ചിറയിൻകീഴ്: അസൗകര്യങ്ങളുടെ ദുരിതക്കയത്തിലാണ് പെരുങ്ങുഴി പോസ്റ്റോഫീസ് പ്രവർത്തിക്കുന്നത്. സ്വന്തം കെട്ടിടം വേണമെന്ന ആവശ്യം കാലങ്ങളായി നിലനിൽക്കുമ്പോഴും അധികൃതർക്ക് കേട്ട ഭാവമില്ല. ഇതിന്റെയെല്ലാം ഫലമനുഭവിക്കുന്നത് ഉപഭോക്താക്കളാണ്.
റോഡരികിലെ രണ്ട് മുറി കെട്ടിടത്തിലാണ് ഓഫീസിന്റെ പ്രവർത്തനം. പുറകിലോട്ട് മൂന്ന് മുറികൾ ഉണ്ടെങ്കിലും പ്രധാന പ്രവർത്തനം മുന്നിലെ രണ്ട് മുറികളിലാണ്. അതിലൊന്ന് പോസ്റ്റ്മാസ്റ്ററുടെ റൂമാണ്. മറ്റൊന്ന് കസ്റ്റമറിന് വേണ്ടിയുള്ള കൗണ്ടർ സംവിധാനങ്ങൾക്ക്. രണ്ട് കൗണ്ടറുകൾക്ക് പുറമെ തപാൽ ലെറ്ററുകൾ തരംതിരിക്കുന്നതും ഇവിടെയാണ്. ഉപഭോക്താക്കളുടെ കാര്യമാണ് ഏറെ കഷ്ടം. ഇവിടത്തെ കടത്തിണ്ണയിൽ നിന്നുവേണം ഇടപാടുകൾ നടത്താൻ. പത്തിൽ കൂടുതൽ പേർ എത്തിയാൽ റോഡരികിൽ മാറി നിന്ന് തിരക്ക് ഒഴിയുമ്പോൾ എത്തുകയാണ് പതിവ്. നാലുപേർക്ക് ഇരിക്കാവുന്ന ഒരു ബഞ്ചാണിവിടെയുള്ളത്. സ്ഥലപരിമിതി ജീവനക്കാരെയും ബാധിക്കുന്നതിനാൽ അവരുടെ അവസ്ഥയും വിഭിന്നമല്ല.
പെരുങ്ങുഴി പോസ്റ്റോഫിന്റെ കീഴിൽ അഴൂർ, ശാസ്തവട്ടം എന്നീ രണ്ടു ബ്രാഞ്ചുകളുണ്ട്. ഇവിടെ രണ്ടിടത്തുമായി അഞ്ചോളം ജീവനക്കാരുണ്ട്. പെരുങ്ങുഴി പോസ്റ്റോഫീസിൽ തന്നെ എട്ടോളം ജീവനക്കാരുണ്ട്. മഹിളാ പ്രധാൻ ക്ഷേത്രീയ ബചത് യോജന (എം.പി.കെ.ബി.വൈ) എട്ടോളം ഏജന്റുമാരുണ്ട്. ഇവരെല്ലാം പോസ്റ്റോഫീസിൽ എത്തിയാൽ ഇതിനകത്ത് നിന്ന് തിരിയാൻ ഇടമില്ലാതാകും.
അസൗകര്യങ്ങളും ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടി പെരുങ്ങുഴി പോസ്റ്റോഫീസിന് സ്വന്തം കെട്ടിടം നിർമിക്കണമെന്ന് പരാതിപ്പെടാൻ തുടങ്ങിയിട്ട് കാലമേറെയായി. കെട്ടിട നിർമ്മാണത്തിനായി പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ വസ്തുവമുണ്ട്. നിവേദനങ്ങൾ അധികൃതരുടെ ഫയലുകളിൽ വെളിച്ചം കാണാതെ കിടക്കുകയാണ്.
ദിവസേന നടക്കുന്നത് - 1500ലധികം തപാൽ ഇടപാടുകൾ
പോസ്റ്റാഫീസ് പ്രവർത്തിക്കുന്നത് - സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ വാടകയ്ക്ക്
ആവശ്യം- സ്വന്തം മന്ദിരം
പ്രധാന പ്രശ്നം -
ജീവനക്കാർക്കും ഉപഭോക്താക്കൾക്കും നിന്നുതിരിയാൻ ഇടമില്ല
ഉപഭോക്താക്കൾക്ക് ഇരിക്കാനുള്ള സൗകര്യവുമില്ല
വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാൻ ഇടമില്ല
നാലഞ്ച് പടികൾ കയറി പോസ്റ്റോഫീസിൽ എത്തേണ്ടത് വയോധികരെ ബുദ്ധിമുട്ടിക്കുന്നു
ഇപ്പോൾ പ്രവർത്തിക്കുന്നത്
റോഡരികിലെ രണ്ട് മുറി കെട്ടിടത്തിൽ.
ബ്രാഞ്ചുകളുടെ എണ്ണം - 2 (അഴൂർ, ശാസ്തവട്ടം)
ജീവനക്കാരുടെ എണ്ണം - 21
പോസ്റ്റ് ഓഫീസിന് വേണ്ടി പെരുങ്ങുഴിയിലുള്ള ഭൂമി അന്യാധീനപ്പെട്ടുപോകുന്നതിന് മുൻപ് ഇവിടെ അടിയന്തരമായി പോസ്റ്റ് ഓഫീസ് മന്ദിരം നിർമിക്കുന്നതിനുവേണ്ടിയുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണം.
ആർ. അജിത്ത്, അഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്