masood-asar

2019 ഫെബ്രുവരി 14നാണ് രാജ്യത്തെ നടുക്കിയ പുൽവാമ ആക്രമണം നടന്നത്. 40 ജവാൻമാരുടെ ജീവൻ കവർന്ന പുൽവാമ ആക്രമണത്തിനുള്ള ഇന്ത്യയുടെ മറുപടിയായിരുന്നു ഫെബ്രുവരി 26ന് നടന്ന ബാലാക്കോട്ട് മിന്നലാക്രമണം. ഇന്ത്യയുടെ മിറാഷ് യുദ്ധവിമാനങ്ങൾ അതിർത്തി ഭേദിച്ച് പാക് ഭീകരക്യാമ്പുകളെ തകർത്തെറിഞ്ഞതും ഇന്ത്യയുടെ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ പാകിസ്ഥാന്റെ പിടിയിലായതൊന്നും നമുക്ക് മറക്കാനാകില്ല. ഇന്ത്യ നടത്തിയ ബാലാക്കോട്ട് വ്യോമാക്രമണത്തിന് ഇന്നലെ ഒരു വർഷം തികഞ്ഞു. പഠാൻകോട്ട്, പുൽവാമ തുടങ്ങി ഇന്ത്യയിലുണ്ടായ ഒട്ടുമിക്ക ഭീകരാക്രമണങ്ങളുടെയും മാസ്‌റ്റർ ബ്രെയിനും ആഗോള ഭീകരനുമായ ജെയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ ഇപ്പോൾ എവിടെയാണ് ?

കാണാനില്ലെന്നാണ് പാകിസ്ഥാന്റെ വാദം. എന്നാൽ, ഇത് സത്യമാണോ. അല്ലെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നത്. പാകിസ്ഥാൻ ആർമിയുടെയും പാകിസ്ഥാന്റെ ഇന്റർ സർവീസ് ഇന്റലിജൻസിന്റെയും സഹായത്തോടെ സുരക്ഷിത സ്ഥാനത്ത് സുഖമായി കഴിയുകയാണത്രെ മസൂദ്. മസൂദും കുടുംബവും സുരക്ഷിത താവളത്തിൽ തന്നെയുണ്ടെന്നും ഇവരെ കാണാതായെന്ന പാകിസ്ഥാന്റെ വാദം ശുദ്ധ നുണയാണെന്നുമാണ് റിപ്പോർട്ട്. ബഹാവൽപൂരിലുള്ള വീട്ടിൽ മസൂദ് സുരക്ഷിതനാണ്. മാർക്കസ് ഉസ്‌മാൻ ഓ അലി എന്നറിയപ്പെടുന്ന ജെയ്ഷെ മുഹമ്മദിന്റെ പുതിയ ആസ്ഥാനമാണ് ഇവിടം. ബഹവൽപൂർ - കറാച്ചി റോഡിലുള്ള ഈ ഒളിസങ്കേതത്തിൽ കനത്ത സുരക്ഷയോടെയാണ് മസൂദ് കഴിയുന്നത്. ഏകദേശം ഏഴ് മാസമായി മസൂദ് ഇവിടൊണ്. ബഹവൽപൂരിനെ കൂടാതെ ഖൈബർ പഖ്തുൻഖ്‌വയിലും മസൂദ് ഇടയ്‌ക്കിടയ്ക്ക് താമസം മാറുന്നുമുണ്ട്. പാക് ധനകാര്യമന്ത്രി ഹമ്മദ് അസ്ഹർ പറഞ്ഞത് മസൂദിനെ പാകിസ്ഥാനിൽ നിന്നും കാണാതായി എന്നാണ്. അതേസമയം,​ കാണാതായിരിക്കുന്നതിനാൽ മസൂദിനെതിരെ എഫ്.ഐ.ആർ സമർപ്പിക്കാനാവില്ലെന്നും ഹമ്മദ് അസ്ഹർ പറഞ്ഞിരുന്നു.

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്‌റ്റിന്റെ തലപ്പത്തുള്ള മസൂദിന്റെ ഇപ്പോഴത്തെ ഒളിത്താവളം ബോംബ് പ്രൂഫാണെന്നാണ് വിവരം. ജെയ്ഷെ മുഹമ്മദ് 2016ൽ പഠാൻകോട്ട് എയർബേസിൽ നടത്തിയ ആക്രമണത്തെ തുടർന്ന് നടന്ന അന്വേഷണത്തിൽ ലഭിച്ച ഒരു മൊബൈൽ നമ്പറിന് ബഹവൽപൂരിലെ ഭീകരക്യാമ്പുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്ഥാന് കൈമാറിയ ഫയലിൽ ഇക്കാര്യം പറയുന്നുണ്ട്. മസൂദിന്റേതായി മൂന്ന് താവളങ്ങളാണ് ഇന്ത്യൻ ഇന്റലിജൻസ് ബ്യൂറോ കണ്ടെത്തിയിട്ടുള്ളത്. ബഹവൽപൂരിലെ കൗസർ കോളനി, ഖൈബർ പഖ്തുൻഖ്‌വയിലെ ബിലാൽ ഹബ്ഷി മദ്രസ, ലക്കീ മർവാത്തിലെ മസ്ജിത് ഇ ലഖ്‌മൻ എന്നിവയാണ് അത്.

നട്ടെല്ല് സംബന്ധമായ ഗുരുതര രോഗം മസൂദിനുണ്ടെന്നും മസൂദിന്റെ സഹോദരൻ അബ്‌ദുൾ റൗഫ് അസ്ഗർ അൽവിയാണ് ഇപ്പോൾ ജെയ്ഷെയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതെന്നുമാണ് റിപ്പോർട്ട്. പുൽവാമ, പഠാൻകോട്ട് ആക്രമണങ്ങളിൽ അൽവിയും സൂത്രധാരനാണ്.റാവൽപിണ്ടിയിലെ ഒരു മിലിട്ടറി ഹോസ്‌പിറ്റലിൽ രോഗം മൂർച്ചിച്ച മസൂദിനെ പ്രവേശിപ്പിച്ചെന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ, ഈ സമയമെല്ലാം മസൂദ് ബഹവൽപൂരിൽ തന്നെയുണ്ടായിരുന്നു. കഴിഞ്ഞ നവംബർ മാസവും ജെയ്ഷെ കമാൻഡർമാരെ മസൂദ് അഭിസംബോധന ചെയ്‌തിരുന്നുവെന്നാണ് വിവരം.

ഭീകരരെ സംരക്ഷിക്കുന്ന പാകിസ്ഥാന് ആഗോളതലത്തിൽ അടുത്തിടെ കനത്ത തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നതിന്റെ പേരിൽ പാകിസ്ഥാൻ ' ഗ്രേ ലിസ്‌റ്റിൽ ' തന്നെ തുടരട്ടെയെന്നാണ് പാരസിൽ നടന്ന യു.എൻ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് ( എഫ്.എ.ടി.എഫ് ) സമ്മേളനം തീരുമാനിച്ചത്. ഭീകരതയ്ക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കിൽ കനത്ത പ്രത്യഘ്യാതം നേരിടേണ്ടി വരുമെന്നും എഫ്.എ.ടി.എഫ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും കേട്ടില്ലെങ്കിൽ പാകിസ്ഥാൻ കരിമ്പട്ടികയിലേക്ക് പിന്തള്ളപ്പെടും. അതോടെ പാകിസ്ഥാന് ലോകബാങ്കിൽ നിന്നുൾപ്പെടെയുള്ള രാജ്യാന്തര സാമ്പത്തിക സഹായങ്ങൾ എല്ലാം തന്നെ നിലയ്ക്കും.

അലോപ്പതി മരുന്നുകൾ ഉപേക്ഷിച്ച് യുനാനി ചികിത്സ പരീക്ഷിക്കാനാണത്രേ മസൂദ് അസർ ജെയ്ഷെ കമാൻഡർമാരോട് നിർദ്ദേശിച്ചിരിക്കുന്നത്. പാകിസ്ഥാനിലെ അലോപ്പതി ഡോക്‌ടർമാരുടെ അരികിൽ ചികിത്സ തേടി പോകുന്നത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ ചെവിയിലെത്തുമെന്നതിനാലാണത്രെ ഈ നീക്കം. വൃക്ക സംബന്ധമായ രോഗങ്ങളും മസൂദിനെ അലട്ടുന്നുണ്ട്. അലോപ്പതി മരുന്നുകളുടെ പേരിൽ വിഷമാണ് ഉള്ളിൽ പോകുന്നതെന്നും എന്ത് രോഗത്തിനും പരമ്പരാഗതമായ യുനാനി ചികിത്സാവിധി സ്വീകരിക്കണമെന്നും മസൂദ് അനുയായികൾക്ക് സന്ദേശമയിച്ചതായാണ് ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്ത് വരുന്ന വിവരം. ഇന്ത്യൻ ഏജൻസികളിലേക്ക് വിവരം ചോരും എന്ന് കരുതി വൃക്കരോഗത്തിന് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിട്ടും പാകിസ്ഥാൻ മിലിട്ടറി ഡോ‌ക്ടർമാരിൽ നിന്നുള്ള തുടർ ചികിത്സയ്‌ക്ക് മസൂദ് വിസമ്മതിച്ചതായും ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു.