തിരുവനന്തപുരം: മത്സ്യലഭ്യത വലിയ തോതിൽ കുറഞ്ഞതോടെ സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു. മീൻ കൂടാതെ ഉൗണ് കഴിക്കാൻ പറ്റാത്ത മലയാളിയുടെ ബഡ്‌ജറ്റ് ഇതോടെ താളം തെറ്റി. മീൻ വില പിടിച്ചാൽ കിട്ടാത്ത തരത്തിൽ ഉയർന്നതോടെ മലയാളികൾ കൂട്ടത്തോടെ ചിക്കൻ സ്റ്റാളുകളിലേക്ക് പായുകയാണ്. സാധാരണക്കാരന്റെ മത്സ്യമായ മത്തിയുടെ വിലവരെ കിലേയ്ക്ക് ഇരുന്നൂറായപ്പോൾ ചിക്കന് മാർക്കറ്റ് വില നൂറ് രൂപയ്‌ക്കും താഴെയെന്നതാണ് ആശ്വാസം. ഇന്നലെ ഒരു കിലോ ചിക്കന് മാർക്കറ്റ് വില 87 രൂപയായിരുന്നു. മീൻ വിപണി ഇടിഞ്ഞ ഫെബ്രുവരി ആദ്യ മാസം മുതൽ സാധാരണത്തെക്കാൾ കൂടുതൽ കച്ചവടമുണ്ടെന്ന് പല ചിക്കൻ വിൽപ്പനക്കാരും പറയുന്നുണ്ട്.
വിലവർദ്ധനവിന് പുറമെ നല്ല മത്സ്യം കിട്ടാനില്ലാത്തതും ഒട്ടുമിക്കപേരെയും ചിക്കൻവിപണിയിലേക്ക് ആകർഷിച്ചു.
കഴിഞ്ഞ വർഷം ഇതേ സമയത്ത് ലഭിച്ചതിന്റെ പകുതി മത്സ്യം പോലും ഇപ്പോൾ കിട്ടുന്നില്ലെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് സംസ്ഥാനത്തേക്ക് ഇപ്പോൾ കൂടുതലും മത്സ്യമെത്തുന്നത്. തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യങ്ങളിൽ രാസവസ്തുക്കൾ ചേർക്കുന്നതായും ആരോപണമുണ്ട്. എന്നാൽ, ഇതിനെതിരെ കാര്യക്ഷമമായ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ല. ഓപ്പറേഷൻ സാഗർ റാണി പോലുള്ള വമ്പൻ റെയ്‌ഡുകൾ കടലാസിലായെന്നും ആക്ഷേപമുണ്ട്.
മത്സ്യലഭ്യത കുറഞ്ഞതോടെ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർ, വിൽപ്പനക്കാർ തുടങ്ങി ഈ മേഖലയിൽ ജോലി ചെയ്യുന്നവരെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. ഇന്ധന ചെലവിനുള്ള മത്സ്യം പോലും ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇതുകാരണം വഞ്ചികളും ബോട്ടുകളും കടലിൽ പോകാതെ കരയിൽ നങ്കൂരമിട്ടിരിക്കുന്ന കാഴ്ചയാണ് പലയിടത്തുമുള്ളത്.
മത്തിയ്ക്ക് ഇരുന്നൂറ് അയലയ്ക്ക് 280
മത്തി, അയല, ചെമ്മീൻ തുടങ്ങി ആഴം കുറഞ്ഞ ഭാഗങ്ങളിൽ ജീവിക്കുന്ന മത്സ്യങ്ങളാണ് സംസ്ഥാനത്ത് വലിയ ക്ഷാമം നേരിടുന്നത്. മത്തിയ്ക്ക് കിലോയ്ക്ക് ഇരുന്നൂറ് രൂപയും അയലയ്ക്ക് 280 രൂപയുമാണ്. ഇത് കൂടാതെ ആവോലി, അയക്കൂറ, ചെമ്മീൻ എന്നിവയ്ക്കും വലിയ തോതിൽ വില വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 400 മുതൽ 500 രൂപാ വരെയാണ് വലിയ ചെമ്മീന് വില. ചെറുതിന് 300 രൂപയോളം വിലയുണ്ട്. അയക്കൂറ കിലോയ്ക്ക് 800 രൂപയും ആവോലിയ്ക്ക് 700 രൂപയുമാണ് വില. ഉണക്കമത്സ്യം പോലും ലഭിക്കാനില്ലാത്ത സ്ഥിതിയാണ്. നേരത്തെ 150 രൂപ ആയിരുന്ന ഉണക്കമീനിന്റെ വില ഇരട്ടിയായി മുന്നൂറിൽ എത്തി നിൽക്കുകയാണ്.
ചൂട് ചതിച്ചു
കൊടുംചൂട് മത്സ്യബന്ധന മേഖലയ്ക്ക് കടുത്ത ആഘാതമായിരിക്കുകയാണ്. വരും മാസങ്ങളിൽ ചൂട് കൂടുന്നതോടെ മത്സ്യലഭ്യത ഇനിയും കുറയുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മത്സ്യഫെഡ് അധികൃതരും ഈ അപകടം ചൂണ്ടിക്കാട്ടുന്നുണ്ട്. സംസ്ഥാനത്ത് ഇത്തവണ വേനൽ കടുക്കുമെന്നുള്ള കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ആശങ്കയോടെയാണ് മത്സ്യത്തൊഴിലാളികൾ കാണുന്നത്. ചൂട് കൂടിയതോടെ മത്സ്യങ്ങൾ തീരം വിടുന്നതിനാൽ പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികളാണ് കൂടുതൽ ക്ഷാമം അനുഭവിക്കുന്നത്.
വില്ലൻ ചൂട് മാത്രമല്ല
കടലിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളും മത്സ്യസമ്പത്ത് കുറയാൻ കാരണമാകുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ആധിക്യം ചെറു മത്സ്യങ്ങളുടെ ഭക്ഷണത്തെ ഇല്ലാതാക്കുന്നു. അതോടൊപ്പം ശ്വസനത്തിന് ആവശ്യമായ വായു ലഭിക്കാതെയും വരുന്നു. ഇത് ചെറിയ മത്സ്യങ്ങളുടെ നാശത്തിന് കാരണമാകുന്നുവെന്ന് മത്സ്യഫെഡ് അധികൃതർ പറയുന്നു. അനിയന്ത്രിതമായി മത്സ്യങ്ങളെ വേട്ടയാടിയതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
''
മീനിന്റെ അളവ് കുറയുമ്പോൾ വില കൂടുന്നത് സ്വാഭാവികമാണ്. കാലാവസ്ഥാ വ്യതിയാനം ഉൾപ്പടെയുള്ള കാര്യങ്ങളാണ് മീൻ കുറയുന്നതിന്റെ പ്രധാന കാരണം. സാധാരണ ജൂൺ, ജൂലൈ മാസങ്ങളിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുന്നത്. ഇപ്പോൾ പുതുതായി ഒന്നും ചെയ്യാൻ സർക്കാരിന് കഴിയില്ല. അതിനുള്ള പണം ഖജനാവിലില്ല.
ജെ.മേഴ്സികുട്ടിയമ്മ, ഫിഷറീസ് മന്ത്രി