pinarayi
pinarayi

തിരുവനന്തപുരം: ഡൽഹിയിൽ ജനജീവിതം സാധാരണ നിലയിലാക്കാനും അക്രമങ്ങൾ തടയാനും കേന്ദ്രസർക്കാർ സത്വര നടപടികളെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡൽഹിയിൽ സാധാരണ ജനങ്ങൾ ഭീതിയിലാണ്. ജീവനും സ്വത്തിനും സുരക്ഷ നഷ്ടപ്പെടുന്നു എന്ന ആശങ്ക അനേകം മലയാളികൾ അറിയിച്ചിട്ടുണ്ട്. രാജ്യ തലസ്ഥാനത്ത് നിലനിൽക്കുന്ന അരക്ഷിതാവസ്ഥയുടെ തീവ്രതയാണ് അത് തെളിയിക്കുന്നത്. മാദ്ധ്യമപ്രവർത്തകർ പോലും ആക്രമിക്കപ്പെടുന്നു. വിദ്വേഷപ്രസംഗം നടത്തി കലാപത്തിന് തീകൊളുത്തിയ ബി.ജെ.പി നേതാവ് ഇപ്പോഴും സ്വതന്ത്രനാണ് എന്നത് ആശങ്ക സൃഷ്ടിക്കുന്ന വസ്തുതയാണ്. വർഗീയധ്രുവീകരണ നീക്കങ്ങൾക്കെതിരെ ജാഗ്രതയോടെ ഇടപെടാനും മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് സാഹോദര്യം ഊട്ടിയുറപ്പിക്കാനും ഡൽഹിയിലെ മലയാളി സമൂഹം മുന്നിട്ടിറങ്ങണം.