ആ യുവതിക്ക് മാളവികയ്ക്ക് ഒപ്പമോ അതിൽ കൂടുതലോ സൗന്ദര്യം ഉണ്ടെന്നു തോന്നി ഷാജി ചെങ്ങറയ്ക്ക്.
അതിസുന്ദരി തന്നെ!
മാളവിക എന്ന പേര് മനസ്സിൽ വന്നപ്പോൾ ഷാജിക്ക് നിരാശ അനുഭവപ്പെട്ടു. ജീവിതത്തിൽ ആദ്യമായി ഒരു പെണ്ണിന്റെ മുന്നിൽ തോൽക്കുകയാണ്.
അത് അയാൾക്ക് ക്ഷീണമായി.
'ചെങ്ങറ ജ്യുവലറി"യിൽ നിന്ന് സ്വർണ്ണമെടുത്ത് ആ യുവതിയും വീട്ടുകാരും പോകുന്നതുവരെ ഷാജി അവളെത്തന്നെ നോക്കിയിരുന്നു.
6 മണി.
സി.ഐ ഇഗ്‌നേഷ്യസ് തന്റെ താമസസ്ഥലത്ത് മടങ്ങിയെത്തി. ചിറ്റൂർ മുക്കിലെ ആ കെട്ടിടത്തിൽ.
പഴയ വീടാണെങ്കിലും അവിടെയൊരു ശാന്തതയുണ്ട്. വീടിനു ചുറ്റും കൊക്കോ ചെടികൾ ഉള്ളതിനാൽ നല്ല തണുപ്പും.
എസ്.പി സാറിന് തന്നോട് നീരസമുണ്ടായിരിക്കുന്നു. അതിന്റെ പ്രതിഫലനം ഏത് രൂപത്തിൽ ആയിരിക്കുമെന്നേ ഇനി അറിയേണ്ടതുള്ളൂ.
മിക്കവാറും ഒരു ട്രാൻസ്‌ഫർ പ്രതീക്ഷിക്കാം.
ഷർട്ട് അഴിച്ച് ഹാംഗറിൽ തൂക്കുമ്പോൾ പെട്ടെന്ന് ഇഗ്‌നേഷ്യസിന്റെ സെൽഫോൺ ഒന്നിരമ്പി.
അയാൾ അതെടുത്ത് നോക്കി.
ഒരു മേസേജാണ്.
താൽപ്പര്യമില്ലാതെ മെസേജിൽ ഒന്നു കണ്ണോടിച്ചു.
ഇഗ്‌നേഷ്യസ് ഉറക്കം വിട്ടുണരുന്നതുപോലെ പെട്ടെന്നു അലർട്ടായി.
''സാർ... ഇന്ന് കോന്നിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇന്നോവ കാർ ശരിക്ക് പരിശോധിച്ചാൽ അതിൽ 'നിധി" ഒളിഞ്ഞിരിപ്പുണ്ടാവും."
അത്രയുമായിരുന്നു മേസേജിൽ.
ഇഗ്‌നേഷ്യസിന്റെ പുരികം ചുളിഞ്ഞു. അയാൾ പൊടുന്നനെ യൂണിഫോം വീണ്ടും ധരിച്ചു.
പിന്നെ തിടുക്കത്തിൽ പുറത്തേക്കു പാഞ്ഞു.
മുറ്റത്തേക്ക് ഇരച്ചുകയറി ബൊലേറോ ബ്രേക്കിട്ടു. ഇഗ്നേഷ്യസ് ചാടിയിറങ്ങി.
അയാളുടെ വരവിൽത്തന്നെ എസ്.ഐയ്ക്കും പോലീസുകാർക്കും പന്തികേടു മണത്തു.
''സാർ..." എസ്.ഐ ബോബികുര്യൻ വേഗം അടുത്തുചെന്നു.
''ങാ. ബോബീ... നമുക്ക് ആ കാർ ശരിക്കൊന്നു പരിശോധിക്കണം."
''സാർ... " ബോബി അമ്പരന്നു. ''പെട്ടെന്നിങ്ങനെ...."
അതിനു മറുപടി നൽകിയില്ല ഇഗ്‌നേഷ്യസ്.
വേഗം തന്റെ മേശയുടെ ഡ്രോയിൽ സൂക്ഷിച്ചിരുന്ന കാറിന്റെ കീയുമെടുത്ത് പുറത്തേക്കു പാഞ്ഞു.
ബോബി കുര്യനും സി.പി.ഒ ഗുണശീലനും പിന്നാലെ ചെന്നു.
ഇഗ്‌നേഷ്യസ് കാറിന്റെ ഡോർ ലോക്ക് ഓപ്പൺ ചെയ്തു.
പിന്നെ പരിശോധനയായി.
ബോണറ്റും ഡിക്കിയും അടക്കം. കാറിന്റെ സീറ്റിലും മുകൾഭാഗത്തെ റസ്കിനും അടക്കം എല്ലായിടത്തും.
പക്ഷേ ഒന്നും കണ്ടെത്താനായില്ല.
ഒരു മെസേജിനു പിന്നാലെ ഇറങ്ങിത്തിരിച്ചത് മഠയത്തരമായി അയാൾക്കു തോന്നി.
പെട്ടെന്ന്...
അയാളുടെ കണ്ണുകൾ കാറിനുള്ളിൽ കോ - ഡ്രൈവർ സീറ്റിന്റെ മുന്നിൽ തറഞ്ഞു. അത് എയർബാഗ് ഇരിക്കുന്ന സ്ഥലമാണ്.
''ബോബീ..."
അയാൾ എസ്.ഐയെ വിളിച്ചുകൊണ്ട് ആ ഭാഗത്തേക്കു കൈചൂണ്ടി.
''അവിടം പൊളിക്ക്."
''സാർ..." എസ്.ഐയിൽ അമ്പരപ്പ്.
''ങാ. പൊളിക്കെടോ.
എസ്.ഐ, സി.പി.ഒയെ നോക്കി.
''ഗുണശീലാ..."
വിളിയുടെ അർത്ഥം മനസ്സിലാക്കിയ ഗുണശീലൻ പെട്ടെന്നൊരു സ്‌ക്രൂഡ്രൈവർ കൊണ്ടുവന്നു. എയർബാഗ് ഇരിക്കുന്ന ഭാഗം പൊളിച്ചു.
സി.ഐ ഇഗ്‌നേഷ്യസ് ചുരുട്ടിവച്ചിരുന്ന എയർബാഗ് വലിച്ചെടുത്തു.
അതിന്റെയൊപ്പം ഭാരമേറിയ എന്തോ വീതിയുള്ള മാല കണക്കെ പെട്ടെന്നു കാറിനുള്ളിൽ വീണു.
ഇഗ്‌നേഷ്യസ് കുനിഞ്ഞ് അതെടുത്തു.
ഒരു ബൽറ്റിൽ തിരുകിവച്ചിരിക്കുന്ന വെടിയുണ്ടകൾ..
സി.ഐ അത് എണ്ണിനോക്കി.
പന്ത്രണ്ട് എണ്ണം.
''സാർ... തിരുവനന്തപുരത്തുനിന്ന് കാണാതായ ഉണ്ടകളാണോ ഇത്?" ഗുണശീലൻ ആകാംക്ഷയോടെ തിരക്കി.
''അല്ല... " വെടിയുണ്ടകൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് ഇഗ്‌നേഷ്യസ് തല കുടഞ്ഞു.
ഒപ്പം അയാൾ അതിൽ ഒന്ന് വലിച്ചൂരിയെടുത്ത് പരിശോധിച്ചു.
വെടിയുണ്ടയുടെ പിൻഭാഗത്ത് ആലേഖനം ചെയ്തിരിക്കുന്ന അക്ഷരങ്ങൾ കണ്ടു.
പി. ഒ. എഫ്!
ഇഗ്‌നേഷ്യസിന്റെ ഉടലിലൂടെ ഒരു വിദ്യുൽ പ്രവാഹം പാഞ്ഞു.
പാകിസ്ഥാന്റെ ഓർഡനൻസ് ഫാക്ടറി !
തന്റെ കയ്യിൽ ഇരിക്കുന്നത് വെടിയുണ്ടകളല്ല മറിച്ച് ബോംബാണെന്ന് ഇഗ്‌നേഷ്യസ് തിരിച്ചറിഞ്ഞു.
പാകിസ്ഥാനിൽ നിർമ്മിച്ച വെടിയുണ്ടകൾ.. അത് കേരളത്തിൽ വരണമെങ്കിൽ...?
താൻ കസ്റ്റഡിയിൽ എടുത്ത് റിമാന്റു ചെയ്തിരിക്കുന്നവർ ചെറിയ പുള്ളികളല്ല.
എന്തുചെയ്യണം?
വെടിയുണ്ടകളുമായി ഇഗ്‌നേഷ്യസ് ഓഫീസിലേക്കു കയറി.
ഇക്കാര്യം പറഞ്ഞാലും എസ്.പി കൃഷ്ണപ്രസാദ് സാറിന്റെ പ്രതികരണം എങ്ങനെയാവുമെന്ന് പറയാൻ പറ്റില്ല. എന്നാൽ അദ്ദേഹത്തെ അറിയിക്കാതിരിക്കാനുമാവില്ല.
മേശപ്പുറത്ത് നിവർത്തിവച്ച ബൽറ്റിൽ ഇരുന്ന് ബുള്ളറ്റുകൾ തന്നെ നോക്കി പരിഹസിക്കുന്നതായി ഇഗ്‌നേഷ്യസിനു തോന്നി.
ഒപ്പം എന്തുവന്നാലും ഈ കേസ് പുറം ലോകം അറിയാതെ ഒതുങ്ങിപ്പോകരുതെന്നും അയാൾ തീരുമാനിച്ചു.
ആരുനോക്കിയാലും ഇത് ഒതുക്കപ്പെടരുത്.
ആ ചിന്തയോടെ സി.ഐ ഇഗ്‌നേഷ്യസ് സെൽഫോൺ എടുത്തു.
(തുടരും)