക്ഷം അമേരിക്കൻ ഡോളർ സാമ്പത്തിക സഹായം ലഭിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ആശാ കിഷോർ ടൂബിൻജെൻ സർവകലാശാലയിലെ ഡോ. മനുശർമ്മ എന്നിവർ സമർപ്പിച്ച ഗവേഷണ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് പഠനത്തിന് ഫണ്ട് ലഭിച്ചത്. ഇന്ത്യയിൽ പാർക്കിൻസൺസ് രോഗത്തിന് കാരണമാകുന്ന ജനിതക രോഗസാദ്ധ്യതകൾ കണ്ടെത്തുകയാണ് പഠനലക്ഷ്യം. ഇതിനായി അഞ്ച് ലക്ഷം ജനിതക മാർക്കറ്റുകൾ വിലയിരുത്തും. പതിനായിരത്തോളം പാർക്കിൻസൺസ് രോഗികളെ പഠനവിധേയരാക്കും. തലച്ചോറിലെ പ്രത്യേക ഭാഗത്തെ കോശങ്ങൾ നശിക്കുന്നതിനാലാണ് ഈ രോഗം ഉണ്ടാകുന്നത്. കോശങ്ങളുടെ നാശം തടയുന്നതിനുള്ള മരുന്ന് വികസിപ്പിക്കാൻ കോശങ്ങൾ നശിക്കുന്നതിന്റെ അടിസ്ഥാനം അറിയണം. ഇതെല്ലാം കണ്ടെത്താനാണ് മൂന്ന് വർഷം നീളുന്ന ജിവാസ് പഠനം നടത്തുന്നത്.
3. മഹാധമനിയിലെ വീക്കം ചികിത്സിക്കാൻ സ്റ്റെന്റ്
ഇന്ത്യയിൽ ഒരു ലക്ഷം ആളുകളിൽ 5- 10 പേർക്ക് ഹൃദയത്തിന്റെ മഹാധമനിയിൽ വീക്കം ഉണ്ടാകുന്നു. നെഞ്ചുവേദന, നടുവേദന, കിതപ്പ് തുടങ്ങിയവയാണ് ലക്ഷണങ്ങൾ. പുകവലിയും ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയവയാണ് കാരണങ്ങൾ. ഇതിന് സ്റ്റെന്റ് ഗ്രാഫ്റ്റ് സ്ഥാപിച്ച് നടത്തുന്ന ശസ്ത്രക്രിയയാണ് ചികിത്സ. വിദേശ നിർമ്മിത സ്റ്റെന്റിന് 3.5 ലക്ഷം രൂപ വിലയാകും. ശ്രീചിത്ര വികസിപ്പിച്ച സ്റ്റെന്റ് ഗ്രാഫ്റ്റും ഇത് ധമനിയിൽ സ്ഥാപിക്കുന്നതിനുള്ള സംവിധാനവും വിപണിയിൽ എത്തുന്നതോടെ ചികിത്സാ ചെലവിൽ വലിയ മാറ്റം വരും.
4. ജൈവ തന്മാത്രാ പ്രയാണം
കീമോതെറാപ്പിക്ക് പകരം ജൈവതന്മാത്രകൾ കാൻസർ കോശങ്ങളിലും സമീപ കോശങ്ങളിലും ഫലപ്രദമായി എത്തിക്കുന്നതിന് ശ്രീചിത്ര വികസിപ്പിച്ച നൂതന സാങ്കേതികവിദ്യയ്ക്ക് യു.എസ് പേറ്റന്റ് ലഭിച്ചു. ശ്രീചിത്രയും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിനും സംയുക്തമായാണ് പേറ്റന്റ്. കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ ഇതിന് കാണില്ല. ശ്രീചിത്രയിലെ ബയോമെഡിക്കൽ ടെക്നോളജി വിഭാഗത്തിലെ ഡോ. ലിസി കൃഷ്ണന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്.