ചിറയിൻകീഴ്: ശാർക്കര ദേവീ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ കാളിയൂട്ട് മഹോത്സവത്തിന് ഇന്ന് തുടക്കം . മാർച്ച് 6ന് വൈകിട്ടാണ് പ്രധാന ചടങ്ങായ നിലത്തിൽ പോരും ദാരിക നിഗ്രഹവും . ഇന്ന് രാവിലെ 8നും 8.30നും ഇടയ്ക്ക് ക്ഷേത്ര മേൽശാന്തി വടക്കേമഠത്തിൽ രാജഗോപാലൻ പോറ്റിയുടെ സാന്നിദ്ധ്യത്തിൽ നാലമ്പലത്തിനകത്താണ് കാളിയൂട്ടിന് കുറികുറിക്കുന്നത്. രണ്ട് താളിയോല കുറിമാനങ്ങൾ തയ്യാറാക്കും. ക്ഷേത്ര ഭണ്ഡാരപ്പിളള സ്ഥാനിയായ ശാർക്കര ഐക്കരവിളാകം കുടുംബാംഗം കാരേറ്റ് പേടികുളം സരസ്വതി ഭവനിൽ ജി.ജയകുമാർ താളിയോലയിൽ നീട്ടെഴുതി പൊന്നറ കുടുംബത്തിലെ കാരണവർ കൊച്ചുനാരായണപിളളയുടെ മകൻ ഉണ്ണികൃഷ്ണന് കൈമാറും. അതോടെ ചടങ്ങുകൾ ആരംഭിക്കും. രണ്ടാമത്തെ കുറിമാനം മാരാർക്ക് നൽകും.
കാളിയൂട്ടിന്റെ വേഷം കെട്ടാൻ അവകാശം ആറ്റിങ്ങൽ പൊന്നറ കുടുംബത്തിനാണ്. 21 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ 151 പേരാണ് കർമ്മങ്ങളിൽ പങ്കെടുക്കുന്നത്. പല ചടങ്ങുകൾക്കും മത സൗഹാർദ്ദത്തിന്റെ പ്രതീകമെന്നൊണം ക്രിസ്ത്യൻ, മുസ്ലിം സമുദായംഗങ്ങളും പങ്കെടുക്കുന്നത് കാളിയൂട്ടിന്റെ മാത്രം സവിശേഷതയാണ്.
അത്താഴ ശീവേലിക്ക് ശേഷം ക്ഷേത്രത്തിന് തെക്കു വശത്തെ തുളളൽപ്പുരയിൽ വെള്ളാട്ടംകളി അരങ്ങേറും. ദേവിയെ കൃഷിക്കാർ വെളളമുണ്ട് വീശി ക്ഷീണമകറ്റുന്നതാണ് സങ്കല്പം. പൊന്നറ കുടുംബത്തിലെ എട്ട് പേർ താളത്തിൽ ചുവടുവച്ചാണ് വെള്ളാട്ടം കളിക്കുക. വെളള വസ്ത്രം ധരിച്ച് തലയിൽ തോർത്ത് കെട്ടി കരടികയുടെയും ചേങ്ങിലയുടെയും താളത്തോടെ നടത്തുന്ന നൃത്ത രൂപമാണ് വെള്ളാട്ടം കളി. ഒപ്പം ദേവീസ്തുതികൾ പാടി കഥ പറയും.