കാട്ടാക്കട: വിശ്വാസികളെ മറയാക്കി കുടിവെള്ളം മുട്ടിക്കുന്നതിനെതിരെ ജനം അണിനിരക്കണമെന്ന് ഐ.ബി.സതീഷ് എം.എൽ.എ. നെയ്യാർഡാമിനടുത്ത് മരക്കുന്നത്ത് സർക്കാർ ഭൂമിയിൽ വാട്ടർ അതോറിറ്റി നടപ്പാക്കുന്ന കുടിവെള്ള പദ്ധതി തടസ്സപ്പെടുത്തുകയാണ് ചിലർ. ഒരുസംഘം ക്രിമിനലുകൾ പൊങ്കാല നിവേദ്യമർപ്പിക്കാനെന്ന പേരിൽ സ്ഥലത്തെത്തി അക്രമം അഴിച്ചുവിട്ടത് ഈ ലക്ഷ്യത്തിന്റെ ഭാഗമാണെന്ന് സതീശ് അറിയിച്ചു.
പദ്ധതിക്കായി 206.92 കോടി രൂപ അനുവദിച്ച് സാങ്കേതികാനുമതിയും ലഭ്യമാക്കി. ആദ്യഘട്ട പ്രവർത്തനമെന്ന നിലയിൽ ട്രീറ്റ്മെൻ്റ് പ്ലാൻ്റിന് ടെൻഡർ ക്ഷണിക്കുകയും 2019 സെപ്തംബറിൽ കരാർ ഒപ്പിടുകയും ചെയ്തു. 18 മാസം കൊണ്ട് ട്രീറ്റ്മെന്റ് പ്ലാൻ്റ് പൂർത്തിയാക്കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. 5 പഞ്ചായത്തുകൾക്കും തലസ്ഥാന നഗരത്തിനും കുടിവെള്ളം ലഭ്യമാക്കാനുള്ള പദ്ധതിയാണ് നെയ്യാർ ഡാം - പി.ടി.പി കുടിവെള്ള പദ്ധതി. ഈ പദ്ധതി ഇല്ലായ്മചെയ്ത് പതിനായിരങ്ങളുടെ കുടിവെള്ളം മുട്ടിക്കാനാണ് ചിലർ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് വിശ്വാസത്തിന്റെയും വിശ്വാസികളുടെയും മറപറ്റി പ്രസ്തുത സ്ഥലം കയ്യേറാനും നിർമ്മാണം തടസ്സപ്പെടുത്താനുമുള്ള ശ്രമം ശിവരാത്രി ദിനത്തിലുണ്ടായതെന്ന് ഐ.ബി.സതീഷ് അറിയിച്ചു.